കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഗുജറാത്ത് സര്‍ക്കാരും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള വാക്‌പോര് ആരംഭിച്ചത്. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരിന്റെ വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ച് ഗുജറാത്തിലെ ബിജെപി ഘടകം ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ചോദ്യങ്ങള്‍ ഉന്നയിച്ചതോടെയാണ് വാക്‌പോരിന് തുടക്കമായത്. കെജ്‌രിവാളിന്റെ വിദ്യാഭ്യാസ മാതൃക പരാജയപ്പെട്ടുവെന്ന് ബിജെപിയുടെ ട്വീറ്റുകളില്‍ പറയുന്നു.
അതേസമയം, ഇതിനു മറുപടിയായി, ഡല്‍ഹിയിലെ ഏതെങ്കിലും സര്‍ക്കാര്‍ സ്‌കൂളില്‍ എത്തി പരിശോധന നടത്താന്‍ ഗുജറാത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും പ്രത്യേകിച്ച് വിദ്യാഭ്യാസ മന്ത്രി ജിത്തു വഘാനിയെയും ഡല്‍ഹിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഗുജറാത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് എഎപി തിരിച്ചും ചില ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
advertisement
''നിങ്ങള്‍ക്ക് അമേരിക്കയിലെ വിദ്യാഭ്യാസ സമ്പ്രദായമാണ് ഇഷ്ടമെങ്കില്‍ അവിടേക്ക് പോകാം, ധാരാളം ആളുകള്‍ അമേരിക്കയിലേക്ക് പോകുന്നുണ്ട്. നിങ്ങള്‍ ജനിച്ചതും പഠിച്ചതും ഇവിടെയാണ്, നിങ്ങൾ ജീവിച്ചതും ബിസിനസ് ചെയ്തതുമൊക്കെ ഇവിടെയാണ്. എന്നാല്‍ നിങ്ങളുടെ കുട്ടികള്‍ക്ക് മറ്റേതെങ്കിലും സ്ഥലത്തെ വിദ്യാഭ്യാസ സംവിധാനത്തോടാണ് താല്‍പ്പര്യമെങ്കില്‍ അങ്ങോട്ട് പോകട്ടെ'', ജിത്തു വഘാനി പറഞ്ഞു.
ജിത്തു വഘാനിയുടെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുവെന്ന് ഗുജറാത്തിലെ ബിജെപി ഘടകം ചൂണ്ടിക്കാട്ടി. അതേസമയം മന്ത്രിയുടെ പ്രസ്താവനയോട് എഎപി വളരെ രൂക്ഷമായാണ് പ്രതികരിച്ചത്.
''വഘാനിയുടെ പ്രസ്താവന വളരെ ദൗർഭാഗ്യകരമാണ്, ഞങ്ങള്‍ അതിനെ അപലപിക്കുന്നു. പാവപ്പെട്ട ഇടത്തരം കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയുമാണ് മന്ത്രി അപമാനിച്ചത്. ഗുജറാത്തിലെ വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. നരേന്ദ്ര മോദി ഇത്തരക്കാരെ ഗുജറാത്ത് സർക്കാരിന്റെ ഭാഗമാക്കിയത് ഇതിനു വേണ്ടിയാണോ? ജിത്തു വഘാനി വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും ഉടന്‍ മാപ്പ് പറയണം'', എഎപി നേതാവ് ഇസുദന്‍ ഗാധ്വി പറഞ്ഞു.
ഗുജറാത്തിലെ സ്‌കൂളുകളില്‍ ഭഗവദ് ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ജിത്തു വഘാനി നേരത്തെ അറിയിച്ചിരുന്നു. ആറ് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലാണ് ഭഗവദ് പഠന വിഷയമാക്കുന്നത്. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് സ്‌കൂളുകളില്‍ ഭഗവദ് ഗീത പഠിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇന്ത്യയെ സംബന്ധിച്ച് ഭഗവദ് ഗീത ഏറെ പ്രധാനപ്പെട്ടതാണെന്നും ഗീതാ പഠനം കുട്ടികള്‍ക്കും ഏറെ നല്ലതാണെന്നും മന്ത്രി പറഞ്ഞിരുന്നു. കുട്ടികള്‍ക്ക് ഉപകാരപ്രദമാകും വിധത്തില്‍ ഗീതാ ശ്ലോകങ്ങള്‍ പാഠ പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.