നേതാജിയോടുള്ള ഇന്ത്യയുടെ 'കടപ്പാടിന്റെ' പ്രതീകമെന്നോണമാണ് ഇന്ത്യാ ഗേറ്റില്‍ സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമസ്ഥാപിക്കുക. ശില്‍പം തയ്യാറാക്കുന്നതിനായി ദേശീയ മോഡേണ്‍ ആര്‍ട്ട് ഗാലറി (Modern Art Gallery) ഡയറക്ടര്‍ ജനറല്‍ അദ്വൈത ഗദനായകിനെയാണ് (Adwaita Gadanayak) ചുമതലപ്പെടുത്തിയിരിക്കുന്നത്.
ദേശീയ നേതാവിന്റെ പ്രതിമ പണിയാൻ അവസരം ലഭിച്ചതിൽ ഗദനായക് സന്തോഷം പ്രകടിപ്പിച്ചു. ശില്പം സ്ഥാപിച്ചു കഴിഞ്ഞാൽ രാഷ്ട്രപതി ഭവനും പ്രധാനമന്ത്രിയുടെ ഓഫീസും സ്ഥിതി ചെയ്യുന്ന റെയ്സിന ഹില്‍സില്‍ നിന്ന് നോക്കിയാൽ എളുപ്പത്തില്‍ അത് കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ''ഞാന്‍ സന്തോഷവാനാണ്. പ്രധാനമന്ത്രി ഈ ഉത്തരവാദിത്തം ഏൽപ്പിക്കാൻ എന്നെ തിരഞ്ഞെടുത്തതിൽ ഒരു ശില്പി എന്ന നിലയില്‍ എനിക്ക് അഭിമാനമുണ്ട്'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് ശില്പത്തിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. നേതാജിയുടെ പ്രതിമ കൊത്തിയെടുക്കാനുള്ള ബ്ലാക്ക് ജേഡ് ഗ്രാനൈറ്റ് കല്ല് തെലങ്കാനയില്‍ നിന്നായിരിക്കും കൊണ്ടുവരുക. 1968ല്‍ നീക്കം ചെയ്ത, ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവിന്റെ പ്രതിമ ഉണ്ടായിരുന്ന ഇന്ത്യാ ഗേറ്റിന്റെ മേലാപ്പിന് താഴെയാണ് ശില്പം സ്ഥാപിക്കുകയെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ശില്പം പൂര്‍ത്തിയാകുന്നതുവരെ സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ അതേ സ്ഥലത്ത് ഉണ്ടായിരിക്കും. 28 അടി നീളവും ആറടി വീതിയുമുള്ളതായിരിക്കും ഹോളോഗ്രാം പ്രതിമ. 30,000 ല്യൂമെന്‍സ് 4കെ പ്രൊജക്ടർ, സന്ദർശകർക്ക് ദൃശ്യമാകാത്ത, 90% സുതാര്യമായ ഹോളോഗ്രാഫിക് സ്‌ക്രീന്‍ എന്നിവയുടെ സഹായത്തിലാണ് ഹോളോഗ്രാം പ്രതിമ സ്ഥാപിക്കുക. ഹോളോഗ്രാമിന്റെ പ്രഭാവം സൃഷ്ടിക്കുന്നതിനായി നേതാജിയുടെ 3ഡി ചിത്രം അദൃശ്യമായ സ്ക്രീനിലേക്ക് പ്രൊജക്റ്റ് ചെയ്യും.
Also Read - ഗാന്ധിയുടെ ഘാതകൻ നാഥൂറാം ഗോഡ്സെയായി സിനിമയിൽ അഭിനയിച്ചതിന് NCP എംപിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം
ആസാദ് ഹിന്ദ് ഫൗജ് (ഇന്ത്യന്‍ നാഷണല്‍ ആര്‍മി) സ്ഥാപകനായ ബോസിന്റെ ജന്മദിനമായ ജനുവരി 23ന് പ്രധാനമന്ത്രി ഈ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്യും. ഹോളോഗ്രാം പ്രതിമയുടെ അനാച്ഛാദന ചടങ്ങില്‍ വെച്ച് 2019, 2020, 2021, 2022 വര്‍ഷങ്ങളിലെ 'സുഭാഷ് ചന്ദ്രബോസ് ആപ്ദ പ്രബന്ധന്‍ പുരസ്‌കാരങ്ങളും സമ്മാനിക്കും. മൊത്തം ഏഴ് പുരസ്‌കാരങ്ങളാണ് ചടങ്ങില്‍ സമ്മാനിക്കുന്നത്.
ദുരന്തനിവാരണ മേഖലയില്‍ ഇന്ത്യയിലെ വ്യക്തികളും സംഘടനകളും നടത്തിയ വിലമതിക്കാനാകാത്ത സംഭാവനയും നിസ്വാര്‍ത്ഥ സേവനവും പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുക. സ്ഥാപനമാണെങ്കില്‍ 51 ലക്ഷം രൂപയും പ്രശസ്തിപത്രവും വ്യക്തികളാണെങ്കില്‍ 5 ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം. എല്ലാ വര്‍ഷവും ജനുവരി 23ന് പുരസ്‌കാരം പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
