ഹിന്ദു പെൺകുട്ടികളെ നിർബന്ധിത വിവാഹത്തിലൂടെയും മറ്റും മതപരിവർത്തനം ചെയ്യുന്നത് തടയുകയാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ബിജെപി മന്ത്രി നിതേഷ് റാണെ വ്യക്തമാക്കി. ലവ് ജിഹാദ് വിരുദ്ധ ബില്ലിന്റെ കരട് ഭരണഘടനാപരമായ വ്യവസ്ഥകളും സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങളും മറ്റ് സംസ്ഥാനങ്ങളിലെ സമാന നിയമങ്ങളും കൃത്യമായി പഠിച്ച ശേഷമാണ് തയ്യാറാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിൽ ബിൽ നിയമസഭയിൽ അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പുതിയ നിയമപ്രകാരം നിർബന്ധിത മതപരിവർത്തന കേസുകൾ ജാമ്യമില്ലാ കുറ്റമായി പരിഗണിക്കും. പരാതി ലഭിച്ചാലുടൻ കേസെടുക്കാൻ പോലീസിന് വിപുലമായ അധികാരം നൽകുന്നതിനൊപ്പം ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്കെതിരെ കർശനമായ ക്രിമിനൽ നടപടികൾ സ്വീകരിക്കാനും വ്യവസ്ഥയുണ്ട്. കപട വ്യക്തിത്വം ഉപയോഗിച്ചും ഭീഷണിപ്പെടുത്തിയും മതപരിവർത്തനം നടത്തുന്ന കേസുകളിൽ ശക്തമായ ഇടപെടൽ ആവശ്യമാണെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
advertisement
അതേസമയം നിയമത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്തുകൊണ്ട് പ്രതിപക്ഷമായ ശിവസേന യുബിടി രംഗത്തെത്തി. ലവ് ജിഹാദ് എന്ന പേരിൽ ഒരു പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചാണോ ഈ നിയമം കൊണ്ടുവരുന്നതെന്ന് വ്യക്തമാക്കണമെന്ന് എംഎൽഎ സച്ചിൻ അഹിർ ആവശ്യപ്പെട്ടു. നിലവിൽ ഉത്തർപ്രദേശ്, ഗുജറാത്ത് ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ നിലവിലുള്ള മതപരിവർത്തന നിരോധന നിയമങ്ങളുടെ സാധുത പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനും വിവിധ സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ചു.
