'' എല്ലാവരുടെയും വികസനം, എല്ലാവരുടെയും സഹകരണം എന്നാണ് ബിജെപി സര്‍ക്കാരിന്റെ ആപ്തവാക്യം. എന്നിട്ട് ബൂര്‍ഖ ധരിക്കുന്നവരെയും താടി വളര്‍ത്തുന്നവരെയും അവര്‍ മാറ്റിനിര്‍ത്തുന്നു. ഇതാണോ അവര്‍ ഉദ്ദേശിച്ച വികസനം? ഇനിമുതല്‍ ഹിജാബ് നിരോധനം ഉണ്ടാകില്ല. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. നിങ്ങള്‍ ധൈര്യമായി ഹിജാബ് ധരിച്ചോളൂ. ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് ഹിജാബ് നിരോധനം എടുത്തുമാറ്റും. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാം കഴിക്കാം. അതെല്ലാം തീര്‍ത്തും വ്യക്തിപരമാണ്. ഞാന്‍ ദോത്തിയും കുര്‍ത്തയുമാണ് ധരിക്കുന്നത്. അതുപോലെ നിങ്ങള്‍ പാന്റും ഷര്‍ട്ടും ധരിക്കുന്നു. എന്ത് ധരിക്കണമെന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്,'' എന്നും സിദ്ധരാമയ്യ പറഞ്ഞു.
advertisement
ജാതി, വസ്ത്രം, എന്നിവയുടെ പേരില്‍ സമൂഹത്തില്‍ വേര്‍തിരിവുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2022 ഫെബ്രുവരിയിലാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തിയത്. തുല്യത, അഖണ്ഡത എന്നിവയ്ക്ക് വെല്ലുവിളിയാകുന്ന വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് പ്രഖ്യാപിച്ചാണ് കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ കര്‍ണാടകയില്‍ ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനത്തെത്തുടര്‍ന്ന് നിരവധി പ്രക്ഷോഭങ്ങളാണ് കര്‍ണാടകയില്‍ നടന്നത്. സര്‍ക്കാരിന്റെ ഈ നിരോധനത്തിനെതിരെ നിരവധി വിദ്യാര്‍ത്ഥികള്‍ കര്‍ണാടക ഹൈക്കോടതിയേയും സമീപിച്ചിരുന്നു.
എന്നാല്‍ കോടതി ഹിജാബ് നിരോധനം ശരിവെയ്ക്കുകയായിരുന്നു. 2022 ഒക്ടോബറില്‍ വിഷയം സുപ്രീം കോടതിയിലുമെത്തി. സുപ്രീം കോടതിയിലെ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. എന്നാല്‍ ഭിന്നവിധിയായിരുന്നു ബെഞ്ചിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഡിവിഷന്‍ ബെഞ്ച് ജഡ്ജിമാരിലൊരാളായിരുന്ന ഹേമന്ത് ഗുപത് കര്‍ണാടക ഹൈക്കോടതി വിധി ശരിവെച്ചിരുന്നു. മതേതരത്വ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഈ നടപടിയ്ക്കാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. എന്നാല്‍ ഹിജാബ് ധരിക്കാനുള്ള അവകാശം തീര്‍ത്തും വ്യക്തിപരമാണെന്നും മൗലിക അവകാശമാണെന്നുമാണ് ഡിവിഷന്‍ ബെഞ്ചിലെ മറ്റൊരു ജഡ്ജിയായ സുധാംശു ദുലിയ പറഞ്ഞത്.