ഹോളിവുഡ് ഗായകനായ മേരി മിൽബൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോട് ഇന്ത്യയ്ക്ക് സഹായം നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ മാസ്റ്റർ ഷെഫ് ഓസ്‌ട്രേലിയ എന്ന ഷോയിലെ ജഡ്ജ് ആയിരുന്ന ഗാരിമെഹിഗൻ താൻ ഡൽഹിയിൽ ചെലവഴിച്ചിട്ടുള്ള നല്ല നിമിഷങ്ങളെ ഓർത്തും ഇന്ത്യ ഇപ്പോൾ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് പരാമർശിച്ചും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരിക്കുകയാണ്.
advertisement
ഡൽഹിയിലെ തെരുവിൽ നിന്ന് ചോലെ ബട്ടൂരെ കഴിക്കുന്ന ചിത്രമാണ് ഗാരി പങ്കുവെച്ചത്. ചിത്രത്തോടൊപ്പം, ഇന്ത്യ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചുള്ള തന്റെ ആശങ്ക പ്രകടിപ്പിച്ചു കൊണ്ടുള്ള വൈകാരികമായ ഒരു കുറിപ്പും അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം പേജിലും പങ്കു വെയ്ക്കപ്പെട്ട പോസ്റ്റിൽ ഇന്ത്യൻ ഫുഡിനോടുള്ള തന്റെ ഇഷ്ടവും ഈ രാജ്യത്തോടുള്ള ബന്ധവും വളരെ വലുതാണെന്ന് ഗാരി പറയുന്നു.
ഒപ്പം ഇന്ത്യ സന്ദർശിച്ച സമയത്തെ തന്റെ മനോഹരമായ ഓർമകളെക്കുറിച്ചും അദ്ദേഹം വാചാലനാകുന്നു. ഇന്ത്യയിലെ തന്റെ സുഹൃത്തുക്കളെയെല്ലാം അദ്ദേഹം ഓർക്കുകയും അവരെല്ലാം സുരക്ഷിതരാണെന്ന പ്രതീക്ഷ പങ്കു വെയ്ക്കുകയും ചെയ്തു. ഒപ്പം എല്ലാവരോടും സുരക്ഷിതരായി കഴിയാനും അദ്ദേഹം അഭ്യർത്ഥിച്ചു.
പ്രശസ്തനായ ഈ സെലിബ്രിറ്റി ഷെഫ് 'മാസ്റ്റർ ഷെഫ് ഓസ്‌ട്രേലിയ' എന്ന ഷോയിൽ 12 വർഷക്കാലം ജഡ്ജ് ആയിരുന്നു. സീസൺ 11-നു ശേഷം അദ്ദേഹം ആ ഷോയുടെ ഭാഗമല്ലെങ്കിലും അദ്ദേഹത്തിന്റെ മികച്ച പെരുമാറ്റവും സന്തോഷം നിറഞ്ഞ പ്രകൃതവും മത്സരാർത്ഥികൾക്ക് നൽകിയ ആത്മാർത്ഥമായ ഉപദേശങ്ങളും ഇപ്പോഴും ആളുകൾ ഓർക്കുന്നുണ്ട്.
മാസ്റ്റേഴ്സ് ഓഫ് ടേസ്റ്റ് എന്നൊരു ഷോയും ഗാരി നടത്തുന്നുണ്ട്. അതിൽ അദ്ദേഹം ഇന്ത്യയിലുടനീളം സഞ്ചരിക്കുകയും പരമ്പരാഗതവും പ്രാദേശികവുമായ വിഭവങ്ങൾ തയ്യാറാക്കുന്ന ഇന്ത്യൻ കുടുംബങ്ങളോടൊപ്പം ഒത്തു ചേരുകയും ചെയ്യുന്നു. പലപ്പോഴും ഇന്ത്യൻ വിഭവങ്ങളോടുള്ള തന്റെ ഇഷ്ടം ഗാരി തുറന്നു പ്രകടിപ്പിച്ചിട്ടുണ്ട്. ദോശയും ഫിഷ്മോളിയും അദ്ദേഹത്തിന് വളരെ പ്രിയപ്പെട്ട രണ്ട് വിഭവങ്ങളാണ്.
വാലറ്റിൽ ഒതുങ്ങുന്ന പുതിയ ആധാർ കാർഡിന് ഇപ്പോൾ അപേക്ഷിക്കാം; അറിയേണ്ടത് ഇത്രമാത്രം
ദി ഇന്ത്യൻ എക്സ്പ്രസുമായി അടുത്തിടെ സംസാരിക്കവെ ഇന്ത്യൻ ഭക്ഷ്യവിഭവങ്ങളെ രുചികരമാക്കി മാറ്റുന്ന അസാധാരണമായ ചേരുവകളെക്കുറിച്ചും പുതിയ ഫ്ലേവറുകളെക്കുറിച്ചും പാചകവിദ്യകളെക്കുറിച്ചുമൊക്കെ അദ്ദേഹം സംസാരിക്കുന്നുണ്ട്. എന്നാൽ, ഇന്ത്യയിലെ പ്രാദേശിക വിഭവങ്ങളെ അംഗീകരിക്കുന്ന കാര്യത്തിൽ ലോകം അൽപ്പം പിന്നിലാണെന്ന വസ്തുത സത്യമാണെന്നും അദ്ദേഹം തുറന്നു സമ്മതിക്കുന്നു. നിരവധി പ്രമുഖരായ ഇന്ത്യൻ ഷെഫുകൾ ലോകമെമ്പാടുമുള്ള നഗരങ്ങളിൽ റെസ്റ്റോറന്റുകൾ ആരംഭിക്കുകയും ഇന്ത്യൻ വിഭവങ്ങൾക്ക് പ്രചാരം നൽകുകയും ചെയ്തു തുടങ്ങിയിട്ടുണ്ടെന്നും അത് കാര്യങ്ങൾ മാറുന്നുണ്ടെന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറയുന്നു.