ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ആർ. മഹാദേവൻ, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് പരാമർശം.1937-ലെ മുസ്‌ലിം വ്യക്തിനിയമത്തിലെ (ശരിയത്ത്) വിവേചനപരമായ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.
പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീകൾക്ക് കുറഞ്ഞ വിഹിതം മാത്രം ലഭിക്കുന്ന അനന്തരാവകാശ നിയമം വിവേചനപരമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി വിധി മുൻനിർത്തി മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ വ്യക്തിനിയമങ്ങളിൽ ഇടപെടാൻ കോടതിക്ക് അധികാരമുണ്ടെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷൺ വാദിച്ചു. അനന്തരാവകാശം ഒരു സിവിൽ കാര്യമാണെന്നും അതിനെ മതസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ കൊണ്ടുവരാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
സ്ത്രീകൾക്ക് നീതി ലഭിക്കണമെന്ന കാര്യത്തിൽ യോജിപ്പുണ്ടെങ്കിലും നിലവിലെ നിയമം റദ്ദാക്കിയാൽ ഉണ്ടാകുന്ന നിയമപരമായ ശൂന്യതയെക്കുറിച്ച് കോടതി ആശങ്ക പ്രകടിപ്പിച്ചു. വ്യക്തമായ മറ്റൊരു നിയമം പകരം വെക്കാനില്ലാതെ ശരിയത്ത് നിയമം റദ്ദാക്കിയാൽ അത് സ്ത്രീകൾക്ക് നിലവിൽ ലഭിക്കുന്ന അവകാശങ്ങൾ പോലും ഇല്ലാതാക്കാൻ കാരണമായേക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. വ്യക്തിനിയമങ്ങളിൽ മാറ്റം വരുത്തുന്നത് നിയമനിർമ്മാണ സഭയുടെ ചുമതലയാണെന്നും ഇതിനുള്ള പോംവഴി ഏകീകൃത സിവിൽ കോഡ് ആണെന്നും ജസ്റ്റിസ് ബാഗ്ചി നിരീക്ഷിച്ചു.
അതേസമയം, വിവേചനപരമായ വ്യവസ്ഥകൾ നീക്കം ചെയ്താൽ പകരം സ്വീകരിക്കാവുന്ന പോംവഴികൾ എന്താണെന്ന് അറിയിക്കാൻ ഹർജിക്കാരോട് കോടതി നിർദ്ദേശിച്ചു. കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി.
