വലിയ കപ്പലുകള്‍ക്ക് കവരത്തി, അഗത്തി, മിനിക്കോയ് ദ്വീപുകളിലേക്ക് വരാനുള്ള സൗകര്യം, കല്‍പേനി, കടമത്ത്, ആന്ത്രോത്ത് ദ്വീപുകളില്‍ ആധുനിക സജ്ജീകരണങ്ങളടങ്ങിയ യാത്രക്കാരുടെ വിശ്രമകേന്ദ്രങ്ങള്‍, കല്‍പേനി, കടമത്ത് ദ്വീപുകളില്‍ ക്രൂയിസ് കപ്പലുകള്‍ക്ക് വരെ എത്താന്‍ പാകത്തിലുള്ള ജെട്ടികളുടെ വികസനം എന്നിങ്ങനെ നീളുന്ന പട്ടികയാണ് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. 303 കോടി രൂപയുടെ ആദ്യ പദ്ധതി ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കടമത്ത് ദ്വീപിലെ ജെട്ടികളുടെ നിര്‍മാണത്തിനാണ് ഈ പദ്ധതിയില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.
advertisement
പദ്ധതിയ്ക്കായി ടെന്‍ഡറുകളും ക്ഷണിച്ചിട്ടുണ്ട്. ദ്വീപില്‍ സര്‍വീസ് നടത്തുന്ന യാത്രകപ്പലുകള്‍ക്ക് എത്താന്‍ കഴിയുന്ന മള്‍ട്ടിമോഡല്‍ ജെട്ടി വികസിപ്പിച്ച് ഇതിലൂടെ ദ്വീപിലുടനീളമുള്ള സഞ്ചാരം സുഗമമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ സഞ്ചാരികളെ ആകര്‍ഷിക്കാനും സാധിക്കുന്നു. കൂടാതെ ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകളില്‍ തുറമുഖവും ഷിപ്പിംഗ് സൗകര്യവും വികസിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഇതിലൂടെ സഞ്ചാരികളുടെ യാത്ര സുഗമമാകുകയും ചരക്കുഗതാഗതം തടസങ്ങളില്ലാതെ മുന്നോട്ടുപോകുകയും ചെയ്യും.
ആദ്യ പദ്ധതി
കൊച്ചിയില്‍ നിന്ന് 407 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കടമത്ത് ദ്വീപിന്റെ കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങളില്‍ ജെട്ടികള്‍, യാത്രക്കാര്‍ക്കും സഞ്ചാരികള്‍ക്കുമായുള്ള കെട്ടിടങ്ങള്‍ എന്നിവയ്ക്കായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ആദ്യ പദ്ധതി ലക്ഷ്യമിടുന്നത്. ലക്ഷദ്വീപിലെ അമിനിഡിവി ദ്വീപസമൂഹത്തിലെ ഏറ്റവും നീളം കൂടിയ ദ്വീപാണ് കടമത്ത്. 3.34 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള കടമത്ത് ദ്വീപിന് 9.3 കിലോമീറ്റര്‍ നീളവും 0.57 കിലോമീറ്റര്‍ വീതിയുമുണ്ട്.
'കടമത്ത് ദ്വീപില്‍ നിര്‍മാണം നടത്താനുദ്ദേശിക്കുന്ന ഓപ്പണ്‍ ജെട്ടി യാത്രാ കപ്പലുകള്‍ക്കും ക്രൂയിസ് കപ്പലുകള്‍ക്കും നങ്കൂരമിടാനുള്ള സൗകര്യം ഒരുക്കും. ജെട്ടിയുടെ നീളം 360 മീറ്റര്‍ ആണ്. അതുകൊണ്ട് തന്നെ ക്രൂയിസ് കപ്പലുകള്‍ക്കും നങ്കൂരമിടാന്‍ സാധിക്കും,' കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ രേഖയില്‍ പറയുന്നു. കൂടാതെ ലോകോത്തര നിലവാരത്തിലുള്ള യാത്രക്കാരുടെ വിശ്രമമുറിയും ഇതിനോടനുബന്ധിച്ച് സ്ഥാപിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.
മറ്റ് മെഗാ പ്രോജക്ടുകള്‍
- കല്‍പേനി, കടമത്ത്, ആന്ത്രോത്ത് ദ്വീപുകളുടെ കരയോട് ചേര്‍ന്ന് യാത്രക്കാര്‍ക്കായുള്ള വിശ്രമമുറികളും വെയര്‍ ഹൗസുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്ന പദ്ധതികളും അണിയറയില്‍ ഒരുങ്ങുകയാണ്.
- കൂടാതെ അഗത്തി, മിനിക്കോയ്, കവരത്തി ദ്വീപുകളിലെ കിഴക്കന്‍ ജെട്ടിയുടെ വിപൂലീകരണവും കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളിലുള്‍പ്പെട്ടിട്ടുണ്ട്. ഇതിലൂടെ വലിയ കപ്പലുകള്‍ക്കും തീരത്ത് എത്താന്‍ സാധിക്കും.
- കല്‍പേനി, കടമത്ത് ദ്വീപുകളില്‍ ക്രൂയിസ് കപ്പലുകളെ വരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഓപ്പണ്‍ ജെട്ടിയുടെ വികസനവും കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
- കടമത്ത്, കല്‍പേനി ദ്വീപുകളിലെ പടിഞ്ഞാറന്‍ ജെട്ടിയും വികസിപ്പിക്കും.
- ആന്ത്രോത്ത് ദ്വീപില്‍ മള്‍ട്ടിമോഡല്‍ ജെട്ടിയും നാവിക ജെട്ടിയും വികസിപ്പിക്കും.
- കൂടാതെ കടമത്ത്, കല്‍പേനി,ആന്ത്രോത്ത് എന്നീ ദ്വീപുകളില്‍ സ്ലിപ് വേയും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കും.
കേന്ദ്രസര്‍ക്കാരിന്റെ സാഗര്‍മാല പദ്ധതി, ലക്ഷദ്വീപിലെ ആഭ്യന്തര ഫണ്ട് എന്നിവയുപയോഗിച്ചാണ് ദ്വീപിലെ വികസന പദ്ധതികള്‍ നടപ്പാക്കുന്നത്. പദ്ധതികള്‍ക്കാവശ്യമായ സാങ്കേതിക പിന്തുണ നല്‍കുന്നത് കൊച്ചിന്‍ തുറമുഖ അതോറിറ്റിയാണ്. ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അസിസ്റ്റം ഇന്ത്യ ലിമിറ്റഡ് (Assystem India Limited ) പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ടും തയ്യാറാക്കിയിട്ടുണ്ട്.
ലക്ഷദ്വീപ്
36 ചെറു ദ്വീപുകള്‍ ചേര്‍ന്ന ദ്വീപസമൂഹമായ ലക്ഷദ്വീപ് ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം കൂടിയാണ്. അവിടെയുള്ള എല്ലാ ദ്വീപുകളിലും ജനവാസമില്ലെങ്കിലും ചിലതില്‍ മാത്രം പ്രത്യേക അനുമതിയോടെ പ്രവേശിക്കാന്‍ സന്ദര്‍ശകരെ അനുവദിച്ചിട്ടുണ്ട്. പത്ത് ദ്വീപുകളില്‍ മാത്രമാണ് ജനവാസമുള്ളത്. 17 ഓളം ദ്വീപുകളില്‍ ഇപ്പോഴും ആള്‍ത്താമസമില്ല. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലേക്ക് പുറമെ നിന്നുള്ളവര്‍ക്ക് അത്ര എളുപ്പത്തില്‍ പോകാനാകില്ല. ദ്വീപ് അധികൃതരുടെ അനുമതിയോടെ മാത്രമെ ലക്ഷദ്വീപില്‍ സന്ദര്‍ശനം നടത്താന്‍ സാധിക്കൂ.
ദ്വീപിലെ ജനങ്ങള്‍ മറ്റ് ദ്വീപുകളിലേക്ക് പോകാന്‍ പ്രധാനമായും ജലഗതാഗതത്തെയാണ് ആശ്രയിക്കുന്നത്. കൂടാതെ ദ്വീപിലേക്ക് ആവശ്യമായ ചരക്കുകള്‍ കൊച്ചി, ബേപ്പൂര്‍, മംഗളുരു എന്നിവിടങ്ങളില്‍ നിന്നാണ് എത്തിക്കുന്നത്. ദ്വീപിലെ ജനങ്ങള്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ക്കും ഉന്നതവിദ്യാഭ്യാസത്തിനുമായി കേരളത്തെയാണ് ആശ്രയിച്ചുവരുന്നത്. മണ്‍സൂണ്‍ അവസാനിക്കുന്നതോടെയാണ് വിനോദസഞ്ചാരികള്‍ കപ്പല്‍മാര്‍ഗം ദ്വീപിലേക്ക് എത്തുന്നത്. കൂടാതെ ദ്വീപില്‍ നിന്ന് മത്സ്യവും നാളികേരവും കടല്‍മാര്‍ഗം കയറ്റുമതി ചെയ്യുന്നുമുണ്ട്.
