സ്ത്രീ ശാക്തീകരണ രംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ച ലക്ഷപതി ദീദി പദ്ധതിയുടെ ലക്ഷ്യവും പ്രധാനമന്ത്രി പരിഷ്കരിച്ചു. മൂന്ന് കോടി ലക്ഷപതികളായിട്ടുള്ള സ്ത്രീകളെ സൃഷ്ടിക്കാനുള്ള ദൗത്യം നിശ്ചിത സമയത്തിന് ഒരു വർഷം മുൻപേ പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ, 2029 മാർച്ചോടെ ഈ എണ്ണം ആറ് കോടിയായി വർദ്ധിപ്പിക്കാനാണ് പുതിയ തീരുമാനം. കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനായി കാർഷിക ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ഒരു ലക്ഷം കോടിയിൽ നിന്നും രണ്ട് ലക്ഷം കോടി രൂപയായി ഇരട്ടിയാക്കാനും അദ്ദേഹം അംഗീകാരം നൽകി. കാർഷിക മൂല്യശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ ഈ നീക്കം സഹായിക്കും.
പുത്തൻ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി 10,000 കോടി രൂപയുടെ 'സ്റ്റാർട്ടപ്പ് ഇന്ത്യ ഫണ്ട് ഓഫ് ഫണ്ട്സ് 2.0' പദ്ധതിക്കും പ്രധാനമന്ത്രി അനുമതി നൽകി. ഡീപ് ടെക്, ആധുനിക ഉൽപ്പാദനം, നൂതന സാങ്കേതികവിദ്യകൾ എന്നിവയിൽ ഊന്നൽ നൽകുന്ന സ്റ്റാർട്ടപ്പുകൾക്ക് ഈ ഫണ്ട് വലിയ കരുത്താകും. പുതിയ ഓഫീസിലെ ആദ്യ പ്രവൃത്തിദിനം തന്നെ രാജ്യത്തിന്റെ ഭാവി വികസനത്തിന് ഊന്നൽ നൽകുന്ന വലിയ പ്രഖ്യാപനങ്ങളിലൂടെ മോദി സർക്കാർ തങ്ങളുടെ മുൻഗണനകൾ വ്യക്തമാക്കിയിരിക്കുകയാണ്.
