'Why I Killed Gandhi' | ഗാന്ധിയുടെ ഘാതകൻ നാഥൂറാം ഗോഡ്സെയായി സിനിമയിൽ അഭിനയിച്ചതിന് NCP എംപിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം
'Why I Killed Gandhi' | ഗാന്ധിയുടെ ഘാതകൻ നാഥൂറാം ഗോഡ്സെയായി സിനിമയിൽ അഭിനയിച്ചതിന് NCP എംപിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം
ചിത്രത്തില്‍ മഹാത്മാഗാന്ധിയുടെ ഘാതകന്റെ വേഷത്തിൽ കോല്‍ഹെ അഭിനയിക്കുന്നതിനെതിരെ മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ ജിതേന്ദ്ര അഹ്വാദ് ശക്തമായി രംഗത്തെത്തി
'വൈ ഐ കില്‍ഡ് ഗാന്ധി' (Why I Killed Gandhi) എന്ന സിനിമയില്‍ നാഥുറാം വിനായ്ക് ഗോഡ്സെയുടെ (Nathuram Vinayak Godse) വേഷത്തിൽ അഭിനയിച്ചതിന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ (NCP) ലോക്സഭാ എംപിയും നടനുമായ അമോല്‍ കോല്‍ഹെയ്ക്ക് നേരെ രൂക്ഷ വിമർശനം. ചിത്രത്തില്‍ മഹാത്മാഗാന്ധിയുടെ ഘാതകന്റെ വേഷത്തിൽ കോല്‍ഹെ അഭിനയിക്കുന്നതിനെതിരെ മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ ജിതേന്ദ്ര അഹ്വാദ് ശക്തമായി രംഗത്തെത്തി. ജനുവരി 30ന് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനങ്ങളും ഉയർന്നതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.
സിനിമയുടെ ട്രെയിലര്‍ കണ്ടപ്പോൾ ഈ ചിത്രം ഗോഡ്സെയുടെ പ്രത്യയശാസ്ത്രത്തെ പുൽകുന്നുവെന്നാണ് മനസിലായതെന്നും മഹാത്മാഗാന്ധിയുടെ കൊലപാതകത്തെ പിന്തുണയ്ക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അഹ്വാദ് ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. അതേസമയം, താന്‍ 2017 ലാണ് ഈ ചിത്രത്തിൽ അഭിനയിച്ചതെന്നും ആ സമയത്ത് താന്‍ എന്‍സിപി അംഗമോ ഒരു പാര്‍ലമെന്ററി അംഗമോ ഒന്നും ആയിരുന്നില്ലെന്നും വിവാദങ്ങളോട് പ്രതികരിച്ചുകൊണ്ട് കോല്‍ഹെ പറഞ്ഞു. തനിക്ക് ഗോഡ്സെയോട് സ്നേഹമോ മഹാത്മാഗാന്ധിയോട് വെറുപ്പോ ഇല്ലെന്നും കോല്‍ഹെ വ്യക്തമാക്കി.
ഒരു മറാത്തി ടെലിവിഷന്‍ സീരിയലില്‍ ഛത്രപതി ശിവാജി മഹാരാജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് കോല്‍ഹെ പ്രശസ്തനായത്. ''2017ൽ ഞാൻ അഭിനയിച്ച വേഷവുമായി എന്റെ ഇപ്പോഴത്തെ രാഷ്ട്രീയത്തെ ബന്ധിപ്പിക്കുന്നത് ന്യായമല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാനൊരു അഭിനേതാവാണ്, ആ നിലയിൽ പല വേഷങ്ങളും ചെയ്തിട്ടുണ്ട്. സിനിമാ ജീവിതത്തിന്റെ ഭാഗമായി ഒരു നടന് നിങ്ങള്‍ക്ക് സമ്മതനായി തോന്നാത്ത കഥാപാത്രത്തെയും അവതരിപ്പിക്കേണ്ടി വന്നേക്കും. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ എനിക്ക് ഗോഡ്സെയോട് സ്നേഹമില്ല, മഹാത്മാഗാന്ധിയോട് വെറുപ്പും ഇല്ല'', കോല്‍ഹെയെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
डॉ. अमोल कोल्हे यांच्या चित्रपटाचा ट्रेलर पाहून हे स्पष्ट होते की अमोल कोल्हे यांनी नथुराम गोडसे ची भूमिका केलेली आहे. त्यांनी केलेली कृती जरी कलाकार म्हणून केली असली, तरी त्यामध्ये नथुराम गोडसेचे समर्थन आलेच आहे. कलाकाराचा वेष घेऊन तुम्ही गांधी हत्येचे समर्थन करू शकत नाही
ഒരു പതിറ്റാണ്ട് മുമ്പ് ഗോഡ്സെയെ പ്രകീര്‍ത്തിക്കുന്ന മറാത്തി നാടകങ്ങള്‍ക്കെതിരെ സംസ്ഥാനമൊട്ടാകെ നടന്ന പ്രതിഷേധങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു ജിതേന്ദ്ര അഹ്വാദ്. അന്ന് ആ നാടകങ്ങളില്‍ ഗോഡ്സെയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് മുതിര്‍ന്ന അഭിനേതാക്കളായ വിനയ് ആപ്തെ, ശരദ് പോന്‍ക്ഷെ എന്നിവരായിരുന്നു. ഇവര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു അന്ന് അഹ്വാദ് നടത്തിയത്.
മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായ്ക് ഗോഡ്സെയെ കുറിച്ച് ബോളിവുഡ് നടനും സംവിധായകനുമായ മഹേഷ് മഞ്ജരേക്കര്‍ ഒരുക്കുന്ന സിനിമയും ഇപ്പോള്‍ വിമര്‍ശനം നേരിടുന്നുണ്ട്. ഗോഡ്‌സെയെക്കുറിച്ചുള്ള തന്റെ ചിത്രം 2021 ഒക്ടോബര്‍ 2 നായിരിക്കും ആരംഭിക്കുകയെന്ന് മഞ്ജരേക്കര്‍ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് അഹ്വാദ് ഉള്‍പ്പടെയുള്ള നേതാക്കള്‍ മഞ്ജരേക്കറിനെതിരെ ആഞ്ഞടിച്ചിരുന്നു. ശ്രദ്ധ നേടാനാണ് സംവിധായകന്‍ ഇത്തരം സിനിമകള്‍ ചെയ്യുന്നതെന്നായിരുന്നു എന്‍സിപി നേതാവിന്റെ വിമര്‍ശനം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.