ചൊവ്വാഴ്ചത്തെ ചന്ദ്രഗ്രഹണം പൂർണ ചന്ദ്രഗ്രഹണം ആണ്. അതിനാൽ ബ്ലഡ് മൂൺ പ്രതിഭാസം ദൃശ്യമാകും. ഭൂമിയുടെ നിഴലിലേക്ക് മാറുന്ന ചന്ദ്രന്റെ നിറം ചുവപ്പായി മാറുന്നതിനാലാണ് ബ്ലഡ് മൂൺ എന്നറിയപ്പെടുന്നത്. വടക്കേ അമേരിക്ക, മധ്യ അമേരിക്ക, ഏഷ്യ, ഓസ്‌ട്രേലിയ, പസഫിക് ദ്വീപുകൾ, തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇത് ദൃശ്യമാകും.
എന്താണ് ബ്ലഡ് മൂൺ?
സൂര്യൻ ചന്ദ്രന്റെ ഉപരിതലത്തെ പൂർണ്ണമായി പ്രകാശിപ്പിക്കുന്ന പൗർണ്ണമി സമയത്ത് മാത്രമാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. സാധാരണയായി, പൂർണ്ണ ചന്ദ്രൻ ഭൂമിയെയും സൂര്യനെയും അപേക്ഷിച്ച് അല്പം വ്യത്യസ്തമായ ഒരു തലത്തിൽ പരിക്രമണം ചെയ്യുന്നതിനാൽ ഗ്രഹണം ഉണ്ടാകില്ല. എന്നിരുന്നാലും, ചില സമയങ്ങളിൽ ഇവ മൂന്നും നേർരേഖയിൽ വരികയും ചന്ദ്രനും സൂര്യനും ഇടയിലൂടെ ഭൂമി കടന്നുപോവുകയും ചെയ്യുന്നു. ഇത്തരം സന്ദർഭങ്ങളിൽ ചന്ദ്രനിലേക്കെത്തേണ്ട സൂര്യപ്രകാശത്തെ ഭൂമി തടസ്സപ്പെടുത്തുകയും അങ്ങനെ ചന്ദ്രഗ്രഹണത്തിന് കാരണമാവുകയും ചെയ്യുന്നു.
advertisement
പൂർണ ചന്ദ്രഗ്രഹണ സമയത്ത് മാത്രമാണ് "ബ്ലഡ് മൂൺ" സംഭവിക്കുന്നത്. പൂർണ്ണ ഗ്രഹണ സമയത്ത്, ചന്ദ്രൻ പൂർണ്ണമായും ഭൂമിയുടെ നിഴലിലാണ്, എങ്കിലും ഭൂമിയിലെ സൂര്യോദയത്തിൽ നിന്നും സൂര്യാസ്തമയത്തിൽ നിന്നും കുറച്ച് പ്രകാശം ചന്ദ്രന്റെ ഉപരിതലത്തിൽ പതിക്കുന്നു. പ്രകാശ തരംഗങ്ങൾ ചുവപ്പായി കാണപ്പെടുന്നു. ഈ ചുവന്ന പ്രകാശം ചന്ദ്രന്റെ ഉപരിതലത്തിൽ പതിക്കുന്നതിനാലാണ് അത് ചുവപ്പായി കാണപ്പെടുന്നത്.
ഇതിന് ജ്യോതിശാസ്ത്രപരമായ പ്രാധാന്യമൊന്നുമില്ലെങ്കിലും, ചന്ദ്രൻ ചുവപ്പ് നിറത്തിൽ കാണപ്പെടുന്നത് അതിമനോഹരമായ കാഴ്ച ആണ്. അന്തരീക്ഷത്തിൽ എത്രമാത്രം മലിനീകരണം, മേഘപാളികൾ അല്ലെങ്കിൽ അവശിഷ്ടങ്ങൾ ഉണ്ട് എന്നതിനെ ആശ്രയിച്ചായിരിക്കും നിറം. അന്തരീക്ഷത്തിൽ കൂടുതൽ കണികകൾ ഉണ്ടെങ്കിൽ ചന്ദ്രൻ സാധാരണയിലും ഇരുണ്ടതായി കാണപ്പെടും.
ചന്ദ്രഗ്രഹണം എപ്പോൾ ദൃശ്യമാകും?
ഇന്ത്യയിൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ചന്ദ്രഗ്രഹണം ദൃശ്യമാകും. കൊൽക്കത്ത, കൊഹിമ, അഗർത്തല, ഗുവാഹത്തി എന്നിവയുൾപ്പെടെ ഇന്ത്യയുടെ കിഴക്കൻ ഭാഗങ്ങളിൽ ആണ് പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാവുക. മറ്റ് ഭാഗങ്ങളിൽ ഭാഗിക ഗ്രഹണം ആയിരിക്കും കാണാൻ കഴിയുക.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3:46 മുതൽ ഗ്രഹണം ദൃശ്യമായി തുടങ്ങും, വൈകുന്നേരം 4:29 വരെ ഇത് നീണ്ടുനിൽക്കും. ഉച്ചയ്ക്ക് 2:39 മുതൽ ചന്ദ്രൻ ഭാഗികമായി ഭൂമിക്ക് പിന്നിൽ മറയാൻ തുടങ്ങും, വൈകുന്നേരം 5:11 വരെ ഭാഗികമായി മറഞ്ഞിരിക്കും. ഡൽഹിയിൽ വൈകുന്നേരം 5:57 ന് ആളുകൾക്ക് ഭാഗിക ചന്ദ്രഗ്രഹണം കാണാൻ കഴിയും, നാഗ്പൂരിൽ വൈകുന്നേരം 5:32 ന് ചന്ദ്രഗ്രഹണം ദൃശ്യമാകും. കൊൽക്കത്തയിൽ വൈകുന്നേരം 4:54ന് ഗ്രഹണം ദൃശ്യമാകും.
എങ്ങനെ കാണാനാകും?
സൂര്യഗ്രഹണം പോലെ, ചന്ദ്രഗ്രഹണം കാണാൻ പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ല. നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലറുകൾ, ദൂരദർശിനികൾ എന്നിവയിലൂടെയോ ഇത് കാണാൻ കഴിയും. നാസയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഉൾപ്പെടെ ചില യൂട്യൂബ് ചാനലുകൾ ചന്ദ്രഗ്രഹണം തത്സമയം കാണിക്കുന്നുണ്ട്. അരിസോണയിലെ ഫ്ലാഗ്സ്റ്റാഫിലുള്ള ലോവൽ ഒബ്സർവേറ്ററിയും നവംബർ 8 ന് ഉച്ചയ്ക്ക് 2:30 മുതൽ ആരംഭിക്കുന്ന ഗ്രഹണം തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.
