മാഘി പൂര്‍ണിമയോട് അനുബന്ധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാർ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് വിവിധ ഘട്ടുകളിലായി രണ്ട് കോടി ഭക്തര്‍ മാഘി പൂര്‍ണിമ സ്‌നാനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
തിരക്ക് നിയന്ത്രിക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഭക്തര്‍ സ്‌നാനം ചെയ്യുന്ന സ്ഥലങ്ങളില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തരുടെ സുഗമമായ നീക്കം ഉറപ്പാക്കുന്നതിനായി പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി(പിഎസി), പാരാമിലിട്ടറി ഫോഴ്‌സസ്, എടിഎസ്, എസ്ടിഎഫ്, എന്‍എസ്ജി കമാന്‍ഡോകള്‍ എന്നിവരെയും വിന്യസിച്ചിട്ടുണ്ട്.
ഗതാഗത നിയമങ്ങള്‍ പാലിക്കാനും പാര്‍ക്കിംഗിന് അനുവദിച്ച സ്ഥലങ്ങള്‍ മാത്രം ഉപയോഗിക്കാനും കല്‍പവാസികളോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ പൊതു, സ്വകാര്യ വാഹനങ്ങള്‍ക്കായി പ്രത്യേക പാര്‍ക്കിംഗ് സ്ഥലങ്ങള്‍ അനുവദിച്ചിട്ടുമുണ്ട്.
advertisement
വാട്ടര്‍ പോലീസ്, മുങ്ങല്‍ വിദഗ്ധര്‍, പിഎസി, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് എന്നിവരെയും ഭക്തര്‍ കുളിക്കുന്ന സ്ഥലങ്ങില്‍ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. സിസിടിവികളും ഡ്രോണുകളും ഉപയോഗിച്ച് ഘട്ടുകള്‍ മുഴുവന്‍ സമയവും നിരീക്ഷണത്തിലാണ്.
ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിമുതല്‍ ത്രിവേണി സംഗമം നടക്കുന്ന പ്രദേശം മുഴുവന്‍ വാഹന നിരോധിത മേഖലയായി അധികൃതര്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണി മുതല്‍ നഗരത്തില്‍ മുഴുവന്‍ ഈ നിയമം ബാധകമാക്കിയിട്ടുണ്ട്. അടിയന്തര, അവശ്യ സേവനങ്ങള്‍ക്കുമാത്രമാണ് വാഹനം അനുവദിക്കുക.
മഹാകുംഭമേള അവസാനിക്കാന്‍ 14 ദിവസം മാത്രമെ ശേഷിക്കുന്നുള്ളൂവെന്നും ജനുവരി 13 ന് ആരംഭിച്ച കുംഭമേളയില്‍ ഇതുവരെ 45 കോടിയിലധികം പേര്‍ സ്‌നാനം ചെയ്തിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചൊവ്വാഴ്ച അറിയിച്ചു. ഫെബ്രുവരി 26ന് മഹാശിവരാത്രിയോടനുബന്ധിച്ചുള്ള അവസാന അമൃത് സ്‌നാനത്തോടെ മഹാ കുംഭമേള അവസാനിക്കും.
