"എന്റെ കാഴ്ച്ചപ്പാടിൽ മാറ്റമുണ്ടായിട്ടില്ല, കാരണം മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ പാലിക്കുന്ന മൗനം വിമർശിക്കപ്പെടാതെ പോകരുത്. ഞാൻ എന്റെ ട്വീറ്റുകൾ പിൻവലിക്കാനോ മാപ്പു പറയാനോ ഉദ്ദേശിക്കുന്നില്ല. എന്റെ ട്വീറ്റുകൾ പറയുന്നതെല്ലാം വ്യക്തമാണ്." കുനാൽ കാമ്ര വ്യക്തമാക്കി.
അഭിഭാഷകരില്ല, ക്ഷമാപണമില്ല, പിഴയും ഇല്ല എന്ന തലക്കെട്ടോടെയാണ് മൂന്ന് പേജുള്ള തുറന്ന കത്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഡീമോണിറ്റൈസേഷൻ, കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിനെതിരെ സമർപ്പിച്ച ഹർജി തുടങ്ങി ശ്രദ്ധയും സമയവും കൂടുതൽ അർഹിക്കുന്ന മറ്റ് അനേകം വിഷയങ്ങളിൽ കോടതി ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്ന് കുനാൽ കാമ്ര പറയുന്നു.
അർണാബ് ഗോസ്വാമിക്ക് ജാമ്യം നൽകിയതിന് പിന്നാലെ, സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് കുനൽ കമ്ര ട്വീറ്റ് ചെയ്തിരുന്നു. ഒപ്പം കാവി നിറമണിഞ്ഞ സുപ്രീംകോടതിയുടെ ചിത്രവും പങ്കുവെച്ചു. കുനാൽ കമ്രക്കെതിരെ സുപ്രീംകോടതിയെ അപമാനിച്ചതിന് കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ അഡ്വക്കേറ്റ് ജനറലിനെ സമീപിക്കുകയായിരുന്നു.
വിമാനത്തിൽ ഫാസ്റ്റ് ട്രാക്കിലൂടെ അദ്യമെത്തിയ ഫസ്റ്റ് ക്ലാസ് യാത്രികർക്ക് ഷാംപെയ്ൻ വിളമ്പുകയാണ് ജസ്റ്റിസ് ഡി.വെ. ചന്ദ്രചൂഢ് എന്നും, സാധാരണക്കാർക്ക് എന്നെങ്കിലും അകത്ത് സീറ്റ് കിട്ടുമോ എന്ന് പോലും അറിയാത്ത സാഹചര്യമാണ് എന്നും വിവാദ ട്വീറ്റുകളിൽ പറയുന്നു.
ട്വീറ്റുകൾ അധിക്ഷേപകരവും തമാശയുടെയും കോടതി അലക്ഷ്യത്തിന്റെയും അതിർവരമ്പുകൾ ലംഘിക്കുന്നതാണെന്നും കെ കെ വേണുഗോപാൽ വ്യക്തമാക്കി. സുപ്രീംകോടതിയെ കാവിയണിയിച്ചതും കോടതി അലക്ഷ്യത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് അറ്റോണി ജനറൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് അർണബ് ഗോസ്വാമിക്ക് ആത്മഹത്യ പ്രേരണക്കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനമാണെന്ന് കാണിച്ചായിരുന്നു ജാമ്യം അനുവദിച്ചത്.