ഇത്തരം തെളിവുകൾ അനുവദിക്കുന്നത് ഗാർഹിക ഐക്യത്തെയും ദാമ്പത്യ ബന്ധങ്ങളെയും അപകടത്തിലാക്കുമെന്നും പങ്കാളിയുടെ സ്വകര്യതയിലേക്ക് ഒളിഞ്ഞുനോക്കാൻ പ്രോത്സാഹിപ്പിക്കുമെന്നും അതിനാൽ തെളിവ് നിയമത്തിലെ സെക്ഷൻ 122 ന്റെ ലംഘനമാണെന്നുമുളള്ള ചില വാദങ്ങൾ ഉയർന്നിരുന്നു. എന്നാൽ അത്തരമൊരു വാദം നിലനിൽക്കുമെന്ന് കരുതുന്നില്ലെന്നും പങ്കാളികൾ പരസ്പരം ഒളിഞ്ഞുനോക്കുന്ന ഒരു ഘട്ടത്തിൽ വിവാഹം എത്തിയിട്ടുണ്ടെങ്കിൽ, അത് തന്നെ ബന്ധത്തിലെ തകർച്ചയുടെ ലക്ഷണമാണെന്നും അവർക്കിടയിലുള്ള വിശ്വാസമില്ലായ്മയെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും വിധി പ്രസ്താവിച്ചുകൊണ്ട് ബെഞ്ച് നിരീക്ഷിച്ചു.
പഞ്ചാബിലെ ഒരു ദമ്പതികളുടെ വിവാഹ മോചനക്കേസ് പരിഗണിക്കവെ ഭാര്യയുടെ റെക്കോഡ് ചെയ്ത ഫോൺ കോളുകൾ തെളിവായി ഉപയോഗിക്കാൻ ഭട്ടിൻഡയിലെ കുടുംബ കോടതി അനുമതി നൽകിയിരുന്നു.ഇതിനെ ചോദ്യം ചെയ്ത് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയെ സമീപിച്ച ഭാര്യ, തന്റെ സമ്മതമില്ലാതെയാണ് ഈ റെക്കോർഡിംഗ് നടത്തിയതെന്നും അത് സ്വീകരിക്കുന്നത് സ്വകാര്യതയെന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്നും വാദിച്ചു. തുടർന്ന് ഹൈക്കോടതി ഭാര്യയുടെ വാദം അംഗീകരിക്കുകയും കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. സംഭാഷണങ്ങൾ ഒരു കക്ഷി രഹസ്യമായി റെക്കോർഡ് ചെയ്തതിനാൽ തെളിവായി അത്തരം റെക്കോർഡിംഗുകൾ അനുവദിക്കുന്നത് നീതീകരിക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതി നിരീക്ഷിച്ചത്.
advertisement
ഈ വിധിയെ ചോദ്യം ചെയ്തത് ഭർത്താവ് സുപ്രീം കോടതിയെ സമീപിക്കുകയും സ്വകാര്യതയ്ക്കുള്ള അവകാശം സമ്പൂർണ്ണമല്ലെന്നും മറ്റ് അവകാശങ്ങളും മൂല്യങ്ങളുമായി സന്തുലിതമായിരിക്കണമെന്നും വാദിച്ചു.തെളിവ് നിയമത്തിന്റെ 122–ാം വകുപ്പ് അനുസരിച്ച് ഭർത്താവും ഭാര്യയുമായുള്ള സംഭാഷണം അവർ തമ്മിലുള്ള സ്വകാര്യ സംഭാഷണമാണെന്നും എന്നാൽ വിവാഹ മോചന കേസിലാണെങ്കിൽ അതൊരു തെളിവായി കണക്കാക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി