ഓഫീസിലെ കോൺഫറൻസ് റൂമിൽ വെച്ച് ഉദ്യോഗസ്ഥരെ കാണാമെന്ന് പറഞ്ഞ് ഉച്ചയ്ക്ക് 3:15-ഓടെയാണ് റോയ് സ്വന്തം ക്യാബിനിലേക്ക് പോയത്. എന്നാൽ 20 മിനിറ്റിനുശേഷം അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഓഫീസിലെ സിസിടിവി ദൃശ്യങ്ങളിൽ ഇക്കാര്യങ്ങൾ വ്യക്തമാണെന്നും പരിശോധനയ്ക്കിടെ ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഒന്നും അന്ന് സംഭവിച്ചിട്ടില്ലെന്നും ആദായനികുതി വകുപ്പ് വിശദീകരിക്കുന്നു.
നെഞ്ചിന്റെ ഇടതുഭാഗത്ത് വെടിയേറ്റതിനെത്തുടർന്ന് ശ്വാസകോശവും ഹൃദയവും തകർന്നതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ശരീരത്തിനുള്ളിൽ നിന്ന് 6.35 എംഎം ബുള്ളറ്റ് കണ്ടെടുത്തു. സ്വയം വെടിയുതിർക്കാൻ ഉപയോഗിച്ച തോക്കിൽ സൈലൻസർ ഘടിപ്പിച്ചിരുന്നതായി സൂചനയുണ്ടെങ്കിലും പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.
advertisement
ബെംഗളൂരു വെസ്റ്റ് ജോയിന്റ് കമ്മിഷണർ സി. വംശികൃഷ്ണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. റോയിയുടെ 2019 മുതലുള്ള സാമ്പത്തിക ഇടപാടുകൾ സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയുടെ നിരീക്ഷണത്തിലായിരുന്നു. റോയി ഉൾപ്പെടെ അഞ്ച് പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകളെക്കുറിച്ച് ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര നിർദ്ദേശപ്രകാരമാണ് ആദായനികുതി വകുപ്പ് പരിശോധനകൾ നടത്തിയത്. അദ്ദേഹത്തിന് മറ്റേതെങ്കിലും കേന്ദ്രങ്ങളിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ഡോ. സി.ജെ. റോയിയുടെ സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും. ബെംഗളൂരുവിലെ ബൗറിങ് ആശുപത്രിയിൽ നിന്ന് ഭൗതികദേഹം എട്ട് മണിയോടെ ബെന്നാർഘട്ടയിലുള്ള കോൺഫിഡന്റ് കാസ്കാഡ് റിസോർട്ടിലേക്ക് കൊണ്ടുപോകും. 10 മുതൽ 12 മണി വരെ പൊതുദർശനത്തിന് ശേഷം, ഉച്ചയ്ക്ക് 2:30-ന് കൽക്കെരെ സെന്റ് ജോസഫ്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം റിസോർട്ടിൽ തന്നെ സംസ്കരിക്കും. സ്വന്തം റിസോർട്ടിൽ അന്ത്യവിശ്രമം ഒരുക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണിത്.
