ബിഹാർ, കേരളം, ആന്ധ്രാ പ്രദേശ്, ഡൽഹി, ഉത്തർ പ്രദേശ്, കർണ്ണാടക, തെലങ്കാന എന്നിവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടന്ന നടപടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് ഉന്നത വൃത്തങ്ങൾ ന്യൂസ് 18-നോട് പറഞ്ഞു.
ഏറ്റവും കൂടുതൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾ പിടിയിലായത് കേരളത്തിൽ നിന്നാണ്, 22 പേർ. കർണാടകത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും 20 പേർ വീതവും പിടിയിലായി. തമിഴ്നാട് 10, ആസാം 9, ഉത്തർപ്രദേശ് 8, ആന്ധ്രാപ്രദേശ് 5, മധ്യപ്രദേശ് 4, പുതുച്ചേരി, ഡൽഹി- 3, രാജസ്ഥാൻ 2 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ കസ്റ്റഡിയിലായ നേതാക്കളുടെ എണ്ണം.
advertisement
ഇതുവരെയുള്ള ഏറ്റവും വലിയ റെയ്ഡ് എന്ന് വിശേഷിപ്പിച്ച എൻഐഎ, തീവ്രവാദ ഫണ്ടിംഗ്, നിരോധിത സംഘടനകളിലേക്കുള്ള പരിശീലന ക്യാമ്പ്, റിക്രൂട്ട്മെൻ്റ് എന്നിവ നടത്തിയതുമായി ബന്ധമുള്ള ആളുകളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത് എന്ന് വ്യക്തമാക്കി. കേസുകളുടെ വിശദാംശങ്ങൾ, തിരച്ചിൽ നടത്തിയ ഇടങ്ങൾ, കസ്റ്റഡിയിലുള്ളവരുടെ വിവരങ്ങൾ എന്നിവയെല്ലാം വൈകാതെ പുറത്തുവിടുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇഡി ഫയൽ ചെയ്ത കുറ്റപത്ര പ്രകാരം, ധനസമാഹരണം നടത്തുന്നതിനായി പോപ്പുലർ ഫ്രണ്ട് യുഎഇ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹറിൻ, സൗദി അറേബ്യ എന്നിവിടങ്ങളിലും മറ്റു സ്ഥലങ്ങളിലും ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ഓരോ അംഗങ്ങൾക്കും ടാർഗെറ്റ് നിശ്ചയിക്കുകയും ഇങ്ങനെ സമാഹരിക്കുന്ന പണം ഹവാല രൂപത്തിലോ സാധാരണ ബിസിനസ് ഇടപാട് എന്ന് തോന്നിക്കുന്ന രീതിയിലോ ഇന്ത്യയിലേക്ക് അയയ്ക്കുകയുമാണ് ചെയ്യുന്നത്.
അന്വേഷണത്തിൻ്റെ ഘട്ടത്തിൽ, ഇന്ത്യയിൽ നിന്ന് പോപ്പുലർ ഫ്രണ്ടിന് സംഭാവന നൽകിയ 600 പേരുടെ ബാങ്ക് അക്കൗണ്ടുകളും പണം ലഭിച്ച 2600 അക്കൗണ്ടുകളും ഇഡി പരിശോധിച്ചു. ഇവയിൽ മിക്കവയും വ്യാജ അക്കൗണ്ടുകളാണെന്നും നേരിട്ടുള്ള പരിശോധനയിൽ ഈ ആളുകൾ ഇല്ലെന്നും ഇഡി കണ്ടെത്തി.
Also Read- പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ റെയ്ഡ് എന്തിന്? NIA കുറ്റപത്രം പറയുന്നത്
ഇത്തരത്തിൽ സംഭാവന ലഭിച്ച വ്യക്തികളിലൊരാളാണ് യുപി തീവ്രവാദ വിരുദ്ധ സ്ക്വാഡിൻ്റെ പിടിയിലായ അൻഷാദ് ബസിയുദ്ദീൻ. ഐഇഡികളും പിസ്റ്റലും തിര നിറച്ച കാട്രിഡ്ജുകളും സഹിതമാണ് ഇയാൾ അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ടിൻ്റെ അക്കൗണ്ടിൽ നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് മൂന്നര ലക്ഷം രൂപ അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൻ്റെ തെളിവാണ് ഇതെന്ന് ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നു.
അർദ്ധരാത്രിയിൽ പോപ്പുലർ ഫ്രണ്ട് നേതാക്കന്മാരുടെ വീടുകളിൽ റെയ്ഡ് നടത്തിയത് ഭരണകൂട ഭീകരതയുടെ ഏറ്റവും പുതിയ ഉദാഹരണമാണെന്ന് പോപ്പുലർ ഫ്രണ്ട് ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ പറഞ്ഞു.
Also Read- ദേശീയ, സംസ്ഥാന നേതാക്കളുടെ അറസ്റ്റ്; സംസ്ഥാനത്ത് നാളെ ഹർത്താലിന് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്തു
തിങ്കളാഴ്ച, ആന്ധ്രാ പ്രദേശിലെയും തെലങ്കാനയിലെയും നിരവധി ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ഇതിനെ തുടർന്ന് നാല് പേരെ പിടികൂടുകയും ചെയ്തു. ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ, രണ്ട് കഠാരകൾ, എട്ട് ലക്ഷത്തോളം രൂപ എന്നിവയും പിടികൂടിയതായി റിപ്പോർട്ടുകൾ പറയുന്നു.
കരാട്ടെ പരിശീലനം എന്ന പേരിൽ സംഘടനയിലേക്ക് ആളെ കൂട്ടുകയായിരുന്നു ഇവർ എന്ന് എൻഐഎ പറയുന്നു. പോപ്പുലർ ഫ്രണ്ട് തീവ്രവാദ പ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ടെന്നും ഇവർക്കെതിരെ നടപടിയെടുക്കണെന്നും ബിജെപി നേതാവ് മനോജ് തിവാരി പറഞ്ഞു.
