തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഏറ്റവും വലിയ പ്രഖ്യാപനങ്ങളിലൊന്നാണ് കേന്ദ്രസർക്കാർ നടത്തിയത്. മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ് സംവരണം. വിദ്യാഭ്യാസ മേഖലയിലും ഉദ്യോഗ നിയമനത്തിലും 10 ശതമാനം സംവരണത്തിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. ഭരണഘടനയുടെ 15, 16 അനുഛേദങ്ങളാണ് ഇതിനായി ഭേദഗതി ചെയ്യുക. നിബന്ധനകളോടെയാണ് സാമ്പത്തിക സംവരണം കൊണ്ടുവരുന്നത്. വാർഷിക വരുമാനം എട്ടുലക്ഷത്തിൽ കവിയരുത്. 5 ഹെക്ടറിൽ കൂടുതൽ കൃഷിഭൂമിയുണ്ടാകരുത്. വീടിന്‍റെ വിസ്തീർണം 1000 ചതുരശ്രഅടിയിൽ കൂടരുത് തുടങ്ങി 5 നിബന്ധനകളാണ് നിഷ്കർഷിച്ചിരിക്കുന്നത്.
advertisement
സർക്കാർ ജോലികളിൽ സംവരണം 50 ശതമാനത്തിലധികം പാടില്ലെന്ന സുപ്രീംകോടതി വിധി ഭരണഘടന ഭേദഗതിയുലൂടെ മറികടന്ന് 60 ശതമാനമാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ബില്ല് അവതരിപ്പിക്കുന്നതിനായി പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം രണ്ട് ദിവസം നീട്ടാനും ആലോചനയുണ്ട്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു തന്നെയാണ് കേന്ദ്രസർക്കാരിന്റെയും ബിജെപിയുടേയും നീക്കം. എന്നാൽ ഭരണഘടന ഭേദഗതിക്ക് പാർലമെന്റിന്റെയും പകുതിയലധികം സംസ്ഥാന നിയമസഭകളുടേയും അനുമതി വേണമെന്നതിനാൽ പ്രഖ്യാപനത്തിനപ്പുറം ഈ നീക്കം എത്രകണ്ട് മുന്നോട്ട് പോകുമെന്നത് കാത്തിരുന്നു കാണേണ്ടിവരും.