1999 മെയ് 3 മുതല്‍ ആരംഭിച്ച സായുധ പോരാട്ടമാണ് കാര്‍ഗില്‍ യുദ്ധം എന്ന് ചരിത്രം പേരെടുത്ത് വിളിക്കുന്ന, പാകിസ്ഥാന്‍ നടത്തിയ നുഴഞ്ഞ് കയറ്റവും, തുടര്‍ന്നുണ്ടായ നരനായാട്ടും ഇവയ്ക്ക് മേലുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയും വിജയവും.
1999 മെയ് 15നാണ് ക്യാപറ്റന്‍ സൗരഭ് കാലിയ എന്ന ഇരുപത്തിരണ്ടുകാരനായ ഇന്ത്യന്‍ ജവാനും ഫോര്‍ത്ത് ജാട്ട് റജിമെന്റിലെ സെപോയ്മാരായ അര്‍ജുന്‍ റാം, ലാല്‍ ബഗാരിയ, ഭികാ റാം, മൂലാ റാം, നരേഷ് സിങ്ങ് എന്നിവരും ചേര്‍ന്ന് കാര്‍ഗിലിലെ ദ്രാസ്സ്ബറ്റാലിക്ക് സെക്ടറിലെ 18,000 അടി ഉയരത്തിലുള്ള, തങ്ങളുടെ പോസ്റ്റ് ലക്ഷ്യമാക്കി പട്രോളിങ്ങിനിറങ്ങിയത്. എന്നാല്‍ തങ്ങള്‍ക്കു മുന്നില്‍ കാത്തിരിക്കുന്നത് പാകിസ്ഥാന്‍ സൈന്യത്തിന്റെ നുഴഞ്ഞു കയറ്റ സംഘമാണ് എന്നവര്‍ അറിഞ്ഞിരുന്നില്ല. അവര്‍ക്കു മുന്നില്‍ പെട്ടുപോയ അഞ്ചംഗ ഇന്ത്യന്‍ സംഘത്തിനെ തിരികെ മാതൃരാജ്യത്തിന് ലഭിച്ചത് വികൃതമാക്കപ്പെട്ട അഞ്ച് ശവശരീരങ്ങളായാണ്. ആ ശരീരങ്ങളില്‍ നിന്ന് അവര്‍ മരിക്കുന്നതിന് കടന്നു പോയ ഭീകരാവസ്ഥകള്‍ ഇന്നും ഭയത്തോടെ മാത്രമേ ഓര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളു.
advertisement
1976 ജൂണ്‍ 29-നാണ് ഐസ്ആര്‍ഒയിലെ സീനിയര്‍ സയന്റിസ്റ്റായ ഡോ. എന്‍. കെ. കാലിയുടെ മകനായി ക്യാപ്റ്റന്‍ സൗരഭ് കാലിയ ജനിക്കുന്നത്. 1997ല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാവുകയും 1999-ല്‍ ഇന്ത്യയുടെ ചരിത്രത്തില്‍ കറുത്ത അധ്യായങ്ങളായി എഴുതി ചേര്‍ക്കപ്പെട്ട കാര്‍ഗില്‍ യുദ്ധത്തിന്റെ, മനുഷ്യ മനസ്സാക്ഷിയെ ഭയപ്പെടുത്തുന്ന കൊടുംക്രൂരതകളുടെ ഇരയായി തീരുകയും ചെയ്തു.
മകന്‍ മരിച്ച് 22 വര്‍ഷങ്ങള്‍ക്ക് ശേഷവും, പാകിസ്ഥാന്‍ നടത്തിയ നരനായാട്ടിനെതിരെ നീതിയ്ക്കായി ഇന്നും ഒറ്റയാള്‍ പോരാട്ടം നടത്തുകയാണ് ഈ അച്ഛന്‍. 1949ലെ ജനീവ കണ്‍വെന്‍ഷനില്‍ ലോകരാജ്യങ്ങള്‍ ഒപ്പു വെച്ച യുദ്ധനിയമങ്ങള്‍ക്ക് ഘടക വിരുദ്ധമായി പാകിസ്ഥാന്‍ നടത്തിയ മനുഷ്യക്കുരുതിയെ ചോദ്യം ചെയ്ത്, ഈ അച്ഛന്‍ ഇന്ത്യന്‍ രാഷ്ട്രപതി മുതല്‍ പ്രധാനമന്ത്രി വരെയുള്ളവരുടെ വാതിലുകള്‍ മുട്ടി. തുടര്‍ന്ന് സുപ്രീം കോടതിയ്ക്കു മുന്നില്‍ നീതി യാചിച്ച് എത്തി. ഇപ്പോള്‍ രണ്ടര വര്‍ഷമായി കേസില്‍ വാദങ്ങള്‍ ഇല്ല. കോവിഡ് പശ്ചാത്തലത്തിലായിരിക്കാമെന്ന് ഈ അച്ഛന്‍ നിശ്വാസം ഉതിര്‍ക്കുന്നു.
2019-ല്‍ ഇന്ത്യാ-പാക് സംഘര്‍ഷ സമയത്ത്, പാകിസ്ഥാന്‍ കടത്തി കൊണ്ട് പോയ ക്യാപ്റ്റന്‍ അഭിനന്ദ് വര്‍ദ്ധമാനിനെ 24 മണിക്കൂറുകള്‍ക്കുള്ളില്‍ തിരികെ എത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചു. എന്നാല്‍ കാര്‍ഗില്‍ പോരാളികളെ ജീവനോടെ തിരികെ എത്തിക്കാന്‍ മാത്രമല്ല അവരോട് കാണിച്ച കൊടും അനീതികള്‍ പോലും തടയാന്‍ നമുക്ക് സാധിച്ചില്ല എന്ന എന്‍ കെ കാലിയ ഔട്ട്ലുക്കിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കാര്‍ഗില്‍ വിജയ് ദിവസില്‍ ഏതൊരു ഇന്ത്യക്കാരനെയും പോലെ ഞാനും അഭിമാനം കൊള്ളുന്നു. എന്നാല്‍ അതിനായി രക്തസാക്ഷിത്ത്വം വഹിച്ചവരില്‍ എന്റെ മകനും ഉള്‍ക്കൊള്ളുന്നു എന്ന ഓര്‍മ്മ എനിക്ക് ഒരു മിശ്ര വികാരമാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
