എന്നാൽ ചില മിശ്രവിവാഹങ്ങളാണ് ബിരാൻപൂരിലെ സംഘർഷത്തിന് കാരണമെന്നായിരുന്നു ബിജെപി ഉന്നയിച്ചത്. തുടർന്ന് ബന്ദ് പ്രഖ്യാപിക്കുന്നതിനു മുൻപ് ബിജെപി സംഘർഷത്തെക്കുറിച്ച് അന്വേഷിക്കുകയോ റിപ്പോർട്ട് കൈമാറുകയോ ചെയ്തിട്ടില്ലെന്നും ബാഗേൽ ചൂണ്ടിക്കാട്ടി. ” രണ്ടു കുട്ടികൾ തമ്മിലുണ്ടായ വഴക്കാണ് വലിയ സംഘർഷത്തിലേക്ക് നയിച്ചത്. സംഭവത്തിൽ ഒരാളുടെ ജീവൻ വരെ നഷ്ടമായി. ഇത് വളരെ ദുഃഖകരവും ന്യായീകരിക്കാൻ ആവാത്തതുമാണ്. എന്നാൽ ബിജെപി ഇതിൽ തങ്ങളുടെ രാഷ്ട്രീയനേട്ടം കൊയ്യാനാണ് ശ്രമിക്കുന്നത് എന്നും ഭൂപേഷ് ബാഗേൽ പറഞ്ഞു.
advertisement
കൂടാതെ ബിജെപിയുടെ മുതിർന്ന നേതാക്കളുടെ പെൺമക്കൾ മുസ്ലിങ്ങളെ വിവാഹം കഴിച്ചിട്ടുണ്ട്. ഇത് ലൗ ജിഹാദിന്റെ ഗണത്തിൽ പെടില്ലേ എന്നും അദ്ദേഹം ചോദിച്ചു. “ഛത്തീസ്ഗഡിലെ തന്നെ ബിജെപിയുടെ ഏറ്റവും വലിയ നേതാവിന്റെ മകൾ എവിടെ പോയി. അത് ലൗ ജിഹാദല്ലേ? അവരുടെ പെൺമക്കൾ ചെയ്യുമ്പോൾ അത് പ്രണയമാണ് മറ്റാരെങ്കിലും ചെയ്താൽ അത് ജിഹാദാകും ” എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി തങ്ങളുടെ മരുമക്കളെ മന്ത്രിമാരും എംപിമാരും ആക്കുകയും മറ്റുള്ളവരെ വ്യത്യസ്ത നിയമങ്ങൾക്കനുസരിച്ച് പരിഗണിക്കുകയാണെന്നും ബാഗേല്‍ കൂട്ടിച്ചേർത്തു.
അതേസമയം ഏപ്രിൽ 8 ന് സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള വഴക്കിനെ തുടർന്നാണ് ബെമെതാര ടൗണിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ബിരാൻപൂരിൽ വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഈ സംഘർഷത്തിൽ പ്രദേശവാസിയായ 22കാരൻ ഭുനേശ്വർ സാഹു എന്ന യുവാവ് കൊല്ലപ്പെടുകയും ചെയ്തു. കൂടാതെ ആളുകള്‍ തമ്മിലുണ്ടായ കല്ലേറില്‍ മൂന്ന് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. നിലവിൽ ബെമെതാര ജില്ലയിൽ പ്രാദേശിക ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷം ഗ്രാമത്തിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ ഒരു പിതാവിനെയും മകനെയും മരിച്ച നിലയിലും കണ്ടെത്തിയിരുന്നു.
ബിരാൻപൂർ സ്വദേശികളായ റഹീം മുഹമ്മദ് (55), മകൻ ഇദുൽ മുഹമ്മദ് (35) എന്നിവരെയാണ് തലയ്ക്ക് പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ഗ്രാമത്തിലേക്കുള്ള എല്ലാ റോഡുകളും പോലീസ് ബാരിക്കേടുകൾ ഉപയോഗിച്ച് അടച്ചിരിക്കുകയാണ്. കൂടാതെ സംഭവ സ്ഥലത്ത് ആയിരത്തോളം പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. സംഘർഷത്തിൽ കൊല്ലപ്പെട്ട സാഹു എന്നയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.