• HOME
  • »
  • NEWS
  • »
  • kerala
  • »
  • കാമുകന്റെ വീട്ടിലെ ഒറ്റമുറിയിൽ യുവതി 11 കൊല്ലം; വനിതാ കമ്മീഷൻ കേസെടുത്തു

കാമുകന്റെ വീട്ടിലെ ഒറ്റമുറിയിൽ യുവതി 11 കൊല്ലം; വനിതാ കമ്മീഷൻ കേസെടുത്തു

അയിലൂർ സ്വദേശി റഹ്മാന്റെ വീട്ടിൽ കാമുകിയും അയൽവാസിയുമായ സജിത റഹ്മാനൊപ്പം ഒളിവിൽ കഴിഞ്ഞ സംഭവത്തിൽ നെന്മാറ സിഐയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു

റഹ്മാനും സാജിതയും

റഹ്മാനും സാജിതയും

  • Share this:
പാലക്കാട്: നെന്മാറ അയിലൂരിൽ 11 വർഷത്തോളം കാമുകന്റെ വീട്ടിൽ ഒറ്റമുറിയിൽ യുവതി ഒളിവിൽ കഴിഞ്ഞ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്. അയിലൂർ സ്വദേശി റഹ്മാന്റെ വീട്ടിൽ കാമുകിയും അയൽവാസിയുമായ സജിത റഹ്മാനൊപ്പം ഒളിവിൽ കഴിഞ്ഞ സംഭവം ജൂൺ ഏഴിനാണ് പുറം ലോകം അറിയുന്നത്. ഇങ്ങനെ കഴിഞ്ഞതിൽ എന്തെങ്കിലും തരത്തിൽ ഭീഷണിയോ സമ്മർദ്ദമോ ഉണ്ടായിരുന്നോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ വനിതാ കമ്മീഷൻ പരിശോധിയ്ക്കും.

സംഭവത്തിൽ നെന്മാറ സിഐയോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ ആവശ്യപ്പെട്ടു. യുവതിക്ക് ആവശ്യമായ മെഡിക്കൽ പരിശോധന നടത്തണമെന്നും  കൗൺസലിംഗ് നൽകണമെന്നും കമ്മീഷൻ പൊലീസിന് നിർദ്ദേശം നൽകി.  അടുത്ത ദിവസം യുവതിയെ നേരിൽകണ്ട് മൊഴിയെടുക്കുമെന്നും മൊഴിയുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിയ്ക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. റഹ്മാനോടൊപ്പം സജിത ഒളിവിൽ കഴിഞ്ഞത് ഏകദേശം 11 വർഷക്കാലമാണ്.

Also Read- Explained: യുവതിയുടെ 11 വർഷത്തെ ഒളിജീവിതം; അയിലൂരിലേത് സിനിമയെ വെല്ലും ത്രില്ലർ

2021 ജൂൺ 7 നാണ് അയിലൂർ കാരക്കാട്ട് പറമ്പ്സ്വദേശി റഹ്മാന്റെയും  സജിതയുടെയും ജീവിതം ലോകം അറിയുന്നത്. ആ സംഭവത്തിലേക്ക് നയിച്ച സംഭവങ്ങൾ ഇങ്ങനെ, മൂന്നു മാസം മുൻപ് ഈ വീട്ടിൽ താമസിച്ചിരുന്ന മുഹമ്മദ് കനിയുടെയും  ആത്തിക്കയുടെയും മകൻ റഹ്മാനെ കാണാതാവുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വീട്ടുകാർ മാർച്ച് 10ന് നെന്മാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞ ജൂൺ 7, തിങ്കളാഴ്ച റഹ്മാൻ സ്കൂട്ടറിൽ പോവുന്നത് ജ്യേഷ്ഠൻ ബഷീർ നെന്മാറ ടൗണിൽ വെച്ച് കാണുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.

റഹ്മാനെ തൻ്റെ വാഹനത്തിൽ പിന്തുടർന്ന ബഷീറിനെ കബളിപ്പിച്ച് റഹ്മാൻ കടന്നു കളഞ്ഞതോടെ, ഇക്കാര്യം ബഷീർ പൊലീസിനെ അറിയിക്കുന്നു. പൊലീസ് നെന്മാറ ടൗണിൽ നിന്നു തന്നെ റഹ്മാനെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. താൻ ഭാര്യയോടൊപ്പം നെന്മാറയ്ക്ക് സമീപം വിത്തിനശ്ശേരിയിൽ വാടകയ്ക്ക് താമസിയ്ക്കുകയാണെന്ന് റഹ്മാൻ വ്യക്തമാക്കി. പൊലീസ് വിത്തിനശ്ശേരിയിലെ വാടക വീട്ടിലെത്തി. പത്തു വർഷം മുൻപ് കാണാതായ റഹ്മാൻ്റെ വീടിൻ്റെ തൊട്ടടുത്ത് താമസിച്ചിരുന്ന സജിത ആയിരുന്നു ഭാര്യ.

Also Read- സജിതയെ 10 വർഷം വീട്ടിലെ മുറിയില്‍ താമസിപ്പിച്ചിട്ടില്ലെന്ന് മാതാപിതാക്കൾ

റഹ്മാന്റെ  മുറിയിലായിരുന്നു കഴിഞ്ഞ പത്തു വർഷമായി സജിത താമസിച്ചിരുന്നത്. ആ വീട്ടിലെ ഒരാളും അറിയാതെ റഹ്മാനെ പ്രണയിച്ചിരുന്ന സജിത, പത്തുവർഷം മുൻപ് വീട് വിട്ടിറങ്ങി. റഹ്മാൻ ആരുമറിയാതെ സജിതയെ തൻ്റെ മുറിയിൽ പാർപ്പിച്ചു. ഇവർ ഇവിടെ മൂന്ന് മാസം മുൻപ് വരെ ഒരുമിച്ച് താമസിച്ചു. ഒടുവിൽ വീട്ടിൽ നിന്നും ഇറങ്ങി. ഇരുവരും വിത്തനശ്ശേരിയിലേയ്ക്ക് മാറുകയായിരുന്നു.

റഹ്മാൻ്റ മുറിയുടെ വാതിലിന് പുറമെ ജനലിലൂടെയും പുറത്തേക്ക് കടക്കാനുള്ള വഴി ഉണ്ടാക്കിയിട്ടുണ്ട്. ജോലിയ്ക്ക് പോയിരുന്ന സമയം സജിതയ്ക്ക് കഴിക്കാനുള്ള ഭക്ഷണം ആരും അറിയാതെ ഈ മുറിയിൽ എത്തിച്ച ശേഷമാണ് റഹ്മാൻ പോയിരുന്നത്. മുറിയിൽ ടി വിയുണ്ട്. പകൽ സമയം ഇയർ ഫോൺ ഉപയോഗിച്ച് ടി വി കാണും. റഹ്മാൻ വീട്ടിലെത്തിയാൽ ടി വി യുടെ ശബ്ദം കൂട്ടി വെച്ച് ഇവർ സംസാരിയ്ക്കും.

വാതിലിന് ഇലക്ട്രോണിക് ലോക്ക് ഘടിപ്പിച്ചിരുന്നു. ഇതിൽ തൊട്ടാൽ ഷോക്കടിയ്ക്കുമെന്ന് വീട്ടുകാരെ ഭയപ്പെടുത്തി. സജിത കുളിയ്ക്കുകയും, മറ്റു പ്രാഥമിക കാര്യങ്ങൾ ചെയ്തിരുന്നതും വീട്ടുകാർ ഉറങ്ങിയ ശേഷമാണെന്നും റഹ്മാൻ പറയുന്നു.  റഹ്മാൻ പറഞ്ഞ കാര്യങ്ങളെല്ലാം  പൊലീസ് പരിശോധിച്ചു. എല്ലാം ശരിയാണെന്ന് കേസ് അന്വേഷിച്ച നെന്മാറ സിഐ ദീപകുമാർ പറഞ്ഞു.

ആദ്യം അവിശ്വാസം തോന്നിയെങ്കിലും പിന്നീട് ഇരുവരും പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കേണ്ട അവസ്ഥയാണെന്ന് വാർഡ് മെമ്പർ പുഷ്പാകരൻ വ്യക്തമാക്കി. എന്തായാലും പത്തു വർഷം മുൻപ് കാണാതായ മകളെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് സജിതയുടെ അച്ചൻ വേലായുധനും, അമ്മ ശാന്തയും. മകൾ മരിച്ചുവെന്നാണ് കരുതിയത്. ഇവിടെ തൊട്ടടുത്ത് ഉണ്ടായിരുന്നു എന്നത് വിശ്വസിക്കാനാവുന്നില്ലെന്ന് ഇരുവരും കണ്ണ് നിറഞ്ഞ് പറയുന്നു.

ഇതൊക്കെയാണെങ്കിലും റഹ്മാൻ്റെ  വീട്ടുകാർ.. ഇതെല്ലാം കെട്ടുകഥയാണെന്നാണ് പറയുന്നത്. റഹ്മാൻ നുണ പറഞ്ഞ് കുടുംബത്തെ അപമാനിയ്ക്കുന്നുവെന്ന് പിതാവ് മുഹമ്മദ് കനിയും ഉമ്മ ആത്തിക്കയും പറയുന്നു. വലിയ രോഷത്തിലാണ് ഈ കുടുംബം.
Published by:Rajesh V
First published: