ബില്ലിൽ പുനർവിചിന്തനം നടത്തണമെന്ന് ആവശ്യപ്പെട്ട് കർണാടക അതിർത്തി പ്രദേശ വികസന അതോറിറ്റി (KBADA) കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് നിവേദനം നൽകിയതിന് തൊട്ടുപിന്നാലെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം. സർക്കാർ-സ്വകാര്യ സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ മലയാളം ഒന്നാം ഭാഷയായി ബിൽ നിർബന്ധമാക്കുന്നു. കന്നഡ സംസാരിക്കുന്നവർ ധാരാളമുള്ള അതിർത്തി ജില്ലയായ കാസർഗോഡ് കന്നഡ മീഡിയം സ്കൂളുകളെ ഇത് ബാധിക്കുമെന്നാണ് ആരോപണം.
"കേരളത്തിലെ കന്നഡ മീഡിയം സ്കൂളുകളിൽ മലയാളം ഒന്നാം ഭാഷയായി പഠിക്കുന്നത് നിർബന്ധമാക്കുന്ന കേരള സർക്കാരിന്റെ നിർദിഷ്ട മലയാള ഭാഷാ ബിൽ-2025, ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് പറയുന്നതിൽ എനിക്ക് ഖേദമുണ്ട്. ഈ നിയമം നടപ്പിലാക്കിയാൽ കേരളത്തിലെ അതിർത്തി ജില്ലകളിൽ, പ്രധാനമായും കാസർഗോഡ് താമസിക്കുന്ന കന്നഡികർക്ക് അവരുടെ മാതൃഭാഷ പഠിക്കാനുള്ള അവസരം നഷ്ടപ്പെടും. ഭാഷാ ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങൾ അടിച്ചമർത്താനുള്ള ഇത്തരം നീക്കം കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിച്ചതല്ല,"- സിദ്ധരാമയ്യ എക്സിൽ കുറിച്ചു.
advertisement
കാസർഗോഡ് ഭരണപരമായി കേരളത്തിന്റെ ഭാഗമാണെങ്കിലും വൈകാരികമായി കർണാടകയുടേതാണെന്നും അവിടുത്തെ ജനങ്ങളുടെ ജീവിതം കന്നഡ ഭാഷയുമായും സംസ്കാരവുമായും സാഹിത്യവുമായും ഇഴചേർന്നു കിടക്കുകകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. "അവർ കർണാടകയിലെ കന്നഡികരേക്കാൾ കുറഞ്ഞവരല്ല. അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ സർക്കാരിന്റെ കടമയാണ്," അദ്ദേഹം പറഞ്ഞു.
'ബഹുസ്വര അന്തരീക്ഷത്തെ തകർക്കാനുള്ള ശ്രമം'
കാസർഗോഡ് ജനങ്ങൾ തലമുറകളായി കന്നഡ മീഡിയത്തിൽ പഠിച്ചവരാണെന്നും ദൈനംദിന ജീവിതത്തിൽ കന്നഡ ഉപയോഗിക്കുന്നവരാണെന്നും സിദ്ധരാമയ്യ പറഞ്ഞു. കാസർഗോഡുള്ള കന്നഡ സംസാരിക്കുന്നവരിൽ 70 ശതമാനം വിദ്യാർത്ഥികളും കന്നഡ പഠിക്കാനും കന്നഡ മീഡിയത്തിൽ പഠിക്കാനും ആഗ്രഹിക്കുന്നവരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
"ഒരു ഭാഷയും മറ്റൊരു ഭാഷയ്ക്ക് എതിരല്ല... ഈ ബഹുസ്വര അന്തരീക്ഷത്തെ തകർക്കാനുള്ള ഏതൊരു ശ്രമവും അപകടകരമാണ്," അദ്ദേഹം പറഞ്ഞു.
മലയാള ഭാഷ നിലനിർത്താൻ കേരളത്തിന് സ്വാതന്ത്ര്യമുണ്ടെങ്കിലും, "ഒരു ഭാഷ മറ്റൊന്നിന് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്" എന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള സർക്കാർ ബിൽ നടപ്പിലാക്കാൻ തീരുമാനിച്ചാൽ കന്നഡികർ ഒറ്റക്കെട്ടായി അതിനെ എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും കാസർഗോഡ് ജില്ലയിലെ വലിയൊരു വിഭാഗം കന്നഡ സംസാരിക്കുന്ന ഭാഷാ ന്യൂനപക്ഷങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും ബുധനാഴ്ച കെബിഎഡിഎ വാദിച്ചു. സമാനമായ ഒരു ബിൽ 2017-ൽ രാഷ്ട്രപതി നിരസിച്ചിരുന്നുവെന്നും ഭാഷാ ന്യൂനപക്ഷങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കേരളത്തിന് ആവർത്തിച്ച് നിർദേശം നൽകിയിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.
ബെംഗളൂരു കൊഗിലുവിലെ ഒഴിപ്പിക്കൽ നടപടിയെച്ചൊല്ലി സിദ്ധരാമയ്യയും പിണറായി വിജയനും തമ്മിൽ കഴിഞ്ഞ ആഴ്ച ഏറ്റുമുട്ടിയതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും ഇരു മുഖ്യമന്ത്രിമാരും തമ്മിൽ തർക്കം ഉടലെടുത്തിരിക്കുന്നത്.
