ഇറാന്റെ സൈനിക നീക്കത്തിൽ യുഎഇയിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഒരന്ത്യൻ പൗരൻ ഉൾപ്പെടെ 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ഇന്ത്യൻ പൗരൻ അപകടനില തരണം ചെയ്തതായും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. യുഎഇയിലെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന കരുതലിൽ മോദി നന്ദി രേഖപ്പെടുത്തി.
അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാന്റെ പരമാധികാരിയെ വധിച്ചതിന് പിന്നാലെയാണ് ഇറാൻ തിരിച്ചടി ശക്തമാക്കിയത്. യുഎഇയുടെ പ്രതിരോധ മന്ത്രാലയം നൽകുന്ന വിവരമനുസരിച്ച്, 165 ബാലിസ്റ്റിക് മിസൈലുകളും 541 ഡ്രോണുകളുമാണ് ഇറാൻ പ്രയോഗിച്ചത്. ദുബായിലെ വിശ്വപ്രസിദ്ധമായ പാം ജുമൈറയിലും മിസൈലുകൾ പതിച്ചു. നിലവിൽ യുഎഇ വ്യോമപാത അടച്ചിരിക്കുകയാണ്. ദുബായ് വിമാനത്താവളത്തിലുൾപ്പെടെ സർവീസുകൾ നിർത്തിവെച്ചു.
advertisement
പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ ഡൽഹിയിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷാ കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCS) യോഗം വിളിച്ചുചേർത്തു. ഗൾഫ് രാജ്യങ്ങളിലും ഇറാനിലും ഇസ്രായേലിലുമായി കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ആശങ്ക. യുദ്ധം കൂടുതൽ വ്യാപിച്ചാൽ ഇവരെ ഒഴിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്തു
