വീട്ടുകാരെ കാണിക്കുകയോ അന്ത്യകർമങ്ങൾ നടത്താൻ അനുവദിക്കുകയോ ചെയ്യാതെയാണ് മൃതദേഹം രഹസ്യമായി സംസ്കരിച്ചത്. യുവതിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് കുടുംബം പലവട്ടം ആവശ്യപ്പെട്ടെങ്കിലും യു.പി. പൊലീസ് അത് അനുവദിച്ചില്ല. കുടുംബാംഗങ്ങളുടെ എതിര്‍പ്പും പ്രതിഷേധവും അവഗണിച്ചാണ് പൊലീസുകാര്‍ മൃതദേഹം ബലമായി സംസ്കരിച്ചത്.
കുടുംബത്തെ അറിയിക്കാതെ അർദ്ധരാത്രിയോടെ പൊലീസ് സംഘം മൃതദേഹം ആശുപത്രിയിൽ നിന്ന് മാറ്റുകയായിരുന്നു. തലസ്ഥാനത്ത് നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഹാത്രാസിലേക്ക് എത്തിച്ചാണ് യുപി പൊലീസ് മൃതദേഹം സംസ്കരിച്ചത്. മൃതദേഹം സംസ്കരിക്കുമ്പോൾ ഇരയുടെ മാതാപിതാക്കളും സഹോദരങ്ങളും ഡൽഹിയിലായിരുന്നു.
advertisement
മൃതദേഹം അവസാനമായി കാണണമെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും പൊലീസ് വിട്ടു കൊടുത്തില്ല. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. മൃതദേഹം കൊണ്ടുപോകുന്നതിനിടെ പൊലീസും നാട്ടുകാരും തമ്മിലും ഏറ്റുമുട്ടലുണ്ടായി. മാധ്യമങ്ങളെയും പൊലീസ് അകറ്റി നിർത്തിയിരുന്നു.
ഇരയുടെ അന്ത്യകർമങ്ങൾ നടത്തിയിട്ടുണ്ടെന്നും കുറ്റകൃത്യം ചെയ്യുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പൊലീസും ഭരണകൂടവും ഉറപ്പാക്കിയിട്ടുണ്ടെന്നും ഹത്രാസ് ജോയിന്റ് മജിസ്ട്രേറ്റ് പ്രേം പ്രകാശ് മീണ പറഞ്ഞു.
രണ്ടാഴ്ച മുമ്പാണ് പെൺകുട്ടി പീഡനത്തിനിരയായത്. ഉയർന്ന ജാതിക്കാരായ നാലുപേർ ചേർന്ന് ബലാത്സംഗം ചെയ്യുകയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ നാവ് കടിച്ച് മുറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ചൊവ്വാഴ്ചയാണ് ഡൽഹിയിലെ ആശുപത്രിയിൽ മരിച്ചത്.