'വാക്കുകളല്ല, ശക്തിയാണ് അരിധമൻ' എന്നാണ് ഉദ്ഘാടനത്തിന് ശേഷം രാജ്നാഥ് സിംഗ് എക്സിൽ കുറിച്ചത്. വളരെ ലളിതമായാണ് കമ്മീഷൻ ചടങ്ങ് നടന്നത്. അരിധമൻ ഉടൻ നാവികസേനയിലേക്ക് എത്തുമെന്ന് നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് ത്രിപാഠി കഴിഞ്ഞ ഡിസംബറിൽ സൂചിപ്പിച്ചിരുന്നു. തുടർന്ന് അവസാനഘട്ട ഒരുക്കങ്ങളിലായിരുന്നു അരിധമൻ.
അരിധമന്റെ സവിശേഷത
രാജ്യത്തിന്റെ ഏറ്റവും രഹസ്യ പ്രതിരോധ പദ്ധതികളിലൊന്നാണ് അരിധമൻ. ആണവ പ്രതിരോധത്തിന്റെ നിർണായക ഘടകമായ അരിധമൻ ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ പ്രവർത്തിക്കാൻ ശേഷിയുള്ളവയാണ്. ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ (BARC) വികസിപ്പിച്ച നവീകരിച്ച 83 മെഗാവാട്ട് പ്രഷറൈസ്ഡ് വാട്ടർ റിയാക്ടറാണ് അന്തർവാഹിനിക്ക് കരുത്ത് പകരുന്നത്.
advertisement
INS അരഹന്തിനേക്കാൾ വലുപ്പം
ഏകദേശം 7,000 ടൺ ഭാരമുള്ള അരിധമൻ മുൻ അന്തർവാഹിനികളേക്കാൾ വലിപ്പം കൂടിയതാണ്. ഐഎൻഎസ് അരിഹന്തിനേക്കാൾ ഇരട്ടിയോളം ശേഷിയാണ് ഇതിന്. 3,500 കിലോമീറ്റർ പരിധിയുള്ള എട്ട് K-4 മിസൈലുകളോ, 750 കിലോമീറ്റർ പരിധിയുള്ള 24 K-15 മിസൈലുകളോ വഹിക്കാൻ അരിധമന് സാധിക്കും. ഐഎൻഎസ് അരിധമൻ നാവികസേനയിൽ എത്തുന്നതോടെ ഇന്ത്യയ്ക്ക് തുടർച്ചയായ സമുദ്ര ആണവ പ്രതിരോധം ഉറപ്പാക്കാനാകും.
രാജ്യത്തിനെതിരെയുള്ള ആദ്യ ആക്രമണത്തിൽ തന്നെ ശത്രുക്കളെ പൂർണമായും ഇല്ലാതാക്കുന്ന തരത്തിൽ പ്രത്യാക്രമണം നടത്താൻ അരിധമന് സാധിക്കും. രാജ്യസുരക്ഷയ്ക്ക് വേണ്ടി ശക്തമായ പ്രതിരോധം തീർക്കാനും ഐഎൻഎസ് അരിധമന് ശേഷിയുണ്ട്.
ഐഎൻഎസ് അരിഹന്തും ഐഎൻഎസ് അരിഘട്ടും
ആദ്യ ആണവമിസൈൽ അന്തർവാഹിനിയായ അരിഹന്ത് (INS Arihant) 2016-ലാണ് കമ്മീഷൻ ചെയ്തത്. രണ്ടാമത്തെ അന്തർവാഹിനി ഐഎൻഎസ് അരിഘട്ട് (INS Arighat) 2024 ഓഗസ്റ്റിൽ നാവികസേനയിൽ ചേർന്നു. ഇന്ത്യയുടെ സമുദ്രപ്രതിരോധം ശക്തമാക്കാൻ അന്തർവാഹിനികൾക്ക് സാധിച്ചിട്ടുണ്ട്.
