ആന്ധ്രയിലെ ഈസ്റ്റ് ഗോധാവരി ജില്ലയിൽ ചിന്തലുരുവിലാണ് ജൂനിയർ എൻടിആർ ആരാധകരനായ ശ്യാമിനെ (20) ഞായറാഴ്ച്ച വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശ്യാമിന്റെ മരണത്തിൽ വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകർക്ക് പങ്കുണ്ടെന്ന ആരോപണവുമായി തെലുങ്ക് ദേശം പാർട്ടി (ടിഡിപി) രംഗത്തെത്തിയതോടെയാണ് രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കമായത്.
ശ്യാമിന്റേത് കൊലപാതകമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ജൂനിയർ എൻടിആർ ആരാധകരും ടിഡിപി നേതാക്കളും രംഗത്തെത്തി.
സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ജൂനയിർ എൻടിആറിന് അടുത്തെത്തി കെട്ടിപ്പിടിക്കുന്ന ശ്യാമിന്റെ ദൃശ്യങ്ങൾ അടുത്തിടെ വൈറലായിരുന്നു. ധംകി സിനിമയുടെ പ്രീ-റിലീസ് ചടങ്ങിൽ താരം മുഖ്യാതിഥിയായി എത്തിയപ്പോഴായിരുന്നു ഇത്.
ശ്യാമിന്റെ മരണത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സോഷ്യൽമീഡിയയിലും ക്യാമ്പെയിൻ നടക്കുന്നുണ്ട്. ജൂൺ 25 നാണ് ശ്യാമിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ 24 രാത്രി 9 മണിക്കും പുലർച്ചെ ആറിനും ഇടയിലാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് പറയുന്നത്.
മരിക്കുന്നതിനു മുമ്പ് ബ്ലേഡ് ഉപയോഗിച്ച് കൈ മുറിച്ചിരുന്നു. ഇതിനായി ഉപയോഗിച്ച ബ്ലേഡ് പാന്റ്സിന്റെ പോക്കറ്റിൽ നിന്നും കണ്ടെത്തി. ഇതിനു ശേഷമാണ് തൂങ്ങിമരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും തൂങ്ങിമരണമാണെന്നാണ് പറയുന്നത്.