ലക്സ്, ക്വാളിറ്റി വാൾസ്, ഫെയർ ആൻഡ് ലവ്ലി, വാസലൈൻ എന്നിങ്ങനെ നിരവധി ഉൽപന്നങ്ങളുടെ നിർമാതാക്കളായ ഹിന്ദുസ്ഥാൻ ലിവർ, അവരുടെ മറ്റൊരു ഉൽപന്നമായ സർഫ് എക്സലിന്റെ പരസ്യത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ കടുത്ത ആക്രണം നേരിടുകയാണ്. മതസൗഹാർദം ലക്ഷ്യമിട്ട് തയാറാക്കിയ പരസ്യത്തെ പിന്തുണച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ പേരിലെ സാമ്യത്തിന്റെ പേരിൽ മൈക്രോ സോഫ്റ്റിന്റെ സോഫ്റ്റ് വെയറായ എംഎസ് എക്സലിനെതിരെയും ഡിസ് ലൈക്ക് കമന്റുകൾ പ്രത്യക്ഷപ്പെടുന്നുവെന്നതാണ് രസകരം.
ഹോളിദിനത്തിൽ പെൺകുട്ടി സൈക്കിൾ ചവിട്ടിയെത്തുന്നതും മറ്റുകുട്ടികൾ അവളുടെ മേൽ നിറങ്ങൾ കലർത്തിയ വെള്ളം വീഴ്ത്തുന്നതുമാണ് പരസ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇനിയും തന്റെ മേൽ നിറം വീഴ്ത്താൻ കുട്ടി പറയുന്നു. മറ്റുള്ള കുട്ടികളുടെ കൈവശമുള്ള വെള്ളമെല്ലാം തീർന്നെന്ന് ഉറപ്പിച്ചശേഷം വെള്ള പൈജാമയും നിസ്കാര തൊപ്പിയും ധരിച്ച ആൺകുട്ടിയെ പെൺകുട്ടി സൈക്കിളിൽ കയറ്റി പള്ളിയിലെത്തിക്കുന്നതുമാണ് പരസ്യത്തിൽ. എന്തുകൊണ്ട് പരസ്യങ്ങളിൽ ഹിന്ദുക്കളെ മാത്രം ലക്ഷ്യമിടുന്നുവെന്നാണ് വിമർശകർ ചോദിക്കുന്നത്. എന്നാൽ നിരവധിപേർ പരസ്യത്തെ അനുകൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്.
സർഫ് എക്സലിന്റെ പരസ്യത്തിൽ താൻ സന്തുഷ്ടവാനല്ലെന്ന് കമ്പനിയെ ബോധ്യപ്പെടുത്താൻ ഒരു ആൻഡ്രോയിഡ് യൂസർ ഗൂഗിൾ പ്ലേ സ്റ്റോറിൽ കയറി ആപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. എന്നാൽ അബദ്ധത്തിൽ ആ യൂസർ തെരഞ്ഞെടുത്ത ആപ്ലിക്കേഷൻ മൈക്രോസോഫ്റ്റിന്റെ എം എസ് എക്സൽ ആയിപ്പോയി. എംഎസ് എക്സലിന് ഒരു സ്റ്റാർ റേറ്റിംഗും നൽകി. എന്നിട്ട് ഇങ്ങനെ എഴുതി- 'സർഫ് എക്സലിനെ ബഹിഷ്കരിക്കൂ. ഹിന്ദുവിരോധികളാണ് അവർ. പാകിസ്ഥാനിൽപോയി ബിസിനസ് ചെയ്യട്ടെ'. ഇത് ട്വിറ്ററിൽ പലരും ഷെയർ ചെയ്തു.
ഇതാദ്യമല്ല ഇന്ത്യയിൽ ഇത്തരം അബദ്ധം സംഭവിക്കുന്നത്. 2017ൽ ഇ-കൊമേഴ്സ് ഭീമൻ സ്നാപ്പ് ഡീലിന് ഇത്തരത്തിൽ 'പണി' കിട്ടിയിരുന്നു. സ്നാപ്പ് ചാറ്റ് വിവാദത്തെ തുടർന്ന് പകരം സ്നാപ്പ് ഡീലിന് നേരെ വിമർശനങ്ങൾ നിറഞ്ഞു. ഇന്ത്യ, സ്പെയിന്‍ പോലുള്ള ദരിദ്ര രാജ്യങ്ങളെ ലക്ഷ്യമിട്ടല്ല സ്‌നാപ് ചാറ്റ് പ്രവർത്തിക്കുന്നതെന്നും ഇവിടങ്ങളിൽ സജീവമാകാൻ പദ്ധതിയില്ലെന്നും സിഇഒ ഇവാൻ സ്പെയിഗൽ പറഞ്ഞതായിരുന്നു അന്ന് വിവാദമുണ്ടാക്കിയത്.