”താങ്കൾക്ക് 72 വയസായി, എന്നാൽ നിങ്ങളുടെ ഊർജം ചെറുപ്പക്കാരേക്കാൾ കൂടുതലാണ്. എന്താണ് ഇതിന്റെ രഹസ്യം? ” എന്ന ചോദ്യത്തിന് മറുപടി പറയവെയാണ് പ്രധാനമന്ത്രി മനസ്സുതുറന്നത്.
”ഒരു ദൗത്യത്തിനായി തങ്ങളുടെ ഊർജവും സമയവും വിഭവങ്ങളും പൂർണമായി വിനിയോഗിക്കുന്ന നിരവധി ആളുകളെ ലോകമെമ്പാടും നമുക്ക് കാണാനാകും. ഞാൻ മാത്രമല്ല അങ്ങനെ ചെയ്യുന്നത്. ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് നിരവധി പതിറ്റാണ്ടുകളായി, ജനങ്ങൾക്കിടയിൽ, താഴെത്തട്ടിൽ സജീവമായി പ്രവർത്തിച്ചയാളാണ്. ലക്ഷ്യത്തിനായി സ്വയം സമർപ്പിച്ച നിരവധി ആളുകളെ ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്. അവരിൽ നിന്നാണ് ഈ കഴിവുകളെല്ലാം ഞാൻ ആർജിച്ചത്”- പ്രധാനമന്ത്രി പറഞ്ഞു.
advertisement
”രണ്ടാമത്തേത്, അതിമോഹവും ലക്ഷ്യബോധവും തമ്മിലുള്ള വ്യത്യാസമാണ്. ആരെങ്കിലും അതിമോഹം കൊണ്ട് പ്രവർത്തിക്കുമ്പോൾ, അവർ നേരിടുന്ന ഏതൊരു ഉയർച്ചയും താഴ്ചയും അവരെ അസ്വസ്ഥരാക്കും. കാരണം, സ്ഥാനമാനങ്ങൾ, അധികാരം, സുഖസൗകര്യങ്ങൾ മുതലായവയോടുള്ള ആസക്തിയിൽ നിന്നാണ് അത് ഉണ്ടാകുന്നത്. എന്നാൽ ആരെങ്കിലും ഒരു ലക്ഷ്യത്തിനായി പ്രവർത്തിക്കുമ്പോൾ, വ്യക്തിപരമായി ഒന്നും നേടാനില്ല, അതിനാൽ ഉയർച്ച താഴ്ചകൾ അവരെ ബാധിക്കില്ല. ഒരു ദൗത്യത്തിനായി സ്വയം അർപ്പിക്കുക എന്നത് വലിയ കാര്യമാണ് അതിന് ശുഭാപ്തിവിശ്വാസവും ഊർജവും വേണം”
”എന്റെ രാജ്യത്തിന്റെയും എന്റെ ജനങ്ങളുടെയും വികസനത്തിനായി പ്രവർത്തിക്കുക എന്നതാണ് എന്റെ ദൗത്യം. ഇത് എനിക്ക് വലിയ ഊർജം നൽകുന്നു, പ്രത്യേകിച്ചും നമുക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുള്ളപ്പോൾ.
ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് തന്നെ ഇന്ത്യയിലെ മിക്കവാറും എല്ലാ ജില്ലകളിലും ഒരു സാധാരണക്കാരനെപ്പോലെ സന്ദർശിക്കുകയും താമസിക്കുകയും ചെയ്തിരുന്നുവെന്ന് ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നു. കഷ്ടപ്പെട്ട് ജീവിക്കുന്ന ലക്ഷക്കണക്കിന് ആളുകളെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. വലിയ പ്രതികൂല സാഹചര്യങ്ങളിലും അവരുടെ നിശ്ചയദാർഢ്യവും ഉറച്ച ആത്മവിശ്വാസവും ഞാൻ കണ്ടിട്ടുണ്ട്. നമുക്ക് മഹത്തായ ഒരു ചരിത്രമുണ്ട്. നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് വലിയ കഴിവുകളുണ്ട്.
പ്രധാനമന്ത്രിയുമായുള്ള അഭിമുഖം ഇംഗ്ലീഷിൽ വായിക്കാം
നമ്മുടെ രാജ്യത്ത് ഇനിയും ഉപയോഗിക്കപ്പെടാത്ത ഒരുപാട് സാധ്യതകളുണ്ടെന്നും ലോകത്തിന് ഇനിയും ഒരുപാട് കാര്യങ്ങൾ വാഗ്ദാനം ചെയ്യാനുണ്ടെന്നും എനിക്ക് ഉറച്ച വിശ്വാസമുണ്ട്. നമ്മുടെ ആളുകൾക്ക് വേണ്ടത് അത്ഭുതങ്ങൾ ചെയ്യാൻ കഴിയുന്ന ഒരു വേദിയാണ്. അത്തരമൊരു ശക്തമായ പ്ലാറ്റ്ഫോം സൃഷ്ടിക്കുക എന്നത് എന്റെ ദൗത്യമാണ്. അത് എന്നെ എല്ലായ്‌പ്പോഴും പ്രചോദിപ്പിക്കുന്നു. ഒരു വ്യക്തി ഒരു ദൗത്യത്തിനായി സ്വയം അർപ്പിച്ചിരിക്കുമ്പോൾ, ആരോഗ്യമുള്ള ശരീരവും മനസും നിലനിർത്താൻ അച്ചടക്കവും നല്ല ദൈനംദിന ശീലങ്ങളും ആവശ്യമാണ്. അക്കാര്യത്തിലും ഞാൻ ശ്രദ്ധിക്കാറുണ്ട്”- പ്രധാനമന്ത്രി പറഞ്ഞു.