കർണാടകയിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കെല്ലാം രൂപം നൽകിയത് സുനിലിന്റെ നേതൃത്വത്തിലുള്ള ‘മൈൻഡ്‌ഷെയർ’ എന്ന സംഘമായിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനം അദ്ദേഹം ഏറ്റെടുക്കാനെത്തിയപ്പോഴേക്കും അപകടം മണത്ത മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കനഗോലുവിനെ ബിജെപി പാളയത്തിലെക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. സുനിലും സംഘവും നടത്തിയ സർവേയുടെ അടിസ്ഥാനത്തിലായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തിയത്.
Also Read- മുന്‍ ക്രിക്കറ്റ് താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണൻ തമിഴ്‌നാട് ബിജെപി സ്‌പോര്‍ട്‌സ് സെല്‍ ഉപാധ്യക്ഷൻ
advertisement
രാഹുൽ ഗാന്ധി കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്ക് നടത്തിയ ഭാരത് ജോഡോ യാത്രയുടെ തന്ത്രങ്ങൾ മെനയുന്നതിലും നിർണായക പങ്കുണ്ടായിരുന്നു. ബസവരാജ് ബൊമ്മൈക്കെതിരായ കോൺഗ്രസ് കാമ്പയിനുകളുടെ ആസൂത്രണത്തിന് പിന്നിലും അദ്ദേഹമായിരുന്നു. ബൊമ്മൈയുടെ അഴിമതി ഉയർത്തിക്കാട്ടിയുള്ള ‘പേ സി എം’, ’40 ശതമാനം കമ്മീഷൻ സർക്കാർ’ തുടങ്ങിയ കാമ്പയിനുകളെല്ലാം അദ്ദേഹത്തിന്റെ തന്ത്രമായിരുന്നു. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ രൂപപ്പെടുത്തുന്നതിലും നിർണായക പങ്കുവഹിച്ചു.
കർണാടകയിലെ ബെള്ളാരി സ്വദേശിയാണ്. വളർന്നതും പഠിച്ചതും ചെന്നൈയിലാണ്. ഉന്നത പഠനം യുഎസിലും. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം, ഗുജറാത്തിൽ രാഷ്ട്രീയ തന്ത്രങ്ങളിൽ ഏർപ്പെടുകയും അസോസിയേഷൻ ഓഫ് ബില്യൺ മൈൻഡ്സിന്‍റെ (എബിഎം) നേതൃസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.
കോൺഗ്രസിനൊപ്പം ചേരുന്നതിന് മുമ്പ് ബിജെപിക്ക് വേണ്ടിയും സുനിൽ പ്രവർത്തിച്ചിട്ടുണ്ട്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന തന്ത്രജ്ഞരിൽ ഒരാളായിരുന്നു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുകളിലും കനുഗോലുവാണ് ബിജെപിയുടെ പ്രചാരണ വിഭാഗം കൈകാര്യം ചെയ്തത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ പ്രചാരണത്തിന് മേൽനോട്ടം വഹിച്ചു. ആ തെരഞ്ഞെടുപ്പിൽ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം 39 സീറ്റുകളിൽ 38 എണ്ണവും നേടി. പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.