വെടിവയ്പിന്റെ വാർത്ത പുറത്ത് വന്നതിന് പിന്നാലെ തന്നെ കൂടുതൽ ആളുകൾ പ്രതിഷേധ സ്ഥലത്തെത്തിച്ചേര്‍ന്നിരുന്നു. ദേശീയ ഗാനം ആലപിച്ചും മനുഷ്യചങ്ങല തീർത്ത് അതിനുള്ളിൽ നിസ്കരിച്ചും പ്രതിഷേധക്കാർ അവിടെത്തന്നെ തുടരുകയായിരുന്നു. വെടിയൊച്ച കേട്ട് എല്ലാവരും ഭയന്നു പോയെങ്കിലും പ്രതിഷേധ വേദി വിടില്ലെന്നാണ് സമരക്കാരിലൊരാളായ സ്ത്രീ പറയുന്നത്.
'അക്രമം ആരും ആഗ്രഹിക്കുന്നില്ല.. ഷഹീൻബാഗിൽ ആളുകൾ സമാധാനത്തോടെ പ്രതിഷേധിക്കുന്നത് പ്രധാനമന്ത്രി നേരിട്ടെത്തി കാണണം. ഇവിടെയുള്ളവർ ആരും തന്നെ ഒരു തരത്തിലുള്ള ആക്രമസംഭവങ്ങൾക്ക് മുതിരുന്നില്ല. അത് വെടിവയ്പ്പോ അതു പോലെ മറ്റെന്തിങ്കിലുമോ ആണെങ്കിലും.. നിയമം കേന്ദ്രം പിൻവലിക്കണമെന്ന് മാത്രമാണ് ഞങ്ങളുടെ ആവശ്യം.. അതുവരെ ഇവിടെ പ്രതിഷേധം തുടരുക തന്നെ ചെയ്യും.' കഴിഞ്ഞ മൂന്നാഴ്ചയായി ഷഹീൻബാഗിലെ പ്രതിഷേധത്തിൽ പങ്കാളിയായ ഫർജാന എന്ന യുവതി പറയുന്നു.
advertisement
വെടിവയ്പ്പിനെ തുടർന്ന് സർക്കാരിനെതിരെയും ഡൽഹി പൊലീസിനെതിരെയും രൂക്ഷവിമർശനങ്ങളും ഇവർ ഉന്നയിക്കുന്നുണ്ട്. 'പ്രതിഷേധക്കാരെ ഭയപ്പെടുത്തി ഓടിച്ച് പ്രതിഷേധം ഇല്ലായ്മ ചെയ്യാമെന്നാണ് ഇത്തരം നീക്കങ്ങളിലൂടെ സർക്കാർ കരുതുന്നത്. എന്നാൽ ജനങ്ങൾ ഇവിടെ പ്രതിഷേധിക്കുന്നത് അവരുടെ അവകാശങ്ങൾക്ക് വേണ്ടിയാണ്. പുതിയ പൗരത്വ നിയമ ഭേദഗതി പിൻവലിക്കാന്‍ വേണ്ടിയാണ്. അത് നടപ്പാക്കുന്നത് വരെ ആരും ഇവിടെ നിന്നനങ്ങില്ല..' പ്രതിഷേധക്കാർ പറയുന്നു.
ബിജെപി നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളാണ് ഇത്തരം ആക്രമണ സംഭവങ്ങളിലേക്ക് നയിക്കുന്നതെന്ന ആരോപണവും പ്രതിഷേധക്കാരിൽ ചിലർ ഉന്നയിക്കുന്നുണ്ട്. 'NRCയും CAAയും അല്ല വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളുമാണ് രാജ്യത്തിന് വേണ്ടത്. മതത്തിന്റെ പേരിൽ ഞങ്ങളെ വിഭജിക്കാതിരിക്കു..' എന്നായിരുന്നു മറ്റൊരാളുടെ വാക്കുകൾ..
