പിന്തുടർച്ചാവകാശം, ദത്ത്, വിവാഹം, വിവാഹമോചനം, എന്നിവയടക്കമുള്ള വിഷയങ്ങളിൽ എല്ലാ മതവിഭാഗങ്ങൾക്കും ബാധകമാകുന്ന ഒരൊറ്റ നിയമസംഹിതയാണ് ഏകീകൃത സിവിൽ കോഡ്. ഇന്ത്യയിൽ എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമായ ഏകീകൃത ക്രിമിനൽ കോഡ് ഉണ്ട്. എന്നാൽ, സിവിൽ നിയമങ്ങളിൽ അത്തരമൊരു ഏകീകരണം ഇതുവരെയില്ല.
ബിജെപിയുടെ തിരഞ്ഞെടുപ്പു പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക എന്നത്. ഉത്തരാഖണ്ഡ് ഇതിനകം തന്നെ ഇതിനായി ഒരു കോമൺ കോഡ് രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു.
advertisement
Also read-ഒരു രാജ്യത്ത് രണ്ട് നിയമങ്ങൾ എങ്ങനെ നിലനിൽക്കും ? ഏക സിവില്‍ കോഡ് വിഷയവുമായി വീണ്ടും പ്രധാനമന്ത്രി
വ്യക്തിപരമായ വിഷയങ്ങളിൽ എങ്ങനെയാണ് ഇത്തരം വ്യത്യസ്ത നിയമങ്ങളുമായി രാജ്യം മുന്നോട്ടു പോകുക എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ചോദ്യം ഉന്നയിച്ചിരുന്നു. മുസ്ലീം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനും അവരെ പ്രകോപിപ്പിക്കാനും ഈ വിഷയം ഉപയോഗിക്കുന്നതിനെതിരെയും അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
എന്നാൽ തൊഴിലില്ലായ്മ, മണിപ്പൂർ അക്രമം തുടങ്ങിയ യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി മാത്രമാണ് അദ്ദേഹം ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും വിമർശിച്ചു. ഏകീകൃത സിവിൽ കോഡിന്റെ പേരിൽ രാജ്യത്തിന്റെ ബഹുസ്വരത ഇല്ലാതാക്കുമോ എന്നാണ് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി ചോദിച്ചത്.
ഏകീകൃത സിവിൽ കോഡിന് പിന്തുണ അറിയിച്ച ഒരേയൊരു പ്രതിപക്ഷ പാർട്ടി ആം ആദ്മിയാണ്. എന്നാൽ എഎപി ഇതിനെ ഏകകണ്ഠമായി പിന്തുണക്കുന്നുമില്ല. ഏകീകൃത സിവിൽ കോഡിനെ തത്ത്വത്തിൽ പിന്തുണയ്ക്കുന്നുവെന്നും എന്നാൽ എല്ലാ കോണുകളിൽ നിന്നും അഭിപ്രായങ്ങൾ തേടിയതിനു ശേഷം മാത്രമേ നിയമം നടപ്പിലാക്കാൻ ആഗ്രഹിക്കുന്നുള്ളൂ എന്നുമാണ് ആം ആദ്മിയുടെ പ്രതികരണം.
Also read-ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണം; രാജ്യവ്യാപക പ്രചാരണത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ് മുസ്ലീം വിഭാഗം
2018 ഓഗസ്റ്റിൽ അവസാനിച്ച 21-ാമത് ലോ കമ്മീഷൻ ഈ പ്രശ്നം പരിശോധിക്കുകയും വിഷയത്തിൽ പൊതുജനാഭിപ്രായം തേടുകയും ചെയ്തിരുന്നു. തുടർന്ന്, 2018-ൽ ‘കുടുംബ നിയമത്തിലെ പരിഷ്കാരങ്ങൾ’ (Reforms of Family Law) എന്ന പേരിൽ ഒരു കൺസൾട്ടേഷൻ പേപ്പറും പുറത്തിറക്കിയിരുന്നു. 22-ാമത് ലോ കമ്മീഷനാണ് ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ പുനരാരംഭിച്ചതും ബന്ധപ്പെട്ടവരിൽ നിന്ന് വീണ്ടും അഭിപ്രായം തേടുകയും ചെയ്തത്.