പാണ്ഡുരംഗിന് ഒരു മകനും രണ്ട് ഇരട്ട പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. ഈ മൂന്ന് കുട്ടികൾ ഉള്ളതിനാൽ തനിക്ക് മത്സരിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ പാണ്ഡുരംഗ്, കെരൂർ ഗ്രാമത്തിലെ സിറ്റിങ് സർപഞ്ചായ ഗണേഷുമായി ചേർന്ന് മകളെ വകവരുത്താൻ ഗൂഢാലോചന നടത്തുകയായിരുന്നു.
ആദ്യം കുട്ടിയെ ദത്ത് നൽകാൻ ഇവർ ആലോചിച്ചെങ്കിലും ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് മാറ്റാൻ കഴിയില്ലെന്നതിനാൽ ആ ശ്രമം ഉപേക്ഷിച്ചു. കുട്ടിയെ എവിടെയെങ്കിലും ഉപേക്ഷിച്ചാൽ അവൾ തിരികെ വരുമെന്ന് ഭയന്നാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. തുടർന്ന്, ഇരട്ടക്കുട്ടികളിൽ മൂത്തവളായ പ്രാചിയെ (6) പാണ്ഡുരംഗ് ബൈക്കിൽ തെലങ്കാനയിലെ നിസാമാബാദിലുള്ള കനാലിന് സമീപം എത്തിച്ചു. അവിടെ വെച്ച് കുട്ടിയെ കനാലിലേക്ക് തള്ളിയിടുകയായിരുന്നു.
advertisement
കനാലിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് നിസാമാബാദ് പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞ് പോലീസ് പാണ്ഡുരംഗിനെ ചോദ്യം ചെയ്തപ്പോൾ, കുട്ടി ആരോഗ്യകേന്ദ്രത്തിൽ ചികിത്സയിലാണെന്ന് പറഞ്ഞ് ഇയാൾ പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പോലീസ് വിശദമായി ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
കുട്ടിയുടെ ഫോട്ടോ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ഇത് കണ്ടാണ് ഗ്രാമവാസികളിൽ ഒരാൾ കുട്ടിയെ തിരിച്ചറിഞ്ഞത്. ഇതാണ് പ്രതികളിലേക്ക് എത്താൻ പോലീസിനെ സഹായിച്ചത്. നിലവിൽ പാണ്ഡുരംഗും ഗൂഢാലോചനയിൽ പങ്കാളിയായ സർപഞ്ചും പോലീസ് കസ്റ്റഡിയിലാണ്.
