പദ്ധതിയിൽ ഉൾപ്പെടുന്ന സിങ്‌പോര-വൈലൂ (Singhpora-Vailoo) തുരങ്കത്തിന്റെ നീളം 10.3 കിലോമീറ്റർ ആണ്. അഞ്ച് വർഷം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന ഈ തുരങ്കത്തിന് പ്രതീക്ഷിക്കുന്ന നിർമ്മാണ ചെലവ് 3,253 കോടി രൂപയാണ് . അതേസമയം ഏകദേശം 8 കിലോമീറ്റർ നീളമുള്ള സുധ്മഹാദേവ്-ഡ്രംഗ ഇരട്ട തുരങ്കത്തിന്റെ നിർമ്മാണത്തിന് 2,598 കോടി രൂപയണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ തുരങ്കം പൂർത്തീകരിക്കാൻ നിശ്ചയിച്ചിരിക്കുന്ന സമയപരിധി 4 വർഷമാണ്. പദ്ധതിയുടെ ഭാഗമായി ആദ്യ തുരങ്കത്തിന് 38 കിലോമീറ്ററും രണ്ടാമത്തെ തുരങ്കത്തിന് അഞ്ച് കിലോമീറ്ററും വീതമുള്ള അപ്രോച്ച് റോഡുകളും നിർമിക്കും.
advertisement
എല്ലാ കാലാവസ്ഥയിലും പ്രധാന റോഡുകളുമായി ശ്രീനഗറിനെയും ജമ്മു കശ്മീരിലെ അതിർത്തി പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നതിനുള്ള ഇതര പാതയായ എൻഎച്ച് 244 ൽ ആണ് ഇരു തുരങ്കങ്ങളും വരുന്നത്. ഇതോടെ ജമ്മു-ശ്രീനഗർ ദേശീയപാതയിലെ ജവഹർ തുരങ്കം വഴിയുള്ള ഗതാഗതം സുഗമമാക്കാൻ കഴിയും. ഒരു ദശാബ്ദത്തിനു മുമ്പ് നിർദ്ദേശിച്ച തുരങ്ക പദ്ധതികളാണ് ഇവ. ചെനാനി മുതൽ ജമ്മു & കാശ്മീരിലെ ഖനാബാൽ വരെ 274 കിലോമീറ്ററോളം ദൈർഘ്യമുള്ള എൻഎച്ച് 244 ജമ്മു& കാശ്മീരിലെ സുപ്രധാന പദ്ധതികളിൽ ഒന്നാണ്.
പ്രധാന പദ്ധതികൾ
എൻഎച്ച് 244-നെ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ പാതയാക്കി മാറ്റാൻ ഈ തുരങ്കങ്ങൾ സഹായിക്കും. സൈനിക ഗതാഗതം സുഗമമാക്കുന്നതിന് മുൻഗണന നൽകി കൊണ്ട് എൻഎച്ച് 244 വികസിപ്പിക്കണമെന്ന് കഴിഞ്ഞ വർഷം ജനുവരി 11ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻ സർക്കാരിന് അയച്ച കത്തിൽ അഭ്യർത്ഥിച്ചിരുന്നു. മൂന്ന് വർഷത്തിനുള്ളിൽ എല്ലാ തുരങ്കങ്ങളും ഉൾപ്പെടെ ഈ ഹൈവെ അതിവേഗത്തിൽ പൂർത്തിയാക്കണമെന്ന് 2020ൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ടെൻഡറുകൾ ക്ഷണിക്കുന്നതിന് വീണ്ടും രണ്ടു വർഷമെടുത്തു. നിലവിൽ പദ്ധതി പൂർത്തിയാക്കാൻ 2027 വരെയാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.
ജമ്മു& കാശ്മീരിലെ മുൻ തുരങ്ക പദ്ധതികൾ
ജമ്മു & കശ്മീരിലെ ചെനാനി-നഷ്രി തുരങ്കം 2017 ഏപ്രിൽ 2 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ജമ്മു കശ്മീരിലെ ഉധംപൂരിനും റംബനുമിടയിലുള്ള ഈ തുരങ്കത്തിന്റെ നീളം 9 കി.മീ ആണ്. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഇരു-ദിശയിലേക്കുമുള്ള ഹൈവെ തുരങ്കമാണ് ഇത്. ഏകദേശം 41 കിലോമീറ്റർ റോഡ് ദൈർഘ്യം ഒഴിവാക്കി കൊണ്ട് ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള യാത്രാ സമയത്തിൽ 2 മണിക്കൂറോളം കുറവ് വരുത്താൻ ഈ തുരങ്കപാത സഹായിക്കുന്നു. മാത്രമല്ല, എല്ലാ കാലാവസ്ഥയിലും ഇതുവഴി ഗതാഗതം സാധ്യമാക്കുകയും ചെയ്യുന്നു. ഏകദേശം 3,720 കോടി രൂപ ചെലവിലാണ് തുരങ്കം നിർമ്മിച്ചിരിക്കുന്നത്.
എൻഎച്ച് 1ലെ ശ്രീനഗർ-ലേ സെക്ഷനിൽ ബാൽട്ടലിനും മിനമാർഗിനും ഇടയിൽ 14.2 കിലോമീറ്റർ നീളമുള്ള സോജില തുരങ്കം നിർമ്മാണത്തിലാണ്. ഇത് ഏഷ്യയിലെ ഏറ്റവും ദൈർഘ്യമേറിയ റോഡ് തുരങ്കമായിരിക്കും. 6,809 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. യാത്രാ സമയത്തിൽ രണ്ട് മണിക്കൂറോളം കുറവ് വരുത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 മെയ് മാസത്തിൽ ഈ പദ്ധതിയ്ക്ക് അടിത്തറ ഇട്ടു.
ശ്രീനഗർ-കാർഗിൽ-ലേ ഹൈവേയിൽ സോജില ചുരത്തിൽ നിന്ന് 20 കിലോമീറ്റർ അകലെ ഇസഡ്-മോറിന് സമീപത്തായും ഒരു തുരങ്കത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നുണ്ട്. ഇതിന്റെ പ്രതീക്ഷിക്കുന്ന ചെലവ് 2,716.90 കോടി രൂപയാണ്. 6.5 കിലോമീറ്റർ നീളമുള്ള ഈ തുരങ്കം ഗഗൻഗീറിനെ സോനാമാർഗുമായി നേരിട്ട് ബന്ധിപ്പിക്കും. ജമ്മു കശ്മീരിലെ സൈനിക നീക്കത്തിന് ഈ തുരങ്ക പദ്ധതികളെല്ലാം സുപ്രധാനമാണ്.
