എഐ ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് നടത്തിയ ഷർട്ട് ഊരിയുള്ള പ്രതിഷേധത്തെ 'വൃത്തികെട്ട' തന്ത്രമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ യുഗത്തിൽ ഇന്ത്യ ആഗോളതലത്തിൽ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന സമയത്താണ് ഇത്തരമൊരു നീക്കം നടന്നതെന്ന് ചൂണ്ടിക്കാട്ടി. എഐ ഉച്ചകോടി രാജ്യത്തിന് അഭിമാന നിമിഷമായിരുന്നുവെന്നും എന്നാൽ കോൺഗ്രസ് ആ ദേശീയ ആഘോഷത്തെ ഒരു കാഴ്ചവസ്തുവാക്കി മാറ്റാൻ ശ്രമിച്ചുവെന്നും അദ്ദേഹം ന്യൂസ് 18 റൈസിംഗ് ഭാരത് ഉച്ചകോടിയിൽ പറഞ്ഞു. വിദേശ അതിഥികൾക്ക് മുന്നിൽ കോൺഗ്രസ് തങ്ങളുടെ പ്രത്യയശാസ്ത്രപരമായ പാപ്പരത്തമാണ് വെളിപ്പെടുത്തിയതെന്നും അദ്ദേഹം പരിഹസിച്ചു.
advertisement
തുടർച്ചയായ പരാജയങ്ങളിൽ നിന്നുള്ള നിരാശയും അഹങ്കാരവും മനസ്സിനെ കീഴടക്കുമ്പോൾ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന ചിന്തകൾ പുറത്തുവരുമെന്ന് മോദി പറഞ്ഞു. കോൺഗ്രസ് എത്രത്തോളം ഷർട്ട് വലിച്ചുകീറിയാലും തന്റെ സർക്കാർ അതിന്റെ ജോലി തുടർന്നുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷർട്ട് ഊരിയുള്ള പ്രതിഷേധത്തെ മഹാത്മാഗാന്ധിയുമായി താരതമ്യം ചെയ്ത രാഹുൽ ഗാന്ധിയുടെ പരാമർശത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സ്വന്തം തെറ്റുകൾ മറച്ചുവെക്കാൻ കോൺഗ്രസ് എപ്പോഴും ബാപ്പുവിന്റെ പേര് ഉപയോഗിക്കാറുണ്ടെന്നും എന്നാൽ ക്രെഡിറ്റ് എടുക്കേണ്ടി വരുമ്പോൾ ഒരു കുടുംബത്തിന് (നെഹ്‌റു-ഗാന്ധി കുടുംബം) മാത്രം എല്ലാ അംഗീകാരവും നൽകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആർട്ടിക്കിൾ 370, മുത്തലാഖ് നിരോധനം, സ്വച്ഛ് ഭാരത്, വാക്സിൻ, സർജിക്കൽ സ്ട്രൈക്കുകൾ, പുതിയ പാർലമെന്റ് മന്ദിരത്തിലെ അശോക സ്തംഭം എന്നിവയെല്ലാം കോൺഗ്രസ് എതിർത്ത കാര്യങ്ങൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പാർലമെന്റിലെ അശോക സ്തംഭത്തെയും പുതിയ മന്ദിരത്തെയും എതിർത്തവർ സിഎഎ, വനിതാ സംവരണ ബിൽ, യുപിഐ തുടങ്ങിയവയെയും എതിർത്തവരാണെന്ന് അദ്ദേഹം പറഞ്ഞു. അന്ധമായ എതിർപ്പിന്റെ ഈ മനോഭാവം വളർന്നു വരികയാണെന്നും ഒരു വേദിയിലും രാജ്യത്തെ ചെറുതാക്കി കാണിക്കാനുള്ള അവസരം അവർ പാഴാക്കുന്നില്ലെന്നും മോദി കൂട്ടിച്ചേർത്തു.
