എന്നാൽ ഈ സസ്പെൻഷൻ കൊണ്ടു മാത്രം കാര്യങ്ങൾ ശരിയാകില്ലെന്നാണ് ഇന്ത്യയിലെ സർക്കാർ വൃത്തങ്ങൾ പറയുന്നത്. "ഇപ്പോഴത്തെ ഈ വിവാദം മാത്രമല്ല പ്രശ്നം, ഇന്ത്യാ വിരുദ്ധ നീക്കങ്ങളോടെയാണ് മുയിസു തന്റെ വിദേശനയത്തിന് തുടക്കം കുറിച്ചതു തന്നെ. ആദ്യം തുർക്കിയിലും പിന്നീട് ചൈനയിലും അദ്ദേഹം സന്ദർശനം നടത്തി. ഇന്ത്യ സന്ദർശിക്കാനുള്ള പദ്ധതികളൊന്നും ഇതുവരെ അറിയിച്ചിട്ടില്ല. അത് കാലങ്ങളായി തുടർന്നു വന്നിരുന്ന ഒരു രീതിയാണ്. ഇന്ത്യയുമായി ശത്രുതാപരമായ ഒരു ബന്ധം പുലർത്താനാണ് അവർ ആഗ്രഹിക്കുന്നത് എന്നും മുസ്ലീം രാജ്യങ്ങളെയും ചൈനയെയും പ്രീതിപ്പെടുത്താൻ അവർ പരമാവധി ശ്രമിക്കുമെന്നും ഇതിൽ നിന്ന് വ്യക്തമാണ്", ചില സർക്കാർ വൃത്തങ്ങൾ ന്യൂസ് 18 നോട് പറഞ്ഞു.
advertisement
മുഹമ്മദ് മുയിസുവിന്റെ മുൻഗാമികളായിരുന്ന മുൻ മാലിദ്വീപ് പ്രസിഡന്റുമാർ ഇന്ത്യ സന്ദർശിച്ചിരുന്നു. അത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഈ ദ്വീപ് രാഷ്ട്രത്തിൽ ചൈനയും തങ്ങളുടെ സ്വാധീനം വിപുലീകരിക്കുകയും അവിടുത്തെ അടിസ്ഥാന സൗകര്യ പദ്ധതികളിൽ നിക്ഷേപം നടത്തുകയും ചെയ്തിട്ടുണ്ട്.
അഞ്ച് ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ചയാണ് മുയിസു ചൈനയിലെത്തിയത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി അദ്ദേഹം ചർച്ച നടത്തുകയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് നിരവധി കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. ചൈന അനുകൂലിയായി കണക്കാക്കപ്പെടുന്ന മുയിസുവിനെ ഭാര്യ സാജിദ മുഹമ്മദും ഉന്നതതല പ്രതിനിധി സംഘവും അനുഗമിച്ചിരുന്നു. ഈ സംഭവവികാസങ്ങളെല്ലാം ഇന്ത്യ ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയും അവ വിശകലനം നടത്തുകയും ചെയ്യുന്നുണ്ടെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ചതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ലക്ഷദ്വീപിൻറെ മനോഹാരിതയും ശാന്തതയും പ്രധാനമന്ത്രി ആസ്വദിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. സ്നോർകെല്ലിംഗ് ചെയ്യുന്നതിൻറെയും ബീച്ചിലിരുന്ന് ദ്വീപിൻറെ സൗന്ദര്യം ആസ്വദിക്കുന്നതിൻറെയും ചിത്രങ്ങളാണ് അദ്ദേഹം എക്സിൽ പങ്കുവെച്ചത്. ''സാഹസികത ഇഷ്ടപ്പെടുന്നവർക്ക് അവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്താവുന്ന സ്ഥലമാണ് ലക്ഷദ്വീപ്. എന്റെ താമസത്തിനിടെ ലക്ഷദ്വീപിൽ വെച്ച് സ്നോർക്കലിങ് ചെയ്യാൻ ഞാൻ ശ്രമിച്ചു. അത് ആഹ്ലാദകരമായ അനുഭവമായിരുന്നു'', എന്നും മോദി എക്സിൽ കുറിച്ചിരുന്നു. എന്നാൽ, അധികം വൈകാതെ ഇത് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധത്തെയും ബാധിച്ചു. ഇതേത്തുടർന്ന് മാലിദ്വീപിലെ മന്ത്രിമാരടക്കം ഇന്ത്യക്കെതിരെ പ്രസ്താവനകൾ നടത്തി. ഇതിനു പിന്നാലെ മാലിദ്വീപ് മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും സസ്പെൻഷനിലായിരുന്നു.
