'വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണം'; ഉദയനിധി സ്റ്റാലിന്റെ 'തന്തയുടെ വക' പരാമർശത്തിൽ നിർമല സീതാരാമൻ
- Published by:user_57
- news18-malayalam
Last Updated:
വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും മന്ത്രിസ്ഥാനത്ത് ഇരിക്കുന്നവർ ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നും ആയിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം
പ്രളയ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തിന് ഫണ്ട് അനുവദിക്കാത്തതിനെതിരെ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും മന്ത്രിസ്ഥാനത്ത് ഇരിക്കുന്നവർ ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നും ആയിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
"ഞങ്ങൾ ചോദിക്കുന്നത് ആരുടെയും അച്ഛന്റെ സ്വത്തല്ല, തമിഴ്‌നാട്ടിലെ ജനങ്ങൾ അടക്കുന്ന നികുതിയുടെ വിഹിതം മാത്രമാണ് ഞങ്ങൾ ചോദിക്കുന്നത്", എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമര്‍ശം.
"അച്ഛന്റെ സ്വത്തിനെക്കുറിച്ചാണ് സ്റ്റാലിന്‍ ചോദിക്കുന്നത്. പിതാവിന്റെ സ്വത്ത് ഉപയോഗിച്ച് ആണോ അദ്ദേഹം ഈ അധികാര സ്ഥാനത്ത് ഇരിക്കുന്നത് എന്ന് എനിക്ക് തിരിച്ച് ചോദിക്കാന്‍ കഴിയുമോ? ജനങ്ങളാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഞങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കുന്നില്ലേ? രാഷ്ട്രീയത്തില്‍ അച്ഛനെയും അമ്മയെയും കുറിച്ചുള്ള ഇത്തരം സംസാരം അനുവദിക്കാനാകില്ല", നിർമല സീതാരാമൻ വ്യക്തമാക്കി.
advertisement
കൂടുതൽ ഉയരങ്ങളിലേക്ക് വളരാൻ ആഗ്രഹിക്കുന്ന ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ ഉദയനിധി സ്റ്റാലിൻ തന്റെ വാക്കുകൾ നിയന്ത്രിക്കണമെന്നും തന്റെ സ്ഥാനത്തിന് അനുയോജ്യമായ വാക്കുകൾ മാത്രം പറയണം എന്നും ധനമന്ത്രി ഓര്‍മിപ്പിച്ചു.
മഴക്കെടുതി നേരിടാൻ കേന്ദ്രം സംസ്ഥാനത്തിന് ഇതിനകം 900 കോടി രൂപ നൽകിയിട്ടുണ്ടെന്നും ഇത് തന്റെ പിതാവിന്റെ പണമാണെന്നോ അദ്ദേഹത്തിന്റെ പിതാവിന്റെ പണമാണെന്നോ പറയുന്നില്ല എന്നും നിർമല സീതാരാമൻ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആവശ്യപ്പെട്ട ഫണ്ട് കേന്ദ്രം നൽകിയില്ലെന്നും ദുരന്തത്തിന്റെ പിടിയിൽ അകപ്പെട്ട സംസ്ഥാനത്തെ ജനങ്ങളെ നിർമല സീതാരാമൻ അപമാനിച്ചതായും തമിഴ്‌നാട് ധനമന്ത്രി തങ്കം തെന്നരസു ആരോപിച്ചു. ശത്രു രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന മട്ടിലായിരുന്നു വാർത്താ സമ്മേളനത്തിൽ നിർമല സീതാരാമന്റെ സംസാരമെന്നും അദ്ദേഹം പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 23, 2023 4:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണം'; ഉദയനിധി സ്റ്റാലിന്റെ 'തന്തയുടെ വക' പരാമർശത്തിൽ നിർമല സീതാരാമൻ