"വെടിനിർത്തൽ പ്രഖ്യാപനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇത് പശ്ചിമേഷ്യയിൽ നീണ്ടുനിൽക്കുന്ന സമാധാനത്തിലേക്ക് നയിക്കുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു," വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുദ്ധം ആഗോള ഊർജ്ജ വിതരണ ശൃംഖലയെയും വ്യാപാരത്തെയും ദോഷകരമായി ബാധിച്ചുവെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യ കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച ഇസ്ലാമാബാദിൽ വെച്ച് ഇറാനും അമേരിക്കയും തമ്മിലുള്ള നിർണ്ണായക ചർച്ചകൾ ആരംഭിക്കും. പാകിസ്ഥാന്റെ മധ്യസ്ഥതയിലാണ് ചർച്ചകൾ നടക്കുന്നത്. നേരത്തെ, ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ "ഒരു നാഗരികത തന്നെ ഇന്ന് രാത്രി മരിക്കും" എന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഉടമ്പടി പ്രകാരം ആക്രമണങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ ട്രംപ് സമ്മതിക്കുകയായിരുന്നു.
advertisement
ഇറാനുമായുള്ള താത്കാലിക വെടിനിർത്തലിനെ അനുകൂലിക്കുമ്പോഴും ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരായ പോരാട്ടം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഹിസ്ബുള്ളയുമായുള്ള സംഘർഷം ഈ കരാറിന്റെ പരിധിയിൽ വരില്ലെന്നാണ് ഇസ്രായേലിന്റെ നിലപാട്. വെടിനിർത്തൽ വാർത്ത പുറത്തുവന്നതോടെ ആഗോള എണ്ണവിലയിൽ വൻ ഇടിവുണ്ടായി. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 95 ഡോളറിന് താഴെയെത്തി. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
