എണ്ണയില്‍ വറുത്തെടുക്കുന്നതും പഞ്ചസാരയും കൊഴുപ്പും അടങ്ങിയതുമായ ലഘു ഭക്ഷണപദാര്‍ത്ഥങ്ങള്‍ ജീവിതശൈലി രോഗങ്ങളുടെ പ്രധാന കാരണമാണ്. ഇത്തരം വസ്തുതകളും വിവരങ്ങളും ഉള്‍കൊള്ളിച്ചുള്ളതായിരിക്കും മുന്നറിയിപ്പ് നിര്‍ദ്ദേശങ്ങള്‍. സിഗരറ്റ് പോലുള്ള പുകയില ഉത്പന്നങ്ങള്‍ക്ക് നല്‍കുന്നതുപോലെ മധുര-എണ്ണ പലഹാരങ്ങളുടെ ദോഷവശങ്ങള്‍ വ്യക്തമാക്കുന്നതായിരിക്കണം മുന്നറിയിപ്പുകള്‍ എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
ആദ്യ ക്യാമ്പെയിന്‍ ആരംഭിക്കുന്നത് നാഗ്പൂരിലാണ്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ് നാഗ്പൂര്‍) ആയിരിക്കും പ്രാരംഭ ക്യാമ്പെയിന് തുടക്കം കുറിക്കുക. എയിംസ് ക്യാമ്പസിലെ കഫ്റ്റീയകളിലും പൊതുഭക്ഷണശാലകളിലും ആളുകള്‍ പെട്ടെന്ന് ശ്രദ്ധിക്കുന്ന ഇടങ്ങളിലുമെല്ലാം മധുര-എണ്ണ പലഹാരങ്ങളുടെ ഉപഭോഗത്തിനെതിരെയുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.
advertisement
എന്താണ് നീക്കത്തിന്റെ ഉദ്ദേശ്യം ?
ഇന്ത്യ വലിയ ആരോഗ്യ പ്രതിസന്ധിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ജനങ്ങളില്‍ പൊണ്ണത്തടി, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു ക്യാമ്പെയിനിന് തുടക്കം കുറിക്കുന്നത്.
വറുത്തതും പഞ്ചസാര ചേര്‍ത്തതുമായ ലഘുഭക്ഷണങ്ങളുടെ പതിവ് ഉപഭോഗം ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാനുള്ള ഒരു പ്രധാന കാരണമാണ്. 20250 ആകുമ്പോഴേക്കും ഏകദേശം 440 ദശലക്ഷം ഇന്ത്യക്കാര്‍ അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആയേക്കുമെന്നാണ് ദി ലാന്‍സെറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ആഗോള വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ പ്രതിസന്ധി മറികടക്കുന്നതിനുള്ള ബോധവത്കരണമാണ് ക്യാമ്പെയിനിലൂടെ ഉദ്ദേശിക്കുന്നത്.
എന്ത് മാറ്റമുണ്ടാകും ?
എയിംസ് നാഗ്പൂര്‍ പോലുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശകര്‍ ഈ നിർദ്ദേശങ്ങൾ കാണും:
* ജനപ്രിയ ഭക്ഷണശാലകള്‍ക്ക് മുന്നിലുള്ള മുന്നറിയിപ്പുകള്‍
* ഭക്ഷണസാധനങ്ങളിലെ പഞ്ചസാര, കൊഴുപ്പ്, എണ്ണ എന്നിവ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തും
*പതിവ് ഉപഭോഗം വരുത്തിവെക്കുന്ന ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചുള്ള സന്ദേശങ്ങള്‍
പുകയില ഉത്പന്നങ്ങളുടെ പാക്കിലേതുപോലെ നേരിട്ടുള്ളതും ഫലപ്രദവുമായ രീതിയിലാണ് മുന്നറയിപ്പ് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുക.
അതേസമയം, ഇത്തരം ഭക്ഷപദാര്‍ത്ഥങ്ങളുടെ നിരോധനമല്ല ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവയുടെ ഉപഭോഗം സംബന്ധിച്ച് മെച്ചപ്പെട്ട അവബോധം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും കേന്ദ്രം പറയുന്നു.
സമൂസയും ജിലേബിയുമൊക്കെ വിപണിയില്‍ എപ്പോഴും ലഭ്യമായിരിക്കും. എന്നാല്‍ എന്താണ് കഴിക്കുന്നത് എന്നതിനെ കുറിച്ച് ജനങ്ങളെ അറിയിക്കാനാണ് ഈ നീക്കം. ഇവയുടെ നിയന്ത്രണമല്ല മറിച്ച് മിതമായ അളവിലുള്ള ഉപഭോഗം പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.
വരും മാസങ്ങളില്‍ കൂടുതല്‍ നഗരങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും ക്യാമ്പെയിന്‍ വ്യാപിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ജനങ്ങള്‍ക്കുള്ള ഒരുണര്‍ത്തു കോളായി പ്രവര്‍ത്തിക്കുമെന്നും കൂടുതല്‍ ആളുകളെ സമീകൃതാഹാരത്തിലേക്ക് തള്ളിവിടുമെന്നുമാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ശ്രദ്ധയോടെ ഭക്ഷണം തിരഞ്ഞെടുക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുമെന്നും കരുതുന്നു.