രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നാണ് ഇത്തരമൊരു വാര്‍ത്തയെത്തുന്നത്. കോവിഡ് രോഗിയായി 41കാരിയാണ് ആശുപത്രിയിൽ കിടക്ക ലഭിക്കാത്തതിനെ തുടർന്ന് ജീവനൊടുക്കിയത്. റിപ്പോർട്ടുകൾ അനുസരിച്ച് ശ്വാസതടസ്സം അടക്കമുള്ള പ്രശ്നങ്ങളെ തുടർന്ന് ഇക്കഴിഞ്ഞ 12നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. കോവിഡ് പരിശോധന നടത്തിയപ്പോൾ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ തന്നെ അവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
advertisement
പല ആശുപത്രികളിലെത്തിച്ചെങ്കിലും ഒരിടത്തു പോലും കിടക്ക ലഭിച്ചില്ലെന്നാണ് ഇവരുടെ ഭർത്താവ് പറയുന്നത്. കിടക്കാൻ സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി പല ആശുപത്രികളും പ്രവേശനം നിഷേധിക്കുകയായിരുന്നു. ഇതിനെ തുടർന്ന് സ്ത്രീയെ വീട്ടിലേക്ക് തന്നെ തിരികെ കൊണ്ടുവരേണ്ട അവസ്ഥയുണ്ടായി. തൊട്ടടുത്ത ദിവസമാണ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ ഇവരെ കണ്ടെത്തുന്നതെന്നാണ് പൂനെ മിറർ റിപ്പോർട്ട് ചെയ്യുന്നത്.
ആശുപത്രിയിൽ പ്രവേശനം ലഭിക്കാത്തത് ഭാര്യയെ മാനസികമായി തകർത്തിരുന്നു എന്നാണ് മരിച്ച സ്ത്രീയുടെ ഭർത്താവ് പറയുന്നത്. 'കടുത്ത ചുമയും ശ്വാസതടസ്സവും മൂലം വളരെയേറെ പ്രയാസപ്പെട്ടിരുന്നു ഇതിനിടെയാണ് മാനസിക പ്രയാസവും. ഈ കടുത്ത ബുദ്ധിമുട്ടുകളും വച്ചുകൊണ്ട് തന്നെയാണ് പല ആശുപത്രികളും കയറിയിറങ്ങിയതും പ്രവേശനം നിഷേധിക്കപ്പെട്ടതും. ഭാര്യയ്ക്ക് മതിയായ ചികിത്സ ഉറപ്പാക്കാൻ അടുത്ത ദിവസവും ഞാൻ ശ്രമം തുടരുമായിരുന്നു എന്നാൽ അവർ അതിന് കാത്തുനിന്നില്ല' എന്നായിരുന്നു ഇയാളുടെ വാക്കുകൾ.
കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമാണ് സ്ത്രീയുടെ സംസ്കാര ചടങ്ങുകൾ നടന്നത്. അപകടമരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സംഭഷണത്തിൽ അന്വേഷണവും നടത്തുന്നുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി) -048-42448830, മൈത്രി (കൊച്ചി)- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ) -044-24640050, സുമൈത്രി -(ഡല്‍ഹി)- 011-23389090, കൂജ് (ഗോവ)- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)