പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായിയായ ദർശൻ ഹിരാനന്ദാനിയിൽ നിന്ന് മഹുവ മൊയ്ത്ര കോഴ വാങ്ങിയെന്നാണ് ആരോപണം. ബിജെപി എംപി നിഷികാന്ത് ദുബെ ഈ ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ ആണ് മഹുവ മൊയ്ത്ര വിവാദത്തിൽ ആയത്.
ആരോപണങ്ങളെത്തുടർന്ന്, ലോക്‌സഭാ എത്തിക്‌സ് പാനൽ മൊയ്ത്രയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യയാക്കാനും ആവശ്യപ്പെട്ടിരുന്നു. റിയൽ എസ്റ്റേറ്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ഹിരാനന്ദാനി ഗ്രൂപ്പിന്റെ സിഇഒ ആയ ദർശൻ ഹിരാനന്ദാനിയുമായി തന്റെ ഔദ്യോഗിക ലോഗിൻ വിശദാംശങ്ങൾ പങ്കിട്ടതായി മൊയ്ത്ര നേരത്തെ സമ്മതിച്ചിരുന്നു. ടിഎംസി എംപിയുടെ ഔദ്യോഗിക ലോഗിൻ ഐഡി തനിക്ക് കൈമാറിയെന്ന് ഹിരാനന്ദാനിയും സമ്മതിച്ചിരുന്നു.
advertisement
മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കാൻ ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. മൊയ്ത്രയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചു എന്ന് കമ്മിറ്റിക്ക് വ്യക്തമായതിനെ തുടർന്നാണ് നടപടി.
അതേസമയം, സമിതി അധ്യക്ഷനും ബിജെപി എംപിയുമായ വിനോദ് കുമാര്‍ സോങ്കര്‍ ഹിയറിങ്ങിനിടെ വൃത്തികെട്ടതും വ്യക്തിപരവുമായ ചോദ്യങ്ങള്‍ ചോദിച്ചതായി മഹുവ മൊയ്ത്രയും ആരോപിച്ചിരുന്നു. ഇതിനെ തുടർന്ന് സമിതിയുടെ മുമ്പാകെ കഴിഞ്ഞ ദിവസം ഹാജരായ മൊയ്ത്ര ഇടയ്ക്ക് വച്ച് ഇറങ്ങി പോവുകയും ചെയ്തു.