ഐആർസിയുടെ ലെറ്റർ ഹെഡിൽ ഇന്റലിജൻസ് ബ്യൂറോക്ക് ലഭിച്ച കത്തിന്റെയും സംഘടനയുടെയും നിജസ്ഥിതി സംബന്ധിച്ച് അന്വേഷണം നടത്തിവരുകയാണ്. ക്രമസമാധാന ചുമതലയുള്ള എഡിജിപി അലോക് കുമാറിന് കത്തിൽ ഭീഷണിയുണ്ട്. കത്ത് എവിടെനിന്നയച്ചുവെന്നത് സംബന്ധിച്ച് സൂചനകളില്ലെന്നും ഐആർസിയെ കുറിച്ച് മുമ്പ് കേട്ടിട്ടില്ലെന്നും പൊലീസ് പ്രതികരിച്ചു. കേസിലെ മുഖ്യപ്രതി ശിവമൊഗ്ഗ തീർത്ഥഹള്ളിയിൽ താമസിക്കുന്ന ഷാരിഖിന്റെ (29) ഫോട്ടോ ചേർത്ത കത്ത് ഇംഗ്ലീഷിലാണ് ടൈപ് ചെയ്തിട്ടുള്ളത്.
Also Read- മംഗളൂരു സ്ഫോടനത്തിന് മുൻപ് ട്രയൽ നടത്തി; സ്ഫോടനം നടത്തിയത് ശിവമോഗയിൽ
advertisement
‘മംഗളൂരുവിലെ കാവി തീവ്രവാദികളുടെ കോട്ടയായ കദ്രിയിലെ ഹിന്ദുത്വ ക്ഷേത്രം ആക്രമിക്കാൻ തങ്ങളുടെ പോരാളിയായ സഹോദരൻ ശ്രമം നടത്തി’ എന്നാണ് കത്തിലെ പ്രധാന വരി. ഓപ്പറേഷൻ ലക്ഷ്യം കണ്ടില്ലെങ്കിലും അതൊരു വിജയമായാണ് കാണുന്നത്. സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ഇന്റലിജൻസ് ഏജൻസികൾ പിന്തുടരുന്ന തങ്ങളുടെ സഹോദരന് അവരെ ഒളിച്ചുകടക്കാമായിരുന്നിട്ടും ആക്രമണത്തിനുവേണ്ടി തയാറെടുപ്പുകൾ നടത്തുകയായിരുന്നു.
തങ്ങളുടെ സഹോദരന്റെ അറസ്റ്റിൽ സന്തോഷിക്കുന്ന എഡിജിപി അലോക് കുമാറിനെ പോലുള്ളവരുടെ സന്തോഷത്തിന് അൽപായുസ്സാണെന്നും അടിച്ചമർത്തലിന്റെ ഫലം വൈകാതെ നിങ്ങൾ അനുഭവിക്കുമെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് കദ്രിയിലെ പ്രശസ്ത മഞ്ജുനാഥ ക്ഷേത്രത്തെ ലക്ഷ്യമിട്ടതെന്ന് പറയപ്പെടുന്ന സ്ഫോടനം അരങ്ങേറിയത്. പ്രഷർ കുക്കറിൽ ഒരുക്കിയ സ്ഫോടക വസ്തുക്കളുമായി ശിവമൊഗ്ഗ തീർത്ഥഹള്ളി സ്വദേശി ഷാരിഖ് (29) ഓട്ടോയിൽ പോകവെ പ്രഷർ കുക്കർ പൊട്ടിത്തെറിക്കുകയായിരുന്നു. ഷാരിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ശരീരത്തിന്റെ 40 ശതമാനവും പൊള്ളലേറ്റ ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായതിനാൽ പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം, മംഗളൂരു സ്ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരിഖ് തങ്ങിയ ആലുവയിലെ ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ വിശദപരിശോധനക്കായി സംസ്ഥാന പൊലീസിലെ തീവ്രവാദവിരുദ്ധ വിഭാഗം ശേഖരിച്ചു. സെപ്റ്റംബർ 13 മുതൽ 18 വരെയാണ് ഇയാൾ ലോഡ്ജിലുണ്ടായിരുന്നത്. പ്രേംരാജ് എന്ന പേരിലാണ് മുറിയെടുത്തത്. ഭക്ഷണം കഴിക്കാനൊഴികെ കൂടുതൽ സമയവും ഇയാൾ ലോഡ്ജിൽ തന്നെയായിരുന്നുവെന്നാണ് ജീവനക്കാരുടെ മൊഴി. 17 ദിവസം വരെ മാത്രം ദൃശ്യങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന സിസിടിവി സംവിധാനമാണ് ഇവിടെയുള്ളത്.
Also Read- മംഗളൂരു സ്‌ഫോടനം: ബോംബിനുള്ള ഫോസ്ഫറസ് തീപ്പെട്ടിയില്‍ നിന്ന്; ബാക്കി ഓണ്‍ലൈനില്‍ വാങ്ങി
ഈ ദിവസങ്ങളിൽ വിദേശ കോളുകളുണ്ടോയെന്നറിയാൻ വിശദ പരിശോധന വേണ്ടിവരും. തങ്ങിയ ദിനങ്ങളിലെ ദൃശ്യങ്ങൾ വീണ്ടെടുക്കാനാകുമോയെന്ന് പ്രത്യേകമായി പരിശോധിക്കേണ്ടതുണ്ട്. അഞ്ച് ദിവസം ഇവിടെ താമസിച്ചിരുന്നുവെന്ന് സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് സ്ഥിരീകരിച്ചിരുന്നു. ശരീരവണ്ണം കുറക്കുന്നതിനുള്ള ചില വസ്തുക്കളും ഫേസ്‍വാഷും ഓൺലൈനായി ഇവിടെവെച്ച് ഷാരീഖ് വാങ്ങിയതായും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക സഹായം കിട്ടിയോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.