വോട്ട് ശതമാനത്തിൻെറ കാര്യത്തിൽ ബിജെപിയും തൃണമൂലും തുല്യത പാലിക്കും. 42 ശതമാനം വോട്ടാണ് ഇരുപാർട്ടികൾക്കും നേടാൻ സാധിക്കുക. ഇൻഡി മുന്നണിക്ക് വെറും 14 ശതമാനം വോട്ട് മാത്രമേ നേടാൻ സാധിക്കുകയുള്ളൂ. മറ്റുള്ളവർ 2 ശതമാനം വോട്ടും സ്വന്തമാക്കും. സംസ്ഥാനത്ത് ഇൻഡി മുന്നണിയുടെ ഭാഗമായി തൃണമൂൽ മത്സരിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കോൺഗ്രസുമായി നടത്തിയ ചർച്ച പരാജയപ്പെട്ടുവെന്ന് തൃണമൂൽ കോൺഗ്രസ് ചെയർപേഴ്സണും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തൃണമുൽ കോൺഗ്രസ് ഒറ്റയ്ക്ക് തന്നെയാണ് മത്സരിക്കുക.
advertisement
2019ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയിരുന്നത് തൃണമൂൽ ആയിരുന്നു. 22 സീറ്റുകളാണ് മമതയുടെ പാർട്ടി സ്വന്തമാക്കിയത്. ബിജെപി 18 സീറ്റുകൾ നേടി സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തെത്തി. 43.3 ശതമാനം വോട്ടാണ് തൃണമൂൽ നേടിയിരുന്നത്. ബിജെപിക്ക് 40.7 ശതമാനം വോട്ടും ലഭിച്ചു. ഇക്കുറി വോട്ട് ശതമാനത്തിൻെറ കാര്യത്തിലും സീറ്റുകളുടെ കാര്യത്തിലും ബിജെപി നേട്ടമുണ്ടാക്കുമെന്നാണ് സർവേഫലം വ്യക്തമാക്കുന്നത്.
2021ൽ സംസ്ഥാനത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വമ്പൻ വിജയമാണ് സ്വന്തമാക്കിയിരുന്നത്. 215 സീറ്റുകൾ സ്വന്തമാക്കിയാണ് തൃണമുൽ വീണ്ടും അധികാരം പിടിച്ചത്. സംസ്ഥാനത്ത് ഭരണം പിടിച്ചെടുക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തോടെ കാര്യമായ പ്രചാരണം നടത്തിയ ബിജെപിക്ക് പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. 77 സീറ്റുകളാണ് അവർക്ക് നേടാൻ കഴിഞ്ഞത്. എന്നാൽ, സംസ്ഥാനത്ത് ഒന്നുമില്ലാതിരുന്ന അവസ്ഥയിൽ നിന്നാണ് ബിജെപി നേട്ടമുണ്ടാക്കിയത്. 2016ൽ വെറും മൂന്ന് നിയമസഭാ സീറ്റിൽ മാത്രമാണ് ബിജെപി വിജയിച്ചിരുന്നത്. അതാണ് 2019ൽ 77 ആയി വർധിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിലെ സീറ്റുകൾ വളരെ നിർണായകമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ലോക്സഭാ മണ്ഡലങ്ങളുള്ള മൂന്നാമത്തെ സംസ്ഥാനമാണ് ബംഗാൾ. 543 അംഗ ലോക്സഭയിൽ ഉത്തർ പ്രദേശിൽ നിന്ന് 80 എംപിമാരും മഹാരാഷ്ട്രയിൽ നിന്ന് 48 എംപിമാരുമാണ് ഉള്ളത്. ബംഗാളിൽ 42 സീറ്റുകളാണ് ആകെയുള്ളത്. ഫെബ്രുവരി 12 മുതൽ മാർച്ച് 1 വരെ രാജ്യത്തെ 21 സംസ്ഥാനങ്ങളിൽ നടത്തിയ അഭിപ്രായ സർവേയുടെ അടിസ്ഥാനത്തിലാണ് ന്യൂസ് 18 ഒപ്പീനിയൻ പോൾ പുറത്ത് വിട്ടിരിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പിൽ രാജ്യം എങ്ങനെ ചിന്തിക്കുമെന്നതിൻെറ ഏകദേശചിത്രം ഇതിൽ നിന്ന് ലഭിക്കും.