ജനുവരി 6-നാണ് സംഭവങ്ങളുടെ തുടക്കം. എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ നോക്കുന്നതിനായി, അമിതമായ ജോലിഭാരം കാരണം റിതു ജോലി രാജിവെച്ചിരുന്നു. ഇതിന്റെ റിലീവിംഗ് രേഖകൾ വാങ്ങാനാണ് റിതു ബാങ്കിലെത്തിയത്. അവിടെ വെച്ച് ബാങ്കിലെ വാഷ്‌റൂം ഉപയോഗിക്കുന്നതിനെ ചൊല്ലി റിതുവിന്റെ സഹോദരഭാര്യയും ആസ്ത സിംഗും തമ്മിലുണ്ടായ ചെറിയ അസ്വാരസ്യമാണ് ഒടുവിൽ വലിയ പോരിലേക്ക് വഴിമാറിയത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ആസ്ത സിംഗ് "ഞാൻ താക്കൂർ ആണ്" എന്ന് ആക്രോശിക്കുന്നത് കാണാം. റിതുവിന്റെ ഭർത്താവ് ഋഷി മിശ്ര തന്റെ ജാതി ചോദിച്ചതുകൊണ്ടാണ് താൻ അങ്ങനെ പ്രതികരിച്ചതെന്ന് ആസ്ത അവകാശപ്പെടുന്നു. എന്നാൽ, താൻ ജാതി ചോദിച്ചിട്ടില്ലെന്നും ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ സത്യം വ്യക്തമാകുമെന്നുമാണ് ഋഷി മിശ്രയുടെ വാദം. നിലവിൽ തനിക്ക് വധഭീഷണിയുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.
advertisement
ജോലിഭാരം കാരണം രാജി നൽകിയ തന്നെ ബാങ്ക് അധികൃതർ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് റിതു ത്രിപാഠി ആരോപിക്കുന്നു. ആസ്ത സിംഗ് തന്റെ ഭർത്താവിനെ ഭീഷണിപ്പെടുത്തിയെന്നും തങ്ങളെ മോശക്കാരായി ചിത്രീകരിക്കാൻ വീഡിയോ ബോധപൂർവ്വം പ്രചരിപ്പിച്ചതാണെന്നുമാണ് റിതുവിന്റെ പക്ഷം. എന്നാൽ, ബാങ്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ ഉടൻ റിലീവിംഗ് ലെറ്റർ വേണമെന്ന് റിതു വാശിപിടിച്ചതാണ് തർക്കത്തിന് കാരണമായതെന്ന് ആസ്ത സിംഗ് വാദിക്കുന്നു. വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിലൂടെ തനിക്ക് കടുത്ത അധിക്ഷേപങ്ങളും വധഭീഷണികളും നേരിടേണ്ടി വരുന്നുണ്ടെന്നും അവർ പരാതിപ്പെട്ടു.
സംഭവം രാഷ്ട്രീയവൽക്കരിക്കപ്പെട്ടതോടെ ഇരുവിഭാഗവും നിയമനടപടികളുമായി മുന്നോട്ടുപോവുകയാണ്. സത്യം പുറത്തുകൊണ്ടുവരുന്നതിനായി ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോൾ ശക്തമായിട്ടുണ്ട്.
