ഇന്ത്യയുടെ പേര് ഭാരതം അല്ലെങ്കില്‍ ഭാരത് വര്‍ഷം (Bharatvarsh) എന്നാക്കി മാറ്റുന്നതിനെക്കുറിച്ച് 2022 ഡിസംബറില്‍ ഗുജറാത്തിലെ ആനന്ദില്‍ നിന്നുള്ള ബിജെപി എംപി മിതേഷ് പട്ടേല്‍ ലോക്‌സഭയില്‍ ചോദ്യം ഉന്നയിച്ചിരുന്നു. 1949 സെപ്റ്റംബറിലെ ഭരണഘടനാ അസംബ്ലിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നല്‍കിയ ഇന്ത്യ എന്ന പേര് രാജ്യം കടന്നുപോയ അടിമത്ത കാലത്തെ സൂചിപ്പിക്കുന്നുവെന്നും പട്ടേല്‍ പറഞ്ഞിരുന്നു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍, അടിമത്തത്തിൽ നിന്ന് രാജ്യത്തെ ജനങ്ങളെ മോചിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കുന്നതായും, അതിനായുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതായും ബന്ധപ്പെട്ട സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായാണ് ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന പേര് മാറ്റാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്നും അവര്‍ പറഞ്ഞു. ഇതിനായുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജി 20 സമ്മേളനത്തിന് എത്തുന്ന നേതാക്കളെ അത്താഴവിരുന്നിന് ക്ഷണിച്ചുകൊണ്ട് രാഷ്ട്രതിഭവന്‍ അയച്ച കത്തില്‍, ഇന്ത്യന്‍ രാഷ്ട്രപതി എന്നതിനു പകരം ഭാരതത്തിന്റെ രാഷ്ട്രപതി എന്ന് എഴുതിയതില്‍ കോണ്‍ഗ്രസ് കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.
”സെപ്റ്റംബര്‍ ഒന്‍പതിന് ജി 20 സമ്മേളനത്തിന് എത്തുന്ന ലോകനേതാക്കളെ അത്താഴത്തിന് ക്ഷണിച്ചുകൊണ്ടുള്ള കത്തില്‍ ഇന്ത്യയുടെ രാഷ്ട്രപതി എന്നതിന് പകരം ഭാരതത്തിന്റെ രാഷ്ട്രപതി എന്നാണ് ഉപയോഗിച്ചിരിക്കുന്നത്,” കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു. എന്നാല്‍, രാജ്യത്തിന്റെ അഭിമാനവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇത്രയധികം എതിര്‍പ്പ് എന്തുകൊണ്ടാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ചോദിച്ചു.
”ഭാരത് ജോഡോ എന്ന പേരില്‍ രാഷ്ട്രീയ യാത്രകള്‍ സംഘടിപ്പിക്കുന്നവര്‍ എന്തുകൊണ്ടാണ് ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കുന്നതിനെ വെറുക്കുന്നത്. രാജ്യത്തെയോ, രാജ്യത്തിന്റെ ഭരണഘടനയെയോ, ഭരണഘടനാ സ്ഥാപനങ്ങളെയോ കോണ്‍ഗ്രസ് ബഹുമാനിക്കുന്നില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത്. ഒരു പ്രത്യേക കുടുംബത്തെ പുകഴ്ത്തുക എന്നതു മാത്രമാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. കോണ്‍ഗ്രസിന്റെ രാജ്യ വിരുദ്ധ, ഭരണഘടനാ വിരുദ്ധ താത്പര്യങ്ങള്‍ രാജ്യത്തുള്ള എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്”, എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ നദ്ദ പറഞ്ഞു.
സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരുന്നത്.