” രാഹുല്‍ ഗാന്ധി ഒരു സമുദായത്തെയാണ് അപമാനിച്ചത്. അത് തിരുത്താന്‍ അദ്ദേഹത്തിന് അവസരം നല്‍കിയതുമാണ്. എന്നാല്‍ അദ്ദേഹം അത് സ്വീകരിച്ചില്ല. ഇന്ത്യയില്‍ എല്ലാവര്‍ക്കും നിയമം ഒരുപോലെയാണ്,’ ജയശങ്കര്‍ പറഞ്ഞു.
മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്ത് കോടതി കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. കൂടാതെ അപ്പീല്‍ പോകാന്‍ രാഹുലിന് 30 ദിവസത്തെ സമയവും കോടതി നല്‍കിയിരുന്നു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിക്കൊണ്ട് ലോക്‌സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കുകയും ചെയ്തിരുന്നു. വിഷയത്തെ നിയമപരമായി നേരിടുമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. കൂടാതെ ജനങ്ങളിലേക്ക് കൂടി ഈ വിഷയത്തെ എത്തിക്കുമെന്നും കോണ്‍ഗ്രസ് വക്താക്കള്‍ അറിയിച്ചിരുന്നു.
advertisement
അതേസമയം എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയ്ക്ക് അനുവദിച്ചിരുന്ന സര്‍ക്കാര്‍ വസതിയില്‍ നിന്ന് ഒഴിയണമെന്ന് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഏപ്രില്‍ 22നകം വസതിയില്‍ നിന്ന് ഒഴിയണമെന്നാണ് നോട്ടീസില്‍ പറയുന്നത്. എന്നാല്‍ ഇതോടെ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ പോര് ശക്തി പ്രാപിച്ചിരിക്കുകയാണ്.
രാഹുല്‍ ഗാന്ധി ഔദ്യോഗിക വസതി ഒഴിയണമെന്ന ലോകസഭാ സെക്രട്ടേറിയറ്റിന്റെ നോട്ടീസിന് രേഖാമൂലം അദ്ദേഹം മറുപടി നല്‍കിയിരുന്നു. ലോക്സഭാ സെക്രട്ടേറിയറ്റ് ഡെപ്യൂട്ടി സെക്രട്ടറി മോഹിത് രാജന് അയച്ച കത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് ഇങ്ങനെ : ”കഴിഞ്ഞ 4 ടേമുകളില്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയില്‍, ഇവിടെ ചെലവഴിച്ച സമയത്തിന്റെ സന്തോഷകരമായ ഓര്‍മ്മകള്‍ക്ക് ഞാന്‍ കടപ്പെട്ടിരിക്കുന്നത് ജനങ്ങളോടാണ്. എന്റെ അവകാശങ്ങള്‍ക്ക് മേല്‍ യാതൊരു മുന്‍വിധികളുമില്ലാതെ, തീര്‍ച്ചയായും, നിങ്ങളുടെ കത്തില്‍ അടങ്ങിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഞാന്‍ പാലിക്കും”.
2005 മുതല്‍ 12, തുഗ്ലക്ക് ലെയ്ന്‍ ബംഗ്ലാവില്‍ താമസിക്കുന്ന ഇസഡ് പ്ലസ് സുരക്ഷയുള്ള മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായ രാഹുല്‍ഗാന്ധിയ്ക്ക് ലോക്‌സഭാ സെക്രട്ടേറിയറ്റ് കത്തയച്ചതിനെ തുടര്‍ന്നാണ് ഹൗസിംഗ് കമ്മിറ്റി അദ്ദേഹത്തെ ഒഴിപ്പിക്കാന്‍ തീരുമാനമെടുത്തത്.
ഇതിനിടെ, രാഹുലിനെതിരായ സൂറത്ത് കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ഗുജറാത്തിലെ സെഷന്‍സ് കോടതിയില്‍ ഈയാഴ്ച അപ്പീല്‍ നല്‍കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.