Hathras Rape | പ്രതിഷേധം കനക്കുന്നു; പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് സർക്കാർ
Hathras Rape | പ്രതിഷേധം കനക്കുന്നു; പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് സർക്കാർ
ധനസഹായത്തിന് പുറമെ പെൺകുട്ടിയുടെ കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും സർക്കാർ പദ്ധതിയിലൂടെ വീടും കേസിൽ ഫാസ്റ്റ് ട്രാക്ക് കോടതി വിചാരണയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്
ലക്നൗ: യുപിയിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. യുപിക്ക് പുറമെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മകളും സംഘടിപ്പിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് മാതാവിനൊപ്പം പുല്ലു വെട്ടാനിറങ്ങിയ 19കാരി കൂട്ടബലാത്സംഗത്തിനിരയായത്. ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ ഉയർന്ന ജാതിയിൽപ്പെട്ട നാല് പേർ ചേർന്ന് ക്രൂരമായ പീഡനത്തിനിരയാക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ട് ദിവസം മുമ്പാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ യുപി സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങളാണ് ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്നുയരുന്നത്.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ പിതാവുമായി സംസാരിച്ചിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകിയെന്നാണ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ഇതിന് പുറമെ പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
'മരിച്ച പെൺകുട്ടിയുടെ പിതാവുമായി മുഖ്യമന്ത്രി സംസാരിച്ചിരുന്നു. കുറ്റക്കാർക്ക് കടുത്ത ശിക്ഷ നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കുറ്റവാളികൾ രക്ഷപ്പെടില്ലെന്നും തക്ക ശിക്ഷ തന്നെ നൽകുമെന്നും മുഖ്യമന്ത്രിയും കുടുംബത്തിന് ഉറപ്പു നൽകിയിട്ടുണ്ട്. ഒപ്പം കുടുംബത്തിന് എല്ലാ വിധ സഹായവും നൽകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്'. അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് കുമാർ അവസ്തി അറിയിച്ചു.
ധനസഹായത്തിന് പുറമെ പെൺകുട്ടിയുടെ കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും സർക്കാർ പദ്ധതിയിലൂടെ വീടും കേസിൽ ഫാസ്റ്റ് ട്രാക്ക് കോടതി വിചാരണയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബർ 14നാണ് പെൺകുട്ടി മാതാവിനൊപ്പം പുല്ലു വെട്ടാനിറങ്ങിയത്. എന്നാൽ കാണാതാവുകയായിരുന്നു.
പിന്നീട് അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ശരീരമാസകലം മർദ്ദനമേറ്റ നിലയിലായിരുന്നു. നാക്ക് മുറിഞ്ഞ നിലയിലും. പ്രതികൾ കഴുഞ്ഞ് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മരണവെപ്രാളത്തിൽ പെൺകുട്ടി തന്നെ നാവ് കടിച്ചു മുറിച്ചതാണെന്നാണ് പറയപ്പെടുന്നത്. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി രണ്ടാഴ്ചയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.