ആകെ 182 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ 89 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തിൽ 93 മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക. ആകെ 4,9089,765 വോട്ടർമാരാണുള്ളത്. ഇതിൽ 4,61,494 പേർ കന്നിവോട്ടർമാരാണ്. 51,782 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുക.
കേവല ഭൂരിപക്ഷത്തിന് വേണ്ടത് 92 സീറ്റുകളാണ്. 2017ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 99 സീറ്റുകളും കോൺഗ്രസിന് 77 സീറ്റുകളുമാണ് ലഭിച്ചത്. മറ്റുപാർട്ടികൾക്ക് ആറു സീറ്റുകളും ലഭിച്ചു. തെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് അംഗങ്ങളിൽ ചിലർ പലപ്പോഴായി ബിജെപിയിലേക്ക് ചേക്കേറിയതോടെ നിലവിൽ ബിജെപിക്ക് 111 സീറ്റുകളാണുള്ളത്. കോൺഗ്രസിന് 62 സീറ്റുകളും മറ്റുള്ളവർക്ക് നാലു സീറ്റുകളുമുണ്ട്. അഞ്ച് സീറ്റുകൾ നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്.
advertisement
1998 മുതൽ ബിജെപിയാണ് ഗുജറാത്തിൽ അധികാരത്തിലുള്ളത്. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു സംഭവിച്ച മോർബി തൂക്കുപാല ദുരന്തം സർക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. അഴിമതിയും കെടുകാര്യസ്ഥതയുമാണ് വലിയ അപകടത്തിലേക്ക് നയിച്ചതെന്ന ആരോപണവുമായി പ്രതിപക്ഷവും സജീവമാണ്.
ഗുജറാത്തിലും വേരുറപ്പിക്കാൻ ശ്രമിക്കുന്ന ആംആദ്മി പാർട്ടി സൃഷ്ടിക്കുന്ന വെല്ലുവിളിയും ബിജെപിക്കു മുന്നിലുണ്ട്. ഈ വർഷമാദ്യം പഞ്ചാബിൽ നേടിയ മിന്നുന്ന വിജയത്തിന്റെ ആവർത്തനമാണ് ആംആദ്മി പാർട്ടി ഗുജറാത്തിലും മോഹിക്കുന്നത്.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തകർപ്പൻ പ്രപകടനം പുറത്തെടുത്ത കോൺഗ്രസും ഇത്തവണ പ്രതീക്ഷയിലാണ്. സമീപകാലത്ത് കോൺഗ്രസിന്റെ ഏറ്റവും മികച്ച പ്രകടനമാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായതെങ്കിലും ബിജെപി അധികാരം നിലനിർത്തുകയായിരുന്നു. ആംആദ്മി പാർട്ടിയെയും അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിനെയും ബിജെപിയുടെ ‘ബി ടീമാ’യി വിശേഷിപ്പിച്ചാണ് കോൺഗ്രസിന്റെ പ്രചാരണം.