കർണാടക പോലീസ് നടത്തിയ ഓപ്പറേഷനിൽ ശ്രീലങ്കയിലെ വൻ മനുഷ്യക്കടത്ത് സംഘം വലയിലായി. മംഗലാപുരത്ത് സംഘത്തിന്റെ പിടിയിൽ ഉണ്ടായിരുന്ന 38 ശ്രീലങ്കൻ പൗരന്മാരെ പോലീസ് രക്ഷപ്പെടുത്തി. ഇതേ സംഘത്തിന്റെ കസ്റ്റഡിയിലായിരുന്ന 23 ശ്രീലങ്കൻ പൗരന്മാരെ തമിഴ്നാട്ടിൽ നിന്നും തമിഴ്നാട് പോലീസും രക്ഷപ്പെടുത്തി. സംഘത്തിൽ കണ്ണിയായ ഒരു ഇന്ത്യൻ പൗരനെ പോലീസ് പിടികൂടിയിട്ടുണ്ട്. വിദേശത്തേയ്ക്ക് കടത്തുന്നതിനായി ഇന്ത്യയിൽ എത്തിച്ചവരുടെ മേൽനോട്ടം ഇയാൾക്കായിരുന്നു. എന്നാൽ, സംഘത്തിലെ പ്രധാന കണ്ണികളെ പിടികൂടാൻ സാധിച്ചിട്ടില്ല. ശ്രീലങ്കൻ പൗരന്മാരെ ഇന്ത്യയിൽ നിന്നും കാനഡയിലേക്ക് കടത്താനായിരുന്നു പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറയുന്നു.
advertisement
Also Read കാമുകന്റെ വീട്ടിലെ ഒറ്റമുറിയിൽ യുവതി 11 കൊല്ലം; വനിതാ കമ്മീഷൻ കേസെടുത്തു
കർണാടക പോലീസ് ഇന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കാൻ മംഗലാപുരം സിറ്റി പോലീസിനോട് ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി മാംഗ്ലൂരിലെ ഒരു ഹോട്ടലിൽ ശ്രീലങ്കൻ പൗരന്മാരെ താമസിപ്പിച്ചിരിക്കുന്നതായാണ് പോലീസിന് രഹസ്യ വിവരം ലഭിച്ചത്. തുടർന്ന് മാംഗ്ലൂർ സിറ്റി പോലീസ് കമ്മീഷണർ ശശി കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെ പരിശോധന നടത്തി മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിലായിരുന്ന ശ്രീലങ്കൻ പൗരന്മാരെ രക്ഷപ്പെടുത്തുകയായിരുന്നു.
ഇതിനായി ഇവരെ ആദ്യം ശ്രീലങ്കയിൽ നിന്നും മത്സ്യബന്ധന ബോട്ടുകളിൽ തമിഴ്നാട്ടിലെ തൂത്തുക്കുടിയിലേക്ക് എത്തിക്കുകയായിരുന്നു എന്ന് കർണാടക പോലീസ് പറയുന്നു. തുടർന്ന് ഇവിടെ നിന്നും മാംഗ്ലൂരിൽ എത്തിച്ചു. മംഗലാപുരം പോർട്ടിൽ നിന്നും കണ്ടെയ്നർ കപ്പലുകളിൽ കയറ്റി ഇവരെ കാനഡയിലേക്ക് കടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത് എന്ന് പോലീസ് പറയുന്നു.
എന്നാൽ, കൊറോണ രണ്ടാം തരംഗം ആരംഭിച്ചതോടെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലവിൽ വന്നതിനാൽ യാത്ര മുടങ്ങി. തുടർന്ന് ഇവരെ മംഗലാപുരത്തെ ഹോട്ടലുകളിൽ കൂട്ടമായി താമസിപ്പിച്ച് അനുയോജ്യമായ സമയത്തിനായി കാത്തിരിക്കുകയായിരുന്നു മനുഷ്യക്കടത്ത് സംഘം. ഇതിനിടെ മനുഷ്യക്കടത്ത് സംഘത്തെ കുറിച്ചുള്ള വിവരങ്ങൾ തമിഴ്നാട്, കർണാടക ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ചതോടെയാണ് പോലീസ് പരിശോധന നടത്തിയത്.
കാനഡയിലേക്ക് കടത്തുന്നതിനായി മനുഷ്യക്കടത്ത് സംഘം ഓരോരുത്തരിൽ നിന്നായി ആറു ലക്ഷം രൂപ (15 ലക്ഷം ശ്രീലങ്കൻ കറൻസി) അഡ്വാൻസായി വാങ്ങിയിരുന്നതായി രക്ഷപ്പെട്ടവർ പറഞ്ഞു. ഈ തുക ശ്രീലങ്കയിൽ വച്ച് തന്നെ ഇടനിലക്കാർ മുഖേന സംഘം വാങ്ങുകയായിരുന്നു. മനുഷ്യക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികൾ കേന്ദ്രീകരിച്ചിരിക്കുന്നത് ശ്രീലങ്കയിലോ കാനഡയിലോ ആണെന്നാണ് പോലീസ് കരുതുന്നത്.
ശ്രീലങ്ക കേന്ദ്രീകരിച്ചുള്ള വൻ മനുഷ്യക്കടത്ത് സംഘം പിടിയിലായ കാര്യം വിദേശകാര്യ മന്ത്രാലയത്തെ കർണാടക പോലീസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചതിനെ തുടർന്ന് ചെന്നൈയിലെ ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈകമ്മീഷണറും കൊളംബോയിലെ വിദേശകാര്യ മന്ത്രാലയവും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ശ്രീലങ്കയിലെ തമിഴ് വംശജരെ സംബന്ധിച്ചെടുത്തോളം പ്രധാന അഭയ കേന്ദ്രങ്ങളാണ് ഓസ്ട്രേലിയയും കാനഡയും. ശ്രീലങ്കയിൽ മുപ്പതു വർഷമായി നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിനിടെ പത്ത് ലക്ഷത്തോളം ശ്രീലങ്കൻ തമിഴ് വംശജരാണ് ഈ രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്.