കേസിൽ എന്താണ് സംഭവിച്ചതെന്ന് വിശദീകരണം ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി, ഡിജിപി, എഡിജിപി എന്നിവർക്കാണ് സമൻസ്. ഒക്ടോബർ 12ന് കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് ഉത്തരവ്. ഇവർക്കൊപ്പം ഹത്രാസ് ജില്ലാ മജിസ്ട്രേറ്റ്, സീനിയര്‍ സൂപ്രണ്ടന്‍റന്‍റ് ഓഫ് പൊലീസ് എന്നിവരോടും നേരിട്ട് ഹാജരാകൻ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ ഉതകുന്ന എല്ലാ രേഖകളും തെളിവുകളും തയ്യാറാക്കി കൊണ്ടു വേണം കോടതിക്ക് മുന്നിലെത്തേണ്ടതെന്നും ജസ്റ്റിസ് രാജൻ റോയ്, ജസ്റ്റിസ് ജസ്പ്രീത് സിംഗ് എന്നിവരടങ്ങിയ ബഞ്ച് പുറപ്പെടുവിച്ച സമൻസിൽ പറയുന്നു.
advertisement
Also Read-Hathras Rape | പെൺകുട്ടിയുടെ മരണത്തിനുത്തരവാദി ദയയില്ലാത്ത സർക്കാർ; നീതി തേടി സോണിയ ഗാന്ധി
പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെ സംസ്കരിച്ച പൊലീസ് നടപടിയിൽ അതൃപ്തി അറിയിച്ച കോടതി, കേസ് അന്വേഷണത്തിലെ നിലവിലെ സ്ഥിതി സംബന്ധിച്ചും വിശദീകരണം തേടിയിട്ടുണ്ട്. ഇതിനൊപ്പം തങ്ങളുടെ ഭാഗം വ്യക്തമാക്കാൻ പെൺകുട്ടിയുടെ മാതാപിതാക്കൾക്കും അവസരം നൽകിയിട്ടുണ്ട്. ഇവരോട് കോടതിയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കാനാണ് ആവശ്യപ്പെട്ടത്. ഇവരെ കോടതി വരെ എത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാൻ ജില്ലാഭരണകൂടത്തിനും നിർദേശം നൽകി.
ഇക്കഴിഞ്ഞ സെപ്റ്റംബർ 14നാണ് അമ്മയ്ക്കൊപ്പം പുല്ലുവെട്ടാനിറങ്ങിയ ദളിത് പെൺകുട്ടിയെ കാണാതായത്. പിന്നീട് ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടാഴ്ചയ്ക്ക് ശേഷം മരിച്ചു. ഉന്നത ജാതിയിൽപെട്ട നാല് യുവാക്കൾ ചേർന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് ആരോപണം. ഏറെ വിവാദം ഉയർത്തിയ സംഭവം യുപി സര്‍ക്കാരിനും പൊലീസിനുമെതിരെ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.