മംഗളുരു നഗരത്തെ നടുക്കിയ സ്ഫോടനവുമായി ബന്ധപ്പെട്ട നിർണായക തെളിവുകള്‍ ശേഖരിച്ച് കര്‍ണാടക പൊലീസ്. സ്ഫോടനം നടത്തിയ പ്രതി മുഹമ്മദ് ഷാരിഖിന്റെ മൈസൂരുവിലുള്ള വീട്ടില്‍ നടത്തിയ പരിശോധനയിലാണ് നിര്‍ണ്ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചത്. പ്രഷര്‍ കുക്കറുകള്‍, ജെലാറ്റിന്‍ സ്റ്റിക്ക്, റിലേ സര്‍ക്ക്യൂട്ട്, നിരവധി വയറുകള്‍ തുടങ്ങി അമ്പതിലധികം സാധനങ്ങള്‍ ഷാരിഖിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
പൊട്ടാസ്യം നൈട്രേറ്റ്, സള്‍ഫര്‍, ഫോസ്ഫറസ് എന്നിവയാണ് ബോംബ് നിര്‍മ്മിക്കാനായിവ ഉപയോഗിച്ച പ്രധാന വസ്തുക്കൾ എന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണത്തില്‍ (ഐഇഡി) ഉപയോഗിച്ച ഫോസ്ഫറസ് തീപ്പെട്ടികളില്‍ നിന്നുമാണ് ശേഖരിച്ചിരിക്കുന്നത്. അതുകൂടാതെ പ്രാദേശിക കെമിക്കല്‍ ഷോപ്പുകളില്‍ നിന്നും സള്‍ഫര്‍ പോലുള്ള രാസവസ്തുക്കള്‍ വാങ്ങി ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. ബോംബ് നിര്‍മ്മിക്കാനാവശ്യമായ മറ്റ് സാധനങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്നാണ് വാങ്ങിയിരിക്കുന്നതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം തീപ്പെട്ടിക്കൊള്ളികളില്‍ നിന്ന് ശേഖരിക്കുന്ന ഫോസ്ഫറസ് ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ സെപ്റ്റംബറില്‍ ഷിമോഗയില്‍ ഉണ്ടായ ഒരു സ്ഫോടനത്തിലും ഫോസ്ഫറസ് ഉപയോഗിച്ചത് തീപ്പെട്ടിക്കൊള്ളികളില്‍ നിന്നാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (എഡിജിപി) അലോക് കുമാര്‍ പറയുന്നു.
ഷിമോഗ സ്ഫോടനക്കേസില്‍ രണ്ട് യുവ എഞ്ചിനിയര്‍മാരെ എന്‍ഐഎ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഷിമോഗയില്‍ നിന്ന് തന്നെയുള്ള ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ സയ്യിദ് യാസിന് (21), എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ മസ് മുനീര്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈ സംഭവത്തില്‍ മംഗളുരൂ സ്ഫോടനക്കേസ് പ്രതി കൂടിയായ മുഹമ്മദ് ഷാരിഖിന് പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. ഷാരീഖും ഈ ഗൂഢാലോചനയില്‍ പങ്കെടുത്തിരുന്നതായി സംശയിക്കുന്നുവെന്നാണ് പൊലീസ് ഭാഷ്യം.
ഷാരിഖിന്റെ പ്രധാന കൂട്ടാളി ദുബായിലോ?
സ്ഫോടനത്തില്‍ ഷാരീഖിന് എല്ലാവിധ സഹായങ്ങളും ചെയ്തു നല്കിയ പ്രധാന കൂട്ടാളി ദുബായിലാണെന്നാണ് കര്‍ണ്ണാടക പൊലീസ് പറയുന്നത്. അബ്ദുള്‍ മദീന്‍ താഹ എന്നാണ് അയാളുടെ പേര്. അല്‍ഹിന്ദ് ഐഎസ്ഐഎസ് കേസുമായി ബന്ധപ്പെട്ട് പൊലീസ് തെരയുന്ന ആളാണ് അബ്ദുള്‍. തീര്‍ത്ഥഹള്ളിയിലെ ഇയാളുടെ വീട് എന്‍ഐഎ 2020ല്‍ റെയ്ഡ് ചെയ്തിരുന്നു. തലയ്ക്ക് 3 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരിക്കുന്ന കൊടുംകുറ്റവാളിയാണ് അബ്ദുള്‍ മദീന്‍ താഹയെന്നും കര്‍ണ്ണാടക പൊലീസ് പറഞ്ഞു.
അതേസമയം ഷാരിഖിന്റെ മൊബൈല്‍ സിം കാര്‍ഡ് പരിശോധിച്ചപ്പോള്‍ അയാള്‍ സെപ്റ്റംബര്‍ 3, 4 തീയതികളില്‍ കോയമ്പത്തൂരില്‍ എത്തിയിരുന്നതായി വ്യക്തമായിട്ടുണ്ട്. അവിടെ അയാള്‍ പോയ സ്ഥലങ്ങളെപ്പറ്റിയും സംസാരിച്ച ആളുകളെപ്പറ്റിയും ഉള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് വരികയാണ്. കഴിഞ്ഞ മാസം കോയമ്പത്തൂരില്‍ വെച്ച് നടന്ന സ്ഫോടനക്കേസിലെ പ്രതി ജമീഷ മൂബീനുമായി ഷാരിഖിന് ബന്ധമുണ്ടോ എന്ന കാര്യത്തെപ്പറ്റി കൂടുതല്‍ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
കോയമ്പത്തൂരില്‍ നിന്ന് നാഗര്‍കോവില്‍ വഴി കേരളത്തിലും എത്തിയിരുന്നു ഷാരിഖ്. കേരളത്തിലെ ആലുവയില്‍ ഇയാള്‍ ഒരാഴ്ച താമസിച്ചിരുന്നു. ആ മേൽവിലാസത്തിലാണ് ആമസോണിലൂടെ സാധനങ്ങള്‍ വാങ്ങിയത്. ആ വിവരങ്ങള്‍ ലഭിക്കാനുള്ള അന്വേഷണവും കര്‍ണ്ണാടക പൊലീസ് ഊര്‍ജിതമാക്കിക്കഴിഞ്ഞു.
ഷാരിഖിനെ സിം കാര്‍ഡ് എടുക്കാന്‍ സഹായിച്ചത് മറ്റൊരാള്‍
ഷാരീഖിനെ കണ്ട് ഒരു പാവം മനുഷ്യന് എന്ന് കരുതി മൊബൈല്‍ സിം കാര്‍ഡ് എടുക്കാന്‍ സഹായിച്ചത് സുരേന്ദ്രന് എന്നയാളാണെന്ന് കര്‍ണ്ണാടക പൊലീസ് പറയുന്നു. ഷാരീഖുമായി പരിചയത്തിലായി ഇയാളോട് സിം കാര്‍ഡ് എടുക്കാന്‍ സഹായിക്കണമെന്ന് അപേക്ഷിച്ചുവെന്ന് ആരും സഹായിക്കാനില്ലാത്ത പാവം ചെറുപ്പക്കാരന് എന്ന് തോന്നി തന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് സിം കാര്‍ഡ് എടുത്തു നല്‍കുകയായിരുന്നു എന്നാണ് സുരേന്ദ്രന് പൊലീസിനോട് പറഞ്ഞത്. ഈ സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. മൊസൂരുവിലെത്തുന്നതിന് മുമ്പ് നിരവധി വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഷാരിഖ് ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കോയമ്പത്തൂര്‍ ബന്ധം
കോയമ്പത്തൂരിലും മംഗളുരുവിലും നടന്ന സ്ഫോടനം ഐഎസ്ഐഎസ് രീതിയിലുള്ളതാണ്. കോയമ്പത്തൂര്‍ സ്ഫോടനം ഒരു മനുഷ്യബോംബ് എന്ന രീതിയിലായിരുന്നു. എന്നാല്‍ മംഗളുരുവില്‍ സ്ഫോടനസ്ഥലത്ത് വെച്ച് തന്നെ ബോംബുണ്ടാക്കി കൂടുതല്‍ പേരെ വധിക്കുക എന്ന രീതിയിലായിരുന്നു.
' ഷാരിഖ് മൈസൂരില്‍ നിന്ന് മംഗലാപുരത്തേക്ക് ബസില്‍ യാത്ര ചെയ്ത ശേഷം നാഗോരി ബസ് സ്റ്റേഷനില്‍ നിന്ന് പമ്പ്വെല്‍ ജംഗ്ഷനിലേക്ക് ഓട്ടോയില്‍ കയറിയതായി സംശയിക്കുന്നു. യാത്രയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ വഴിയില്‍ ഐഇഡി പൊട്ടിത്തെറിച്ചിരിക്കാം. സംഭവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ഒരാള്‍ കൂടിയുണ്ട്. അയാളെ ചോദ്യം ചെയ്തതിന് ശേഷമേ ഷാരീഖിന്റെ അന്തിമ ലക്ഷ്യസ്ഥാനം എന്തായിരുന്നു എന്നതിനെപ്പറ്റി വ്യക്തമായി പറയാന്‍ സാധിക്കുവെന്ന് ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
Also Read- മംഗളൂരു സ്ഫോടനം: ബോംബിനുള്ള സ്ഫോടക വസ്തുക്കളെത്തിയത് ആലുവയിലെ ലോഡ്ജിലെ കൊറിയറിലെന്ന് സംശയം
കോയമ്പത്തൂരിലും മംഗളൂരുവിലും ഉപയോഗിച്ച സ്ഫോടകവസ്തുക്കള്‍ സമാനമാണ്. എന്നാല്‍ മംഗലാപുരം സ്ഫോടനത്തിന് ഉപയോഗിച്ച ബോംബ് കുറഞ്ഞ ഗ്രേഡ് ഉള്ള സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുള്ളത് ആണെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍, കോയമ്പത്തൂര്‍ സ്ഫോടനം നടത്തുന്നതിന് മുമ്പ് പ്രതി മുബീന് ബോംബ് നിര്‍മ്മിക്കുന്നതിനെപ്പറ്റിയുള്ള വീഡിയോകള്‍ ഓണ്‍ലൈനിലൂടെ കണ്ട് മനസ്സിലാക്കി പഠിച്ചിരുന്നു. സമാനമായി മംഗളൂരു കേസിലും ബോംബ് നിര്‍മ്മിക്കുന്നതിനെപ്പറ്റിയുള്ള വിവരങ്ങള്‍ അടങ്ങിയ PDF ഫയലുകളും ഷാരിഖിന്റെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തി.
അതേസമയം മംഗളൂരു കേസ് എന്‍ഐഎ ഇതുവരെ ഏറ്റെടുത്തിട്ടില്ല. എന്നാല്‍ രണ്ട് കേസുകളിലെയും സാമ്പത്തിക സ്രോതസ്സുകളെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയാന്‍ വിവിധ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Karnataka, Mangaluru blast