Hathras Rape| പീഡനത്തിനിരയായ പെൺകുട്ടി മരിച്ച സംഭവം; ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് അറസ്റ്റിൽ
- Published by:Gowthamy GG
- news18-malayalam
Last Updated:
സർക്കാർ ക്ഷമ പരീക്ഷിക്കരുതെന്നും കുറ്റവാളികളെ തൂക്കിലേറ്റുന്നതുവരെ വിശ്രമമുണ്ടാകില്ലെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു.
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹത്രാസില്‍ കൂട്ടമാനഭംഗത്തിനിരയായ 19കാരി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഡൽഹിയിലെ സഫ്ദർഗഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെവെച്ചാണ് പെൺകുട്ടി മരിച്ചത്. കുറ്റക്കാർക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ചന്ദ്രശേഖർ ആസാദും അണികളും ആശുപത്രിക്ക് മുന്നിലാണ് പ്രതിഷേധിച്ചത്.
ഭീംആർമിക്ക് പുറമെ കോൺഗ്രസും ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ആശുപത്രിക്ക് പുറത്ത് വാക്കേറ്റവുമുണ്ടായി. പ്രതികൾക്ക് വധ ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങണമെന്ന് ചന്ദ്രശേഖർ ആസാദ് ദളിത് വിഭാഗത്തോട് ആവശ്യപ്പെട്ടു. സർക്കാർ ക്ഷമ പരീക്ഷിക്കരുതെന്നും കുറ്റവാളികളെ തൂക്കിലേറ്റുന്നതുവരെ വിശ്രമമുണ്ടാകില്ലെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു.
അമ്മയ്ക്കും സഹോദരനുമൊപ്പം പുല്ലുവെട്ടാൻ പോയ ഹത്രാസ് സ്വദേശിയായ പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടിയാണ് കൂട്ടമാനഭംഗത്തിനിരയായത്. ഉയർന്ന ജാതിക്കാരായ നാലു പേരാണ് പെൺകുട്ടിയെ ക്രൂര മാനഭംഗത്തിന് ഇരയാക്കിയത്. പ്രതികൾ പെൺകുട്ടിയുടെ നാവ് മുറിച്ചെടുത്തിരുന്നു.
advertisement
അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളജിലായിരുന്നു പെൺകുട്ടിയെ ആദ്യം പ്രവേശിപ്പിച്ചിരുന്നത്. പെൺകുട്ടിയുടെ നില ഗുരുതരമായിരുന്നതിനെ തുടർന്ന് സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് ചൊവ്വാഴ്ച മരിച്ചത്.
അതേസമയം സംഭവത്തിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണമെന്നാവശ്യപ്പെട്ട് പ്രമുഖർ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, സട്ടിൻ പൈലറ്റ്, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, ഫർഹാൻ അക്തർ, അഭിഷേക് ബച്ചൻ, കങ്കണ റണൗട്ട് , ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി തുടങ്ങി നിരവധി പേരാണ് കർശന നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുള്ളത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 30, 2020 7:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Hathras Rape| പീഡനത്തിനിരയായ പെൺകുട്ടി മരിച്ച സംഭവം; ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് അറസ്റ്റിൽ