ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെ പെൺകുട്ടിക്ക് നീതി തേടിയിരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷ. 'ഒരു പാവപ്പെട്ട കുടുംബത്തിലെ മകളാകുന്നത് കുറ്റകൃത്യം ആണോ എന്നാണ് സോണിയ വീഡിയോയിൽ ചോദിക്കുന്നത്. 'ഹത്രാസിലെ നിർഭയ മരിച്ചതല്ല എന്നാണ് എനിക്ക് പറയാനുള്ളത്. അടിച്ചമർത്തുന്ന ഒരു സർക്കാരും അവരുടെ ഭരണനേതൃത്വവും അവരുടെ സ്ഥിരതയില്ലായ്മയും ചേർന്ന് ആ പെൺകുട്ടിയെ കൊലപ്പെടുത്തിയതാണ്' കടുത്ത ഭാഷയിൽ സോണിയ പറയുന്നു.
advertisement
ജീവിച്ചിരുന്നപ്പോള്‍ ആ പെൺകുട്ടിക്ക് നീതി ലഭിച്ചില്ല. മരണത്തിന് ശേഷവും മൃതദേഹം കുടുംബത്തിന് വിട്ടു നൽകാത്തത് അങ്ങേയറ്റം തെറ്റാണെന്നും സോണിയ വികാരനിർഭരമായി പ്രതികരിച്ചു. കരഞ്ഞു തളർന്ന ആ കുട്ടിയുടെ അമ്മയിൽ നിന്നും മകൾക്ക് അന്തിമ യാത്ര നൽകാനുള്ള അവസരം പോലും തട്ടിയെടുക്കപ്പെട്ടു എന്നാണ് ആരോപിക്കുന്നത്.
Also Read-Hathras Rape| 'മനുഷ്യത്വരഹിതം, ക്രൂരതയ്ക്കും അപ്പുറം'; ഹത്രാസ് കൂട്ടബലാൽസംഗത്തിൽ വിരാട് കോഹ്ലി
'നിർബന്ധപൂർവ്വമാണ് ആ പെൺകുട്ടിയുടെ സംസ്കാര ചടങ്ങുകൾ നടന്നത്. മരണത്തിന് ശേഷവും ഒരു വ്യക്തിക്ക് അന്തസുണ്ട്. ഹൈന്ദവവിശ്വാസങ്ങളിലും ഇതിനെക്കുറിച്ച് പറയുന്നുണ്ട്. എന്നാൽ ഈ കുഞ്ഞിനെ ഒരു അനാഥയെപ്പോലെ പൊലീസുകാർ ദഹിപ്പിക്കുകയാണുണ്ടായത്. ഏത് തരത്തിലുള്ള നീതിയാണിത് ? എന്തുതരം സർക്കാരാണിത് ? നിങ്ങൾ എന്ത് ചെയ്താലും രാജ്യത്തെ ആളുകൾ വെറുതെ നോക്കിയിരിക്കും എന്നാണോ കരുതുന്നത് ? ഒരിക്കലുമില്ല. നിങ്ങളുടെ അനീതിക്കെതിരെ രാജ്യം ശബ്ദം ഉയർത്തും. സോണിയ വ്യക്തമാക്കി.നീതി ആവശ്യപ്പെട്ടു കൊണ്ടുള്ള പെൺകുട്ടിയുടെ കുടുംബത്തിന്‍റെ പോരാട്ടത്തിൽ കോൺഗ്രസ് പാർട്ടിക്കായി താനും അണിചേരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
അമ്മയ്ക്കും സഹോദരനുമൊപ്പം പുല്ലുവെട്ടാൻ പോയ ഹത്രാസ് സ്വദേശിയായ പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടിയാണ് കൂട്ടമാനഭംഗത്തിനിരയായത്. ഉയർന്ന ജാതിക്കാരായ നാലു പേരാണ് പെൺകുട്ടിയെ ക്രൂര മാനഭംഗത്തിന് ഇരയാക്കിയത്. പെൺകുട്ടിയുടെ നാവ് മുറിച്ചെടുത്ത നിലയിലായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകാതെ കുട്ടി മരിച്ചു. സംഭവത്തിൽ വൻ പ്രതിഷേധമാണ് യുപി സർക്കാരിനെതിരെ ഉയരുന്നത്.